വിദിത് ഗുജറാത്തി- നകാമുറ മത്സരത്തിൽനിന്ന്
കാൻഡിഡേറ്റ്സ് ചെസ്: വിദിതിനും ഗുകേഷിനും ജയം
ലണ്ടൻ: ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിദിത് ഗുജറാത്തിക്കും ഡി. ഗുകേഷിനും ജയം. വിദിത് അമേരിക്കൻ താരം ഹികാരു നകാമുറയെ വീഴ്ത്തിയപ്പോൾ സ്വന്തം നാട്ടുകാരനായ പ്രഗ്നാനന്ദയെയാണ് ഗുകേഷ് മറികടന്നത്. തുടക്കം മുതൽ കളംഭരിച്ച വിദിതിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഉഴറിയായിരുന്നു നകാമുറയുടെ തോൽവി. അതേസമയം, ചെന്നൈക്കാരുടെ കളിയിൽ ആക്രമണോത്സുകമായി കളിച്ച് കരുക്കൾ കളഞ്ഞുകുളിച്ച പ്രഗ്നാനന്ദ ഗുകേഷിനു മുന്നിലും മുട്ടുമടക്കി. സമനിലയിൽ കുരുങ്ങിയ ആദ്യ ദിവസത്തിനു ശേഷം രണ്ടാം റൗണ്ടിൽ നാലു ബോർഡുകളിലെ മത്സരങ്ങളും ജയവും തോൽവിയും കുറിക്കുന്നതായി. നിലവിലെ ചാമ്പ്യൻ ഇയാൻ നെപ്പോംനിയാഷി അലിറിസ ഫൈറൂസ്ജായേയും ഫാബിയാനോ കരുവാന നിജാത് അബാസോവിനെയും വീഴ്ത്തി. ഏറ്റവും മികച്ച കളി കണ്ടത് നകാമുറക്കെതിരെ വിദിതിന്റെതായിരുന്നു.
അതേ സമയം, പ്രഗ്നാനന്ദയുടെ തോൽവിക്കു പിറകെ സഹോദരി ആർ. വൈശാലി വനിതകളിലും തോൽവി വഴങ്ങിയത് ഞെട്ടലായി. കഴിഞ്ഞ വർഷം അട്ടിമറിച്ച ചൈനീസ് താരം ടാൻ സോങ്കിയാണ് താരത്ത വീഴ്ത്തി ഒരു വർഷത്തിനു ശേഷം പ്രതികാരം വീട്ടിയത്. രണ്ടാമത്തെ കളിയിൽ ഇന്ത്യയുടെ കൊനേരു ഹംപി കരുത്തയായ എതിരാളി കാതറീന ലാഗ്നോയുമായി സമനിലയിൽ പിരിഞ്ഞു. ടോപ് സീഡ് അലക്സാണ്ട്ര ഗോറിച്കിന അന്ന മുസിചുകിനെയും നിലവിലെ ചാമ്പ്യൻ ലി ടിങ്ജി ഏറ്റവും താഴെയുള്ള നൂർഗയി സലീമോവയെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.