ന്യൂഡൽഹി: ഇന്ത്യ വേദിയായ പ്രഥമ ഖോ ഖോ ലോകകപ്പിൽ ആതിഥേയ പുരുഷ, വനിത ടീമുകളുടെ വിജയയാത്ര ഇരട്ടക്കിരീടത്തിൽ കലാശിച്ചു. നേപ്പാൾ ടീമുകളെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വനിതാ വിഭാഗം കലാശപ്പോരാട്ടമായിരുന്നു ഞായറാഴ്ച രാത്രി ആദ്യം. നേപ്പാളിനെതിരെ 78-40ന്റെ ആധികാരിക ജയം നേടി ഇന്ത്യ. തുടർന്ന് പുരുഷന്മാർ നേപ്പാളിനെത്തന്നെ 54-36നും തോൽപിച്ചു.
പ്രിയങ്ക ഇൻഗ്ലെയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ വനിതകൾ എതിരാളികൾക്കുമേൽ വ്യക്തമായ മേധാവിത്വം പുലർത്തി. ടച്ച് പോയന്റുകളുമായി തിളങ്ങിയ ഇൻഗ്ലെയുടെ മികവിൽ ഒന്നാം ടേണിൽ ആതിഥേയർക്ക് 34 പോയന്റാണ് ലഭിച്ചത്. നേപ്പാളിന് ഡ്രീം റൺ നിഷേധിക്കുന്നതിൽ ഇന്ത്യൻ പ്രതിരോധം വിജയിച്ചു. രണ്ടാം ടേണിൽ ബി.കെ. ദിപയുടെ നേതൃത്വത്തിൽ സന്ദർശകർ തിരിച്ചുവരവിന് ശ്രമം നടത്തിയത് ആശ്വാസം.
മൂന്നാം ടേണിലും ഇന്ത്യക്കായിരുന്നു മുൻതൂക്കം. നാലാം ടേണിൽ ഛൈത്രയുടെ മികച്ച ഡ്രീം റണ്ണിൽ ആതിഥേയർ വൻ ജയം സ്വന്തമാക്കി. പ്രതീക് വൈകാർ നയിച്ച പുരുഷ ടീം ഒരു ഘട്ടത്തിൽ ഒന്നാം ടേണിൽ ഒരുഘട്ടത്തിൽ 24-0ത്തിന് മുന്നിലായിരുന്നു. നേപ്പാൾ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും കാര്യമായ വെല്ലുവിളി ഉയർത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.