സംസ്ഥാന സ്കൂൾ കായികമേള സീനിയർ ബോയ്സ് കളരിപ്പയറ്റ് നെടുവടി പയറ്റിൽ സ്വർണം നേടിയ കണ്ണൂർ മട്ടന്നൂർ
എച്ച്.എസ്.എസിലെ ഭഗത് കെ. ജനൻ-അതിരത് സുജിത് ടീമിന്റെ പ്രകടനം
തിരുവനന്തപുരം:സെൻട്രൽ സ്റ്റേഡിയത്തിലെ ജർമൻ നിർമിത പന്തലിനുള്ളിലെ റബ്ബർ മാറ്റ് കളരിയഭ്യാസത്തിന് വേദിയായി. അങ്കച്ചേകവന്മാരും ഉണ്ണിയാർച്ചകളും ചുവന്ന പട്ടുകച്ച മുറുക്കി അങ്കത്തട്ടിലെത്തിയതോടെ സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിലെ ആദ്യ കളരി മത്സരങ്ങൾക്ക് കുട്ടി അഭ്യാസികൾ നിരന്നു. മെയ് വഴക്കവും വേഗവും ശരീര താളവുമായി കൗമാരതാരങ്ങൾ ചുവടുറപ്പിച്ചു. ആരും അങ്കക്കലി പൂണ്ടില്ല. കാരണം ഇവിടെ ബോക്സിങ്ങോ കരാട്ടെയോ പോലെ എതിരാളികളെ തോൽപ്പിച്ച് ജയിക്കുന്ന മത്സരരീതിയല്ല. ജിംനാസ്റ്റിക്സ് പോലെ സ്വയം പ്രകടനം നടത്തുകയും ജൂറിമാർ മികച്ച പ്രകടനത്തിന് മെഡലുകൾ നിശ്ചയിക്കുന്നതുമാണ് രീതി.
സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇതാദ്യമായി എത്തിയ കളരിപ്പയറ്റ് മത്സരം ആവേശം തീർക്കുന്നതായിരുന്നു. സ്പോർട്സ് കളരി അസോസിയേഷനായിരുന്നു മത്സരങ്ങൾ നടത്തിയത്. ചുവട്, മെയ്പയറ്റ്, വടിപ്പയറ്റ് മത്സരങ്ങളാണ് അരങ്ങേറിയത്. കുട്ടികളുടെ സൗകര്യത്തിനായി ചില മാറ്റങ്ങൾ വരുത്തിയാണ് കളരിപ്പയറ്റ് മത്സര ഇനമാകുന്നത്. മെയ്പയറ്റിന് രണ്ടും ചുവടിന് ഒന്നരയും വടിപ്പയറ്റിന് ഒരു മിനിറ്റുമായിരുന്നു സമയം.
മെയ്പയറ്റിൽ സ്വർണം നേടിയ എൻ. അതുൽ രാജ് (പി.എം.ജി.എച്ച്.എസ്.എസ് പാലക്കാട്)
ആദ്യ ദിനം സീനിയർ വിഭാഗം മത്സരങ്ങളാണ് നടത്തിയത്. മെയ്പയറ്റിൽ നില, നീക്കം, പ്രയോഗം, പ്രതിരോധം തുടങ്ങിയവയാണ് ജൂറി വിലയിരുത്തുക. കളരിയുടെ ആദ്യ ചുവടായ ചുവടിൽ സ്വയം രക്ഷയും ആക്രമണം, മെയ് വഴക്കം എന്നിവയിലൂന്നിയാണ് പ്രകടനം. ചുവടില്‍ മൂന്നു ഒറ്റച്ചുവടും രണ്ടുകൂട്ടച്ചുവടുമാണ് ഉള്‍പ്പെടുന്നത്. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള മെയ്പയറ്റില്‍ വടിവുകള്‍,കാലുകള്‍, മറിച്ചില്‍ ഇവ ഉള്‍പ്പെടുന്നു. വടിപ്പയറ്റിൽ ഒരു ടീമിലെ രണ്ട് പേർ പരസ്പരം ഒരു മിനിറ്റ് സമയത്തിനുള്ളിൽ വടിപ്രയോഗം നടത്തും.
ദേശീയതലത്തിൽ സമ്മാനങ്ങൾ സ്വന്തമാക്കിയവർ സംസ്ഥാന കായികമേളയിലും മികച്ചു നിന്നു. ആദ്യം നടന്ന പെൺകുട്ടികളുടെ ചുവടിൽ ആതിഥേർക്കായിരുന്നു സ്വർണം. കരമന ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥിനി ഗോപിക എസ് മോഹനാണ് ഒന്നാമതെത്തിയത്. കളരി അഭ്യാസത്തിൽഅഞ്ച് തവണ ദേശീയ ചാമ്പ്യനായിരുന്നു ഗോപിക. ആൺകുട്ടികളുടെ മെയ്പയറ്റിൽ പാലക്കാട് പി.എം.ജി.എച്ച്.എസ്എസിലെ എൻ. അതുൽ രാജിനാണ് സ്വർണം. പ്ലസ് ടു വിദ്യാർഥിയായ അതുൽ കളരിപ്പയറ്റ് ഫെഡറേഷന്റെ ദേശീയ ഗെയിംസിൽ നാല് തവണ സ്വർണ്ണം നേടിയിട്ടുണ്ട്.
സീനിയർ ഗേൾസ് ചുവടിൽ സ്വർണം നേടിയ ഗോപിക എസ്. മോഹൻ (ജി.ജി.എച്ച്.എസ്.എസ് കരമന, തിരുവനന്തപുരം)
നാല് വയസ് മുതൽ കളരി അഭ്യസിക്കുന്ന അതുലിന്റെ പിതാവ് ഡി.നടരാജൻ കളരി അഭ്യാസിയാണ്. കൈരളി കളരി സംഘത്തിലെ ശരൺ.എസ്, വരുൺ എസ് എന്നീ ഗുരുക്കൻമാരുടെ കീഴിലാണ് പഠനം. ആൺകുട്ടികളുടെ മെയ്പയറ്റിൽ മലപ്പൂറം പൂക്കോട്ടൂർ ജി.എച്ച്.എസ്.എസിലെ പി. മുഹമ്മദ് ഷാഹിൽ സ്വർണം നേടി. രണ്ടുപേർ വീതം മത്സരിക്കുന്ന വടിപയറ്റിൽ ആൺകുട്ടികളിൽ കണ്ണൂർ ഒന്നാമതായി. തൃശുർ രണ്ടാമതും കോഴിക്കോട് മൂന്നാമതുമായി. പെൺകുട്ടികളുടെ മെയ്പയറ്റിൽ കണ്ണൂരിന്‍റെ അബിന ബാബുവിനാണ് സ്വർണം. വടിപയറ്റിൽ കണ്ണൂർ ഒന്നാമതായി. കോഴിക്കോടും മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.