എച്ച്.എസ്. പ്രണോയ്
ക്വാലാലംപുർ: പിഴവുകളേറെ വരുത്തി പരാജയം ചോദിച്ചുവാങ്ങി എച്ച്.എസ്. പ്രണോയ്. മൂന്നു സെറ്റ് നീണ്ട മലേഷ്യ മാസ്റ്റേഴ്സ് സെമിയിലാണ് ഹോങ്കോങ്ങിന്റെ എൻജി കാ ലോ ആംഗസിനോട് തോറ്റ് പ്രണോയ് പുറത്തേക്ക് വഴിതുറന്നത്.
സ്കോർ: 21-17 9-21 17-21. ആദ്യ സെറ്റിൽ ആദ്യവസാനം ലീഡ് നിലനിർത്തി ആധികാരികമായി സെറ്റ് സ്വന്തമാക്കിയ താരം പിന്നീടും അതേ വീര്യത്തോടെ തുടക്കംകുറിച്ചെങ്കിലും 'ഹൈവോൾട്ടേജ്' കളിയിൽ ചുവടുപിഴക്കുകയായിരുന്നു.
പലപ്പോഴും അശ്രദ്ധമായ സ്മാഷുകൾ പുറത്തേക്കു പറന്നും എതിരാളിക്ക് തളികയിലെന്നപോലെ നൽകിയും രണ്ടാം സെറ്റ് കളഞ്ഞുകുളിച്ച പ്രണോയ് മൂന്നാം സെറ്റിൽ തിരിച്ചുപിടിക്കാൻ അറ്റകൈ നടത്തി നോക്കിയെങ്കിലും ഹോങ്കോങ് താരത്തിനു മുന്നിൽ വിലപ്പോയില്ല.
കഴിഞ്ഞ ദിവസം ക്വാർട്ടറിൽ ജപ്പാന്റെ കാന്റ സുനിയാമയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയായിരുന്നു പ്രണോയ് അവസാന നാലിൽ ഇടം കണ്ടെത്തിയത്. അതേ കളിമികവ് സെമിയിൽ പുറത്തെടുക്കാൻ മറന്നതോടെ അവസാന ചിരി എൻജി കാ ലോ ആംഗസിന്റെതാകുകയായിരുന്നു. വനിതകളിൽ പി.വി. സിന്ധു കഴിഞ്ഞ ദിവസം മടങ്ങിയതിനാൽ അവസാന പോരാട്ടങ്ങളിൽ ഇന്ത്യൻ സാന്നിധ്യമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.