പ്രൈം വോളിബാൾ ലീഗിൽ തിങ്കളാഴ്ച നടന്ന ബംഗളൂരു ടോർപ്പിഡോസ് ചെന്നൈ ബ്ലിറ്റ്സ് മത്സരത്തിൽനിന്ന്

പ്രൈം വോളി: ചെന്നൈ ബ്ലിറ്റ്‌സിനെ കീഴടക്കി ബംഗളൂരു ടോർപിഡോസ്‌, തുടർച്ചയായ നാലാം ജയത്തോടെ ഒന്നാമത്‌

ഹൈദരാബാദ്: പ്രൈം വോളിബാള്‍ ലീഗ് നാലാം സീസണില്‍ തുടർച്ചയായ നാലാം ജയത്തോടെ ബംഗളൂരു ടോർപിഡോസ്‌ ഒന്നാമത്‌. നാല്‌ സെറ്റ്‌ കളിയിൽ ചെന്നൈ ബ്ലിറ്റ്‌സിനെയാണ്‌ കീഴടക്കിയത്‌. ജോയെൽ ബെഞ്ചമിനാണ്‌ കളിയിലെ താരം. സ്‌കോർ: 17–15, 14–16, 17–15, 16–14.

ജെറോം വിനീതും ലൂയി ഫിലിപെ പെറോറ്റോയും മികച്ച തുടക്കമാണ്‌ ചെന്നൈക്ക്‌ നൽകിയത്‌. വളരെ വേഗത്തിൽ അവർ പോയിന്റുകൾ നേടി. തരുൺ ഗ‍ൗഡ സെറ്റർ സമീറുമായി ചേർന്ന്‌ ചെന്നൈയുടെ ആക്രമണം കരുത്തുറ്റതാക്കി. എന്നാൽ ജോയെലിന്റെയും സേതുവിന്റെയും പ്രത്യാക്രമണങ്ങളിലൂടെയായിരുന്നു ബംഗളൂരുവിന്റെ തിരിച്ചുവരവ്‌. പ്രതിരോധത്തിലും അവർ മിന്നി. മുജീബും ജിഷ്‌ണുവും നിതിൻ മൻഹാസും ചേർന്ന്‌ കളി ബംഗളൂരുവിന്റെ വരുതിയിലാക്കി.

പ്രതിരോധം ശക്തമായതോടെ പോയിന്റുകൾ നേടാൻ ചെന്നൈ കഷ്ടപ്പെട്ടു. ബംഗളൂരുവിനായി ലിബെറോ മിഥുൻ കുമാറാണ്‌ മികച്ച പ്രതിരോധം പുറത്തെടുത്തത്‌. അതേസമയം, ക്യാപ്‌റ്റൻ മാത്യു വെസ്‌റ്റ്‌ മികച്ച പാസുകളിലൂടെ ലക്ഷ്യം നേടുകയും ചെയ്‌തു. ചെന്നൈയുടെ ആശ്രയം എല്ലായ്‌പ്പോഴും പോലെ ജെറോമും പെറോറ്റോയുമായിരുന്നു. അവരിലൂടെ ചെന്നൈ തിരിച്ചുവരവ്‌ കണ്ടു. ബംഗളൂരുവിന്റെ ഒന്നുരണ്ട്‌ പിഴവുകളും അതിന്‌ സഹായകരമായി.

ബ്ലോക്കർ ആദിത്യ റാണയുടെ സാന്നിധ്യം ചെന്നൈക്ക്‌ ആത്മവിശ്വാസം പകർന്നു. ഇതോടെ ചെന്നൈ കളി പിടിക്കാൻ തുടങ്ങി. പക്ഷേ, പെന്റോസിന്റെ നിർണായക സമയത്തുള്ള പോയിന്റ്‌ ബംഗളൂരുവിനെ കളിയിലേക്ക്‌ തിരിച്ചുകൊണ്ടുവരികയായിരുന്നു. രണ്ട്‌ തവണ റിവ്യൂ സമർഥമായി ഉപയോഗിച്ച്‌ ഡേവിഡ്‌ ലീയുടെ സംഘം മുന്നേറി. ലീഡ്‌ വിട്ടുകൊടുത്തില്ല. കളി പുരോഗമിക്കുംതോറും പെന്റോസും മുന്നേറി. ഒടുവിൽ കളി 3–1ന്‌ ബംഗളൂരുവിന്റെ പേരിലാകുകയും ചെയ്‌തു.

ചൊവ്വാഴ്ച രണ്ട്‌ മത്സരങ്ങളാണുള്ളത്. ആദ്യ കളിയിൽ വൈകിട്ട്‌ 6.30ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്‌ മുംബൈ മിറ്റിയോഴ്‌സിനെ നേരിടും. ഒരു ജയം മാത്രമുള്ള കൊച്ചിക്ക്‌ മത്സരം നിർണായകമാണ്‌. ആദ്യ കളി ജയിച്ചശേഷം മൂന്നിലും തോൽവിയായിരുന്നു ഫലം. ഒമ്പതാംസ്ഥാനത്താണ്‌ ടീം. രാത്രി 8.30ന്‌ കൊൽക്കത്ത തണ്ടർബോൾട്ട്‌സും ഗോവ ഗാർഡിയൻസും ഏറ്റുമുട്ടും.

Tags:    
News Summary - Prime Volley: Bengaluru Torpedoes defeat Chennai Blitz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.