തങ്കത്തട്ടിൽ കേരളം: 11 സ്വ​ർ​ണം; ക​ള​രി​പ്പ​യ​റ്റി​ൽ തൂ​ത്തു​വാ​രി

കംപാൽ (ഗോവ): കളരിയിൽ കേരളത്തിന്റെ പൊൻപയറ്റ്. ദേശീയ ഗെയിംസിൽ അരങ്ങേറ്റം കുറിച്ച കളരിപ്പയറ്റ് കേരളത്തിന് തങ്കത്തട്ടായപ്പോൾ ചൊവ്വാഴ്ച ലഭിച്ചത് 11 സ്വർണം. വ്യക്തിഗത ഇനങ്ങളിൽ ഏഴും ടീം ഇനങ്ങളിൽ നാല് സ്വർണവുമാണ് അടിതെറ്റാതെ അങ്കത്തട്ടിൽനിന്ന് മലയാളി താരങ്ങൾ നേടിയെടുത്തത്. കളരിത്തറയിലെ മുഴുവൻ സ്വർണവും തൂത്തുവാരിയ കേരളത്തിന്, ഇതിനൊപ്പം കനോയിങ്ങിലും കയാക്കിങ്ങിലുമായി രണ്ടു സ്വർണവും ജൂഡോയിൽ ഒരു വെള്ളിയും ലഭിച്ചു. 13 സ്വർണവും ഒരു വെള്ളിയുമടക്കം 14 മെഡലുകൾ നേടിയതോടെ ദേശീയ ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ ദിനമായി മാറി. കേരളത്തിന്റെ മൊത്തം സ്വർണനേട്ടം 28 ആയി ഉയർന്നു. ഇതിനൊപ്പം 21 വെള്ളിയും 23 വെങ്കലവും അക്കൗണ്ടിലുള്ള കേരളം ആറാം സ്ഥാനത്തേക്കുയർന്നു.

ഗെയിംസ് അവസാനിക്കാൻ രണ്ട് ദിനം മാത്രം ശേഷിക്കെ 70 സ്വർണവുമായി മഹാരാഷ്ട്രയാണ് മുന്നിൽ. 55 സ്വർണവുമായി സർവിസസ് രണ്ടാമതും 50 സ്വർണവുമായി ഹരിയാന മൂന്നാമതുമാണ്.

ഇത്തവണ ദേശീയ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ കേരളത്തിന്റെ തനത് ആയോധന അഭ്യാസമുറയായ കളരിപ്പയറ്റിൽ 14 സംസ്ഥാനങ്ങളാണ് പോരിനിറങ്ങിയത്. എന്നാൽ, കേരളത്തിന്റെ മുറകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ഇവർക്കായില്ല. മത്സരം നടന്ന 11 ഇനങ്ങളിലും മലയാളിസംഘം ജേതാക്കളായി. വ്യക്തിഗത വിഭാഗത്തിൽ വനിതകളുടെ മെയ്പയറ്റിൽ അനശ്വര മുരളീധരൻ, പരുഷന്മാരുടെ ചുവടുകളിൽ അദ്വൈത് പി. സോമൻ, വനിതകളിൽ വേദിക വി.നമ്പ്യാർ, ആൺകുട്ടികളുടെ ഉറുമി വീശലിൽ അദ്വൈത് പി. സോമൻ, വനിതകളിൽ ഇ.കെ. നന്ദന, പൊതുവിഭാഗം കൈപ്പോരിൽ ബിലാൽ അബ്ദുൽ ലത്തീഫ്, ആൺകുട്ടികളുടെ മെയ്പയറ്റിൽ കെ.എ. അഭിരാം എന്നിവരാണ് കളരിത്തട്ടിൽനിന്ന് കേരളത്തിന്റെ മെഡല്‍ പട്ടികയിലേക്ക് സ്വർണമെത്തിച്ചത്.

വനിതകളുടെ വാള്‍പയറ്റില്‍ ബി. ഹന ഷെറിൻ-ഫാത്തിമ നിഷ്‌ന, കെട്ടുകാരിയില്‍ സി. ചഞ്ചന -സി.എം. ദേവിക ദീപക്, പുരുഷവിഭാഗം കെട്ടുകാരിയില്‍ എം.എം. വിനായക്-കെ.പി. ആനന്ദ്, വാള്‍പയറ്റില്‍ എ.കെ. അജീഷ്, ഒ.ജി. ഗോകുല്‍ എന്നിവരാണ് ടീമിനത്തിൽ കേരളത്തിനായി സുവർണനേട്ടം സ്വന്തമാക്കിയത്. ബുധനാഴ്ച ഇനി 11 ഇനങ്ങളിൽ കൂടി മത്സരം നടക്കും. വനിതകളുടെ കയാക്കിങ് 200 മീ. ജി. പാർവതിയും കനോയിങ്‍ 200 മീറ്ററിൽ മേഘ പ്രദീപുമാണ് ഓളപ്പരപ്പിൽനിന്ന് സ്വർണം എത്തിച്ചത്. വനിതകളുടെ ജൂഡോ 52 കിലോ വിഭാഗത്തിൽ എൻ.ബി. സനീഷ വെള്ളി നേട്ടവും സ്വന്തമാക്കി.

Tags:    
News Summary - National Games: 11 gold for Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.