മക്ലാരൻ ടീം അംഗങ്ങളായ ലാൻഡോ നോറിസും ഓസ്കാർ പിയസ്ട്രിയും
മനാമ: ഫോർമുല വൺ വേഗപ്പോരിൽ രാജ്യത്തിന്റെ ഖ്യാതി വീണ്ടും ഉയർത്തി മക്ലാരൻ. ഫോർമുല വൺ കൺസ്ട്രക്ടേഴ്സ് ചാമ്പ്യൻഷിപ് കിരീടം രണ്ടാം തവണയും സ്വന്തമാക്കിയാണ് മക്ലാരൻ ടീം ബഹ്റൈനെ ലോകത്തിന്റെ നെറുകയിൽ അടയാളപ്പെടുത്തിയത്. സിംഗപ്പൂർ ഗ്രാൻഡ് പ്രിക്സിലെ മികച്ച പ്രകടനമാണ് മക്ലാരനെ കിരീടത്തിലേക്ക് നയിച്ചത്. ബഹ്റൈന്റെ മുംതലക്കാത്താണ് മക്ലാരൻ ടീമിന്റെ ഉടമസ്ഥർ.
മക്ലാരൻ മത്സരത്തിനിടെ
വെല്ലുവിളികൾ നിറഞ്ഞ സിംഗപ്പൂർ മറീന ബേ സ്ട്രീറ്റ് സർക്യൂട്ടിൽ നടന്ന വാശിയേറിയ മത്സരത്തിൽ മക്ലാരൻ ഡ്രൈവർമാർ മൂന്നും നാലും സ്ഥാനങ്ങൾ സ്വന്തമാക്കി. ബ്രിട്ടീഷ് ഡ്രൈവറായ ലാൻഡോ നോറിസ് മൂന്നാം സ്ഥാനം നേടിയപ്പോൾ, ഓസ്ട്രേലിയൻ സഹതാരം ഓസ്കാർ പിയസ്ട്രി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
സിംഗപ്പൂർ ഗ്രാൻഡ് പ്രിക്സിലൂടെ നേടിയ 27 പോയന്റുകളടക്കം ആകെ ഈ സീസണിൽ 650 പോയന്റാണ് മക്ലാരൻ നേടിയത്. സീസണിൽ ആറ് റേസുകൾ ശേഷിക്കെ, തൊട്ടടുത്ത എതിരാളികളെക്കാൾ 327 പോയന്റിന്റെ ആധികാരിക ലീഡാണ് മക്ലാരനുള്ളത്.
ഡ്രൈവർമാരുടെ പോയന്റ് നിലയിലും മക്ലാരന്റെ ആധിപത്യമാണ്. ഓസ്കാർ പിയസ്ട്രി 336 പോയൻറുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, ലാൻഡോ നോറിസ് 314 പോയൻറുമായി തൊട്ടുപിന്നിലുണ്ട്. ഈ സീസണിലാകെ മക്ലാരൻ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഇത് വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.