യുവാൻ ലപ്പോർട്ട
മഡ്രിഡ്: കുഞ്ഞുനാളിലേ ഹൃദയം സമ്മാനിച്ച് പതിറ്റാണ്ടുകൾ പന്തുതട്ടിയ കാറ്റലോണിയൻ കളിമുറ്റത്തേക്ക് മെസ്സിയെ സ്വാഗതം ചെയ്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് യുവാൻ ലപ്പോർട്ട. പ്രസിഡന്റ് തെരഞ്ഞെടുപ്പ് 68.1 ശതമാനം വോട്ടോടെ ജയിച്ച് പദവി നിലനിർത്തിയ ഉടനാണ് മെസ്സിയെ വരവേറ്റ് പ്രശംസ കൊണ്ട് മൂടിയത്.
‘‘ലിയോ ആഗ്രഹിക്കുന്ന ഏത് നിലക്കും ബാഴ്സയുമായി ചേർന്നുനിൽക്കാം. ബാഴ്സയുടെ വാതായനങ്ങൾ എപ്പോഴും അദ്ദേഹത്തിനായി തുറന്നിട്ടിരിക്കുകയാണ്. എപ്പോൾ അദ്ദേഹം ആഗ്രഹിക്കുന്നോ അപ്പോൾ ടീമിലെത്തി ബാഴ്സക്ക് കരുത്താകാനും ഈ പ്രസ്ഥാനത്തെ കൂടുതൽ മഹത്തരമാക്കാനും വരാം. താരത്തിന് ആദരം നൽകി ഒരു മത്സരം വേണം. ഒരു പ്രതിമയും സ്ഥാപിക്കണം. ഈ സ്റ്റേഡിയത്തിൽ ലാഡിസ്ലാവോ കുബാലക്കും ജൊഹാൻ ക്രൈഫിനും മാത്രമേ പ്രതിമകളുള്ളൂ’’- ലപ്പോർട്ട പറഞ്ഞു.
നേരത്തെ ബാഴ്സ ക്ലബ് സാമ്പത്തിക കുരുക്കിലാകുകയും താരത്തെ നിലനിർത്തൽ പ്രയാസമാകുകയും ചെയ്ത ഘട്ടത്തിൽ ലപ്പോർട്ടയും മെസ്സിയും തമ്മിൽ അഭിപ്രായ വ്യത്യാസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മുൻനിര താരങ്ങളിൽ പലരും കൊഴിഞ്ഞുപോയ ഈഘട്ടം പിന്നിട്ട് വീണ്ടും കരുത്താർജിക്കുകയാണ് ബാഴ്സയിപ്പോൾ.
നീണ്ട കരിയറിനൊടുവിൽ അന്ന് ബാഴ്സ വിട്ട മെസ്സി പി.എസ്.ജിയിലേക്ക് ചേക്കേറി. അവിടെയും കരിയർ അവസാനിപ്പിച്ച് 38കാരനിപ്പോൾ എം.എൽ.എസിൽ ഇന്റർ മിയാമിക്കൊപ്പം പന്തുതട്ടുകയാണിപ്പോൾ. മെസ്സി കൂടെയുണ്ടായിരിക്കെ യൂറോപിലെ ഏറ്റവും താരമൂല്യമുള്ള ടീമുകളിലൊന്നായിരുന്ന ബാഴ്സ തുടർച്ചയായി ലാ ലിഗ ചാമ്പ്യന്മാരും യുവേഫ ചാമ്പ്യൻസ് ലീഗിലടക്കം കിരീടജേതാക്കളുമായിരുന്നു. 10 ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗ് ട്രോഫിയും ടീം നേടി. 778 കളികളിലായി 672 ഗോളുകളാണ് മെസ്സി നേടിയത്, ടീമിന്റെ സർവകാല റെക്കോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.