ഓരോ വാർഡിലും കളിയിടങ്ങൾ വേണം; അസാധാരണ ദൗത്യവുമായി ഫുട്​ബാൾ പരിശീലകന്‍റെ യാത്ര

കോഴിക്കോട്​: കായിക മികവുമായി ​രാജ്യത്ത്​ ഒരു പടി മുന്നിൽനിന്ന കാലം മറന്ന്,​ വൈകിയോടുന്ന വണ്ടിയായി മാറിയ കേരളത്തിന്​ അനിവാര്യമായും വേണ്ട കളിക്കളങ്ങൾക്കായി പുതിയ ദൗത്യം നെഞ്ചേറ്റി പരിശീലകനും കളിയെഴുത്തുകാരനുമായ പ്രസാദ്​ വി. ഹരിദാസ്​. ഇളമുറക്കാർക്ക്​ പന്തു തട്ടിത്തുടങ്ങാനും കായിക മികവിലേക്കുണരാനും ഒാരോ വാർഡിലും ഓരോ കളിമുറ്റമെന്ന ആവശ്യവുമായി ജനപ്രതിനിധികളെ നേരിട്ടുകണ്ട്​ ബോധ്യപ്പെടുത്തിയും യോജിച്ച ഇടങ്ങൾ അടയാളപ്പെടുത്തി നൽകിയുമാണ്​ അസാധാരണ ദൗത്യം. മഹാമാരിയായി കോവിഡ് എല്ലാം തളർത്തിയപ്പോഴും നാടുമുഴുക്കെ ഓടിനടന്ന്​ ശ്രമകരമായ തന്‍റെ യജ്​ഞം സഫലമാക്കാനുള്ള കഠിന പ്രയത്​നത്തിലാണ്​​ ഫുട്​ബാൾ പരിശീലന സ്​ഥാപനമായ കെ.എഫ്​.ടി.സി ചെയർമാനും കോച്ചുമായ ഹരിദാസ്​.

വർഷങ്ങൾക്ക്​ മുമ്പ്​ 'ജേണി ടു ദ ഗോൾ' എന്ന ഡോക്യുമെന്‍ററി നിർമിച്ച്​ തുടങ്ങിയതാണ്​ ഏറെ പേർ ചെന്നുതൊട്ടിട്ടില്ലാത്ത പ്രസാദിന്‍റെ ദൗത്യം.

2017ൽ 'കളി, കളിസ്​ഥലം, പരിപാലനം' എന്ന പുസ്​തകമായി ഇത്​ പുതിയ രൂപമെടുത്തു. കായികകേരളം അതിവേഗം ഏറ്റെടുത്തതോടെ പുസ്​തകവും കൈയിലേന്തിയായി യാത്ര. ആദ്യം കോഴിക്കോട്​ കോർപറേഷനിലെ ഓരോ വാർഡിലും അതുകഴിഞ്ഞ്​ ജില്ലക്ക്​ പുറത്തേക്കും ബി.എസ്​.എൻ.എൽ താരം കളിയിടങ്ങൾക്കായി സഞ്ചാരം തുടങ്ങി.

കഴിഞ്ഞ ജനുവരി 18 നായിരുന്നു കോഴിക്കോട് കോർപ്പറേഷൻ ജനപ്രതിനിധികളെ തേടി അടിസ്ഥാന കായിക വികസന സൗകര്യങ്ങൾ വരേണ്ട ആവശ്യകതയെക്കുറിച്ചും അത് എങ്ങനെ നടപ്പാക്കുമെന്നും പരിചയപ്പെടുത്തി ഇറങ്ങിയതെന്ന്​ പ്രസാദ്​ പറയുന്നു. 75 പ്രതിനിധികളിൽ എല്ലാവരെയും നേരിട്ട് കണ്ട്​​ ആശയങ്ങൾ പങ്കു വെക്കൽ പൂർത്തിയായി. കോവിഡ്​ രണ്ടാം തരംഗം പിടിമുറുക്കിയ ഇടവേളയിൽ യാത്ര നിർത്തേണ്ടി വന്നു. ആശ്വാസം കണ്ടുതുടങ്ങിയതോടെ വീണ്ടുമാരംഭിച്ചു. ഓരോ വാർഡിന്‍റെയും ഭൂമിശാസ്ത്ര പ്രത്യേകതകൾക്കനുസരിച്ച് അനുയോജ്യമായ കായിക ഇനം കണ്ടെത്തി, നല്ല രീതിയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഉന്നത പരിശീലനം നൽകുകയാണെങ്കിൽ നമ്മുടെ നാട്ടിൽ പുതിയ കായിക സംസ്ക്കാരം വളർന്നു വരുമെന്നാണ്​​ അദ്ദേഹത്തിന്‍റെ പക്ഷം. അതോടൊപ്പം സ്കൂൾ തലത്തിൽ സമഗ്ര കായിക വിദ്യാഭ്യാസ പാഠ്യപദ്ധതി വരികയും വേണം.

കോഴിക്കോട്​ നഗരത്തിൽ തുടങ്ങിയ സ്വപ്​നങ്ങൾ മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലെ ചില സ്ഥലങ്ങൾ സുഹൃത്തുക്കളുടെ ക്ഷണമനുസരിച്ച് സന്ദർശിക്കുകയും, അവിടത്തെ ജന പ്രതിനിധികളെ കാണുകയും ഇതേ ആശയങ്ങൾ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും കൂടുതൽ നാടുകളിൽ സഞ്ചരിക്കണം. എത്രയും വേഗത്തിൽ കളിയിടങ്ങൾ ഉണരുന്നുവെന്ന്​ ഉറപ്പാക്കണം.

സ്വന്തം നാടായ കോഴിക്കോട്​ പന്നിയങ്കരയിൽ കളിനടന്നുകൊണ്ടിരുന്ന മൈതാനം ഒരു നാൾ 'അപ്രത്യക്ഷ'മായപ്പോൾ എല്ലാം നഷ്​ടപ്പെട്ടുപോയ വ്യഥ ഇനിയൊരു നാട്​ അനുഭവിക്കാതിരിക്കാൻ കൂടിയാണ്​ പ്രസാദിന്‍റെ ഈ ഓട്ടം. സംസ്​ഥാനം മൊത്തത്തിൽ ഇത്​ ഏറ്റെടു​ക്കുമെന്നും അതുവഴി പുതിയ കായിക കേരളം പിറവിയെടുക്കുമെന്നുമുള്ള പ്രതീക്ഷ സാക്ഷാത്​കരിക്കാൻ ഇനി അധികൃതർ കൂടി മനസ്സുവെക്കണം. 

Tags:    
News Summary - Journey of a football trainer in search of stadiums in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.