കൊച്ചി: ഒരു പന്തിനു ചുറ്റും ലോകം കറങ്ങുന്നതു കൺനിറയെ കാണാൻ, കാൽപന്തിനെ നെഞ്ചോടു ചേർക്കാൻ എറണാകുളത്തുകാർക്കിതാ ഒരു സുവർണ കാലം. കൊച്ചിയിൽ ഇനി കുറെ നാൾ കാൽപ്പന്തു കളിയുടെ സുന്ദരനാളുകളാണ്.
ഈ വരുന്ന 14 മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പ്, അതു കഴിഞ്ഞ് സൂപ്പർലീഗ് കേരളയുടെ മത്സരങ്ങൾ, ഇതെല്ലാം കഴിഞ്ഞ് കേരളക്കരയൊന്നാകെ കാത്തിരിക്കുന്ന സാക്ഷാൽ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയും കൂട്ടരും നയിക്കുന്ന അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമാകുമെന്നുറപ്പുള്ള, ഫുട്ബാൾ ആരാധകരെ ത്രസിപ്പിക്കുന്ന മത്സരം...ഇങ്ങനെയിങ്ങനെ ഒരു ശരാശരി ഫുട്ബാൾ പ്രേമിക്ക് ഇനി കൊച്ചിയിൽ ഉത്സവകാലമാണ് വരാനിരിക്കുന്നത്.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊച്ചി സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയൊരുക്കുന്നത്. ഡി.എഫ്.എയുടെ കീഴിൽ ഡ്രീംസ് എഫ്.സി കൊച്ചിയാണ് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുക. 14ന് രാവിലെ 7.30ന് ഉദ്ഘാടന മത്സരത്തില്‍ കാസർകോട് വയനാടിനെ നേരിടും. വൈകീട്ട് 3.45ന് മലപ്പുറം-പത്തനംതിട്ട മത്സരം.
ദിവസവും രണ്ട് മത്സരങ്ങള്‍ വീതമാണുള്ളത്. ആദ്യറൗണ്ടില്‍ ജയിക്കുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ പ്രവേശനം നേടും. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ കോട്ടയം, തിരുവനന്തപുരം ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 19,20 തീയതികളിലാണ് സെമിഫൈനല്‍, ഫൈനൽ 21ന് വൈകീട്ട് 3.45നും അരങ്ങേറും. മത്സരങ്ങളെല്ലാം ഗോള്‍ മലയാളം യൂട്യൂബ് ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
സന്തോഷ് ട്രോഫിക്കുള്ള പരിശീലന ക്യാമ്പിലേക്ക് ഈ ടൂര്‍ണമെന്റില്‍ നിന്നായിരിക്കും കളിക്കാരെ തിരഞ്ഞെടുക്കുക. നിലവിൽ ജില്ല ടീം അംബേദ്കർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നുണ്ട്. കെ.എഫ്.എയുടെ സാമ്പത്തിക സഹായവും സ്പോൺസർഷിപ്പും ഉപയോഗിച്ചാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ സ്വന്തം ഫുട്ബാൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിലെ മത്സരങ്ങൾ ഇതിനകം കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ നടന്നു. കൊച്ചിയിലെ ആദ്യ മത്സരം ഒക്ടോബർ 27ന് വൈകീട്ട് 7.30ക്കാണ് അരങ്ങേറുന്നത്. ആതിഥേയരായ ഫോഴ്സ കൊച്ചിയും മലപ്പുറം എഫ്.സിയും തമ്മിലാണ് മത്സരം. നവംബറിലും കൊച്ചിയിൽ എസ്.എൽ.കെ മത്സരങ്ങളുണ്ട്.
ആദ്യ സീസണിൽ കൊച്ചിയായിരുന്നു സൂപ്പർലീഗിന്റെ പ്രധാന വേദികളിലൊന്ന്. ഉദ്ഘാടന മത്സരമുൾപ്പെടെ ആഘോഷപൂർവം കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് അരങ്ങേറിയത്. എന്നാൽ, ഇത്തവണ വിവിധ കാരണങ്ങളെ തുടർന്ന് കലൂർ സ്റ്റേഡിയത്തിൽ നിന്ന് മഹാരാജാസ് ഗ്രൗണ്ടിലേക്ക് കളി പറിച്ചു നടുകയാണുണ്ടായത്.
ലയണൽ മെസിയുടെ നേതൃത്വത്തിൽ അർജൻറീന സംഘം വരുന്നതിനോടനുബന്ധിച്ച് കലൂർ സ്റ്റേഡിയത്തിൽ ഒരുക്കങ്ങളും നവീകരണ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നതാണ് വേദിമാറ്റത്തിന്റെ കാരണങ്ങളിലൊന്ന്. മഹാരാജാസിലേത് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയമല്ലാത്തതിനാൽ തന്നെ താൽക്കാലികമായി ഫ്ലഡ് ലൈറ്റ് ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
ഫുട്ബാൾ മത്സരങ്ങൾക്ക് തയാറായ മഹാരാജാസ് കോളജ് ഗ്രൗണ്ട്
ഫുട്ബാൾ മിശിഹാ നമ്മുടെ നാട്ടിൽ വരുമ്പോൾ...
ഇതുവരെ കണ്ട കാൽപന്തു കളിയെല്ലാം ചെറുത്, ഇനി വരാനിരിക്കുന്നതാണ് ശരിക്കും കളി. ഫുട്ബാൾ ലോകത്തെ മിശിഹാ, ഇതിഹാസം, കാൽപന്തുകളി പ്രേമികളുടെ നെഞ്ചിടിപ്പ്... ഇങ്ങനെ വിശേഷണങ്ങൾക്ക് അതീതനായ അർജൻറീനയുടെ ലയണൽ മെസിയും സംഘവും കൊച്ചിയിലെത്തുന്നതും കാത്തിരിക്കുകയാണ് കായിക കേരളം.
വിവിധ ജില്ലകളിൽ നിന്നു മാത്രമല്ല, അയൽ സംസ്ഥാനങ്ങളിൽ നിന്നു പോലും മെസിയെ കാണാനായി ആയിരങ്ങൾ ഒഴുകിയെത്തുമെന്ന് ഉറപ്പ്. ലോകഫുട്ബാളിന്റെ തലതൊട്ടപ്പൻമാരായ ലയണൽ മെസിയും സംഘവും കളിക്കാനിറങ്ങുന്നത് കലൂർ സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് മാത്രമായിരിക്കില്ല.. മെസി..മെസി.. എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്ന, മൈതാനത്തിനു ചുറ്റും തിങ്ങിനിറഞ്ഞ് നിൽക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തിലേക്കു കൂടിയായിരിക്കും.
മെസി വരുന്നത് എന്നാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ പോലും നവംബർ 17നായിരിക്കുമെന്നാണ് സൂചന. അന്താരാഷ്ട്ര പ്രാധാന്യമുള്ളതായതിനാലും നിബന്ധനകൾ പാലിച്ചു നടത്തേണ്ടതായതിനാലും സ്റ്റേഡിയത്തിൽ കാണികളുടെ എണ്ണം കർശനമായി നിയന്ത്രിക്കും. എങ്കിലും മെസിയെ 'ഒരു നോക്കു കാണാൻ' ലക്ഷങ്ങൾ നഗരത്തിൽ ഒഴുകിയെത്തുമെന്നുറപ്പാണ്.
ലയണൽ മെസിയും സംഘവും കളിക്കാനെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവരവും കൈമാറിയിട്ടില്ലെന്ന വാദം ആവർത്തിച്ച് ജില്ല ഫുട്ബാൾ അസോ. അധികൃതർ. കെ.എഫ്.എക്കും ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് അറിഞ്ഞതെന്ന് ഡി.എഫ്.എ സെക്രട്ടറി വിജു ചൂളക്കൻ പറഞ്ഞു.
ഒരു രാജ്യത്ത് ഏത് മത്സരം നടത്തുകയാണെങ്കിലും അതാത് നാട്ടിലെ അംഗീകൃത അസോസിയേഷനാണ് സംഘടിപ്പിക്കേണ്ടത്. എ.ഐ.എഫ്.എഫിന്റെ മാർഗനിർദേശത്തിൽ കെ.എഫ്.എയും ഡി.എഫ്.എയും ഇതിൽ പങ്ക് വഹിക്കേണ്ടതുണ്ട്.
നിലവിൽ മാധ്യമങ്ങളിൽ നിന്നുള്ള അറിവുമാത്രമേ ഇക്കാര്യത്തിലുള്ളൂ. സ്റ്റേഡിയം നവീകരിക്കുന്നതു പോലും തങ്ങളറിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ കൃത്യമായ പ്രോട്ടോകോൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.