ഏ​ഷ്യ​ൻ ഗെ​യിം​സ് താ​ര​ങ്ങ​ൾ ന്യൂ​ഡ​ൽ​ഹി​യി​ൽ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന് ഐ.​ഒ.​എ യാ​ത്ര​യ​യ​പ്പ്

ഏ​ഷ്യ​ൻ ഗെ​യിം​സി​ന് 10 നാ​ൾ; മെ​ഡ​ൽ​ക്കൊ​യ്ത്തി​ന് ഒരുങ്ങി ഇ​ന്ത്യ

ന്യൂഡൽഹി: വൻകരയുടെ ഏറ്റവും വലിയ കായിക മാമാങ്കം പത്തുനാൾ അരികിലെത്തിനിൽക്കെ തയാറെടുപ്പുകൾ സജീവമാക്കി ഇന്ത്യ. ജപ്പാനിലെ ഐച്ചി-നഗോയയിൽ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാലു വരെ നടക്കാനിരിക്കുന്ന 20ാമത് ഏഷ്യൻ ഗെയിംസിൽ 492 അത്‌ലറ്റുകൾ അടങ്ങുന്ന ശക്തമായ സംഘത്തെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. 35ഓളം കായിക ഇനങ്ങളിൽ ഇന്ത്യ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിന് 661 അംഗ ജംബോ ടീമിനെയാണ് അയച്ചത്.

എന്നാൽ, യോഗ്യതാ മാനദണ്ഡങ്ങളിൽ കായിക മന്ത്രാലയം കർശന നിബന്ധന ഏർപ്പെടുത്തിയതോടെ ഇക്കുറി എണ്ണം ചുരുങ്ങി. 2023ൽ ചൈനയിലെ ഹാങ്ഷൂവിൽ അരങ്ങേറിയ ഗെയിംസിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ മെഡൽ നേട്ടം 100 കടന്നിരുന്നു.

28 സ്വർണവും 38 വെള്ളിയും 40 വെങ്കലവുമായി 106 മെഡലുകളാണ് നേടിയത്. ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം 19നാണെങ്കിലും ചില മത്സരങ്ങൾ നേരത്തേ ആരംഭിക്കും. 17ന് ടെക്ബാൾ മത്സരങ്ങളോടെയാണ് ഇന്ത്യയുടെ പോരാട്ടങ്ങൾ തുടങ്ങുന്നത്. 18ന് നടക്കുന്ന വനിതാ ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ജപ്പാനെ നേരിടും.

അത്‍ലറ്റിക്സിൽ പ്രധാന ശ്രദ്ധ

ഇന്ത്യ മെഡൽക്കൊയ്ത്ത് പ്രതീക്ഷിക്കുന്ന അത്‍ലറ്റിക്സിൽ 73 അംഗ സംഘത്തെയാണ് അണിനിരത്തുന്നത്. 35 പുരുഷന്മാരും 38 വനിതകളുമാണ് ഇറങ്ങുക. ജാവലിൻ ത്രോ മുൻ ലോക-ഒളിമ്പിക്സ് ചാമ്പ്യൻ നീരജ് ചോപ്രയുടെ അസാന്നിധ്യം ക്ഷീണമാവും. ലോങ് ജംപിൽ മലയാളി താരങ്ങളായ എം. ശ്രീശങ്കർ, ആൻസി സോജൻ, ദീർഘദൂര ഓട്ടത്തിൽ ഗുൽവീന്ദർ സിങ്, ഡെക്കാത്തലണിൽ തേജശ്വിൻ ശങ്കർ, 100 മീറ്റർ ഹർഡ്ൽസിൽ ജ്യോതി യാരാജി, സ്റ്റീപ്പ്ൾ ചേസിൽ അവിനാശ് സാബിൾ, പാരുൾ ചൗധരി, ജാവലിൻ ത്രോയിൽ അന്നു റാണി തുടങ്ങിയവരിൽ വലിയ പ്രതീക്ഷയുണ്ട്.

സിന്ധുവും മീരയും മനുവും

പി.വി. സിന്ധു നയിക്കുന്ന ബാഡ്മിന്റൺ, ഒളിമ്പിക് മെഡൽ ജേതാക്കളായ മനു ഭാകറും അമൻ ഷെരാവത്തും അണിനിരക്കുന്ന യഥാക്രമം ഷൂട്ടിങ്, ഗുസ്തി ടീമുകളും മെഡൽ വാരാനുള്ള ഒരുക്കത്തിലാണ്. മീര ഭായ് ചാനു ഉൾപ്പെടെ ഇറങ്ങുന്ന ഭാരദ്വഹനത്തിലും കോമൺ വെൽത്ത് ഗെയിംസിൽ മെഡൽക്കൊയ്ത്ത് നടത്തിയ ബോക്സിങ്ങിലും കാര്യമായി നേടാനാവുമെന്നാണ് കണക്കുകൂട്ടൽ. പുരുഷ-വനിത ക്രിക്കറ്റ്, കബഡി ടീമുകളും സ്വർണം നിലനിർത്താനുള്ള ഒരുക്കത്തിലാണ്. ഹോക്കിയിൽ പുരുഷന്മാർ മേധാവിത്വം തുടരാനും വനിതകളുടെ വെങ്കലം സ്വർണമാക്കാനുമാണ് ഇറങ്ങുന്നത്. അമ്പെയ്ത്ത്, സ്ക്വാഷ്, ലോൺ ടെന്നിസ്, സെയിലിങ്, റോവിങ് തുടങ്ങിയ ഇനങ്ങളും ഇന്ത്യക്ക് കൂടുതൽ മെഡലുകൾ സമ്മാനിക്കാൻ സാധ്യതയുണ്ട്.

28 മലയാളികൾ

ഇന്ത്യൻ സംഘത്തിലെ മലയാളി സാന്നിധ്യം 28 ആണ്. ഇവരിൽ 11 പേർ അത്‌ലറ്റിക്സിലാണ്. എം. ശ്രീശങ്കർ (ലോങ്ജംപ്), മുഹമ്മദ് അഷ്ഫാഖ് (4x400 മീ. റിലേ), എൻ. തൗഫീഖ് (ഡെക്കാത്തലൺ), മുഹമ്മദ് അഫ്സൽ (800 മീ.), ടി.എസ്. മനു (4x400 മീ. റിലേ), യു. കാർത്തിക് (ട്രിപ്പ്ൾ ജംപ്), ആൻസി സോജൻ (ലോങ്ജംപ്), അൻസ ബാബു (4x400 മീ. റിലേ), കൃഷ്ണ ജയശങ്കർ മേനോൻ (ഷോട്ട്പുട്ട്), കെ.എ. അനാമിക (ഹെപ്റ്റാത്തലൺ), ആർ. അനു (400 മീ ഹർഡ്ൽസ്) എന്നിവരാണവർ.

സഞ്ജു സാംസൺ ക്രിക്കറ്റ് ടീമിലുണ്ട്. എച്ച്.എസ്. പ്രണോയ്, എം.ആർ. അർജുൻ, ട്രീസ ജോളി (ബാഡ്‌മിന്റൺ), സജൻ പ്രകാശ് (നീന്തൽ), പ്രസന്നകുമാർ, പാർവതി ഗീത (കയാക്കിങ്), മേഘ പ്രദീപ് (കനോയിങ്), അലീന ആന്റോ (റോവിങ്), മനു ഫ്രാൻസിസ്, പ്രിൻസ് നോബിൾ (സെയിലിങ്), വിദർശ കെ. വിനോദ് (ഷൂട്ടിങ്), മുഹമ്മദ് നിഹാൽ, ജോൺ ജോസഫ്, കെ. ആനന്ദ്, എറിൻ വർഗീസ് (വോളിബാൾ), അക്ഷജ് ഷേണായി (ഇ- സ്‌പോർട്സ്) എന്നിവരാണ് വിവിധ ഇനങ്ങളിലിറങ്ങുന്ന മറ്റു മലയാളികൾ.

ഏ​ഷ്യ​ൻ ഗെ​യിം​സി​നാ​യി ജ​പ്പാ​നി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന സം​ഘ​ത്തി​ന് ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ ചൊ​വ്വാ​ഴ്ച ഔ​ദ്യോ​ഗി​ക യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഐ.​ഒ.​എ​യു​ടെ പ്ര​ത്യേ​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു ച​ട​ങ്ങ്. കേ​ന്ദ്ര കാ​യി​ക മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ, ഐ.​ഒ.​എ പ്ര​സി​ഡ​ന്റ് പി.​ടി. ഉ​ഷ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - India Announces 492-Member Squad for 2026 Asian Games in Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.