നദാലിനായി ചരിത്രം വഴിമാറിയില്ല; അൽകാരസ് തന്നെ ഒന്നാം നമ്പർ

ലണ്ടൻ: ഇതിഹാസതാരം പീറ്റ് സാംപ്രാസ് ഏറെയായി കൈവശംവെക്കുന്ന അപൂർവ റെക്കോഡ് കൂടി തന്റെ പേരിലേക്ക് ചേർക്കാമെന്ന സ്പാനിഷ് താരം റാഫേൽ നദാലിന്റെ മോഹങ്ങൾ എ.ടി.പി ഫൈനൽസിൽ വീണുടഞ്ഞു. ഇറ്റാലിയൻ നഗരമായ ടൂറിനിൽ എ.ടി.പി ഫൈനൽസിലെ നിർണായക മത്സരത്തിൽ കാസ്പർ റൂഡ് അമേരിക്കൻ എതിരാളിയായ ടെയ്‍ലർ ഫ്രിറ്റ്സിനെ വീഴ്ത്തിയതോടെയാണ് നദാൽ പുറത്താകുന്നതും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാമെന്ന മോഹം പൊലിയുന്നതും.

ഇതേ ഗ്രൂപിലെ ആദ്യ പോരാട്ടങ്ങളിൽ നേരത്തെ നദാൽ ഫ്രിറ്റ്സിനോടും ഫെലിക്സ് ഓഗർ അലിസിമെയോടും തോറ്റിരുന്നു. അവസാന മത്സരത്തിൽ റൂഡിനെതിരെ ഫ്രിറ്റ്സ് ജയം കണ്ടാൽ മാത്രമായിരുന്നു നദാലിന് അടുത്ത റൗണ്ടിലേക്ക് നേരിയ സാധ്യത. അതും അവസാനിച്ചതോടെയാണ് നാട്ടുകാരനായ കൗമാരക്കാരൻ കാർലോസ് അൽകാരസ് തന്നെ സീസൺ അവസാനത്തിൽ ഒന്നാം സ്ഥാനത്തെന്ന് ഉറപ്പായി. വെല്ലുവിളിയാകേണ്ട മറ്റൊരു താരം സിറ്റ്സിപ്പാസ് കഴിഞ്ഞ ദിവസം ദ്യോകോവിച്ചിനു മുന്നിലും അടിയറവു പറഞ്ഞിരുന്നു.

സീസൺ അവസാനത്തിൽ ഒന്നാം സ്ഥാനമെന്ന പദവി അഞ്ചു വർഷം നദാലിനൊപ്പമായിരുന്നു. നേരത്തെ ആറു സീസണിൽ ഒന്നാമനായി ഈ വിഭാഗത്തിൽ റെക്കോഡ് സാംപ്രാസിന്റെ പേരിലാണ്. ഇൗ വർഷം അത് തിരുത്താനാകുമെന്നായിരുന്നു നദാലിന്റെ പ്രതീക്ഷ. എന്നാൽ, രണ്ടു മാസത്തെ ഇടവേളക്കു ശേഷം തിരിച്ചുവരാനുള്ള മോഹങ്ങൾ എവിടെയുമെത്താതെ അവസാനിക്കുകയായിരുന്നു.

കഴിഞ്ഞ യു.എസ് ഓപൺ കിരീടത്തോടെയാണ് ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പറുകാരൻ എന്ന അപൂർവതയുമായി അൽകാരസ് ടെന്നിസ് റാങ്കിങ്ങിൽ ആദ്യ സ്ഥാനത്തേക്ക് ഉയർന്നത്. പരിക്കേറ്റ് പുറത്തായതിനാൽ ഇത്തവണ എ.ടി.പി ഫൈനൽസിൽ അൽകാരസ് കളിക്കുന്നില്ല. എന്നിട്ടും, റാങ്കിങ്ങിൽ താഴോട്ടുപോകാനാ​കാതെ നിലനിൽക്കുന്നത് താരത്തിന് ആത്‍മവിശ്വാസം ഇരട്ടിയാക്കും. 

Tags:    
News Summary - Nadal eliminated from ATP Finals, Alcaraz to finish year at No. 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.