തിരുവനന്തപുരം: ‘കേരള അച്ചാ ഹേ, ലേകിൻ ഗർമി ജാസ്തി ഹേ’ (കേരളം നല്ലതാണ്. പക്ഷേ ചൂട് കൂടുതലാണ്) -സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ 50 കി. ജൂഡോയിൽ എതിരാളിയെ മലർത്തിയടിച്ച ശേഷം അരുണാചലുകാരനായ കിപാ ചിങ്പ പുഞ്ചിരിയോടെ പറയുന്നു. ജൂഡോ പഠിക്കണമെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് കിപാ ചിങ്പ നാടുംവീടും വിട്ട് കേരളത്തിലെത്തിയത്. തൃശൂർ സായിയിലാണ് പരിശീലനം. ഇവിടുത്തെ മുൻ വിദ്യാർഥിയും തെന്റ നാട്ടുകാരനുമായ ‘തട’യുടെ നിർദേശപ്രകാരമാണ് ചിങ്പയും രണ്ട് സുഹൃത്തുക്കളും അക്കാദമിയിലെ സെലക്ഷൻ ട്രയലിൽ പങ്കെടുത്തത്.
മൂന്നുപേർക്കും സെലക്ഷൻ കിട്ടിയെങ്കിലും ഇവിടുത്തെ ജീവിതരീതികളോട് പൊരുത്തപ്പെടാൻ കഴിയാതെ മറ്റു രണ്ടുപേരും നാട്ടിലേക്ക് തിരിച്ചു. എന്നാൽ തന്റെ ഇഷ്ടത്തെ അങ്ങനെ എഴുതിത്തള്ളാൻ ചിങ്പക്ക് ആയില്ല. ജുഡോയോടുള്ള ഇഷ്ടം വിടാതെ കേരളത്തിൽ തുടർന്നു. ഒറ്റയ്ക്കാണെങ്കിൽ ഇത്ര ദൂരം പോയി പഠിക്കേണ്ടെന്ന് വീട്ടുകാർ ആദ്യം പറഞ്ഞെങ്കിലും ചിങ്പ കൂട്ടാക്കിയില്ല. ഇവിടുത്തെ കാലാവസ്ഥയോടും ഭക്ഷണക്രമങ്ങളോടും പൊരുത്തപ്പെടാൻ ചിങ്പക്ക് ഇനിയും കഴിഞ്ഞിട്ടില്ല. എന്നാൽ ജൂഡോയിലെ തന്റെ വളർച്ചക്ക് ഇവിടെ നിൽക്കൽ അനിവാര്യമാണെന്ന് തിരിച്ചറിവിൽ പ്രയാസങ്ങളോട് മല്ലിട്ട് തുടരുന്നു. ആ കഠിനാധ്വാനത്തിനൊടുവിൽ ഒരു നല്ല വാർത്തയെത്തി. സംസ്ഥാന ചാമ്പ്യനായ വിവരം വീട്ടിൽ വിളിച്ചറിയിച്ചപ്പോൾ അവരും ഹാപ്പി. അരുണാചലിൽ ഗവ. സ്കൂളിലെ പ്രധാന അധ്യാപകനായ കിപാ താരോയുടെയും സ്റ്റോർ കീപ്പറായ കിപാ യാമയുടെയും ഏഴ് മക്കളിൽ ഒരാളാണ് ചിങ്ങ്പ.
കഴിഞ്ഞ തവണയും ഇതേയിനത്തിൽ ചിങ്പക്കായിരുന്നു സ്വർണം. തൃശൂരിലെ ചേർപ്പ് ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയായ ചിങ്പ ജുഡോയിൽ മികച്ച പരിശീലനം നേടാൻ ജപ്പാനിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.