ദുബൈ: ഒളിമ്പിക്സിലെ ഇടിക്കൂട്ടിൽ മുഴങ്ങിയ ഗർജനം ഏഷ്യൻ യൂത്ത് ആൻഡ് ജൂനിയൻ ബോക്സിങ് ചാമ്പ്യൻഷിപ്പിലും ആവർത്തിച്ച ഇന്ത്യക്ക് മെഡൽക്കൊയ്ത്ത്. അവസാന ദിവസം ആറു സ്വർണവും ഒമ്പതു വെള്ളിയും അഞ്ചു വെങ്കലവുമായി ഇന്ത്യ 39 മെഡലുകളാണ് വാരിക്കൂട്ടിയത്. ഇതാദ്യമായാണ് യൂത്ത് വിഭാഗവും ജൂനിയർ വിഭാഗവും ഒന്നിച്ച് മത്സരം നടത്തിയത്. ജൂനിയർ വിഭാഗത്തിൽ എട്ടു സ്വർണവും അഞ്ചു വെള്ളിയും ആറു വെങ്കലവും അടക്കം 19 മെഡൽ നേടിയ ഇന്ത്യക്കായി യൂത്ത് വിഭാഗത്തിൽ അവസാന ദിവസം ബോക്സർമാർ 20 മെഡലുകൾ ഇടിച്ചിടുകയായിരുന്നു.
പ്രീതി ദഹിയ (60 കിലോ), സ്നേഹകുമാരി (66 കിലോ), ഖുഷി (75 കിലോ) നേഹ (54 കിലോ) എന്നിവരാണ് വനിത വിഭാഗത്തിൽ ചൊവ്വാഴ്ച സ്വർണമെഡൽ നേടിയത്. പുരുഷ വിഭാഗത്തിൽ ബിശ്വാമിത്ര ചോങ്തം (51 കിലോ), വിശാൽ (80 കിലോ) എന്നിവരും സ്വർണം നേടി.
പ്രീതി (57 കിലോ), ഖുഷി (63 കിലോ), തനിഷ സന്ധു (81 കിലോ), ദിവേദിത (48 കിലോ), തമന്ന (50 കിലോ) സിമ്രാൻ (52 കിലോ) എന്നിവർ വനിത വിഭാഗത്തിൽ വെള്ളി നേടി. പുരുഷവിഭാഗത്തിൽ വിശ്വനാഥ് സുരേഷ് (48 കിലോ), വൻഷാജ് (63 കിലോ) ജയദീപ് റാവത് (71 കിലോ) എന്നിവരും വെള്ളി നേടി.
പുരുഷവിഭാഗത്തിൽ ദക്ഷ് (67 കിലോ), ദീപക് (75 കിലോ), അഭിമന്യു (92 കിലോ), അമൻസിങ് ബിഷ്തും (92+ കിലോ) എന്നിവരും വനിതകളിൽ ലഷു യാദവും (70 കിലോ) വെങ്കലം നേടി.
കഴിഞ്ഞ തവണ മംഗോളിയയിലെ ഉലാൻബാത്തറിൽ നടന്ന യൂത്ത് ചാമ്പ്യൻഷിപ്പിൽ അഞ്ചു സ്വർണമടക്കം 12 മെഡലുകളായിരുന്നു ഇന്ത്യ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.