'ഉമ്മക്കും മാതൃരാജ്യത്തിനും ഇതാ എന്റെ സമ്മാനം' - ഇടിക്കൂട്ടിൽനിന്നിറങ്ങി നിഖാത്ത് പറഞ്ഞതിങ്ങ​നെ...

ബർമിങ്ഹാം: ഇടിക്കൂട്ടിൽനിന്ന് സ്വർണം നേടിയിറങ്ങിയതിനു പിന്നാലെ തനിക്കുനേരെ നീണ്ട ടെലിവിഷൻ കാമറകൾക്കുനേരെ നോക്കി നിഖാത്ത് സരീൻ പറഞ്ഞതിങ്ങനെ... 'ഹാപ്പി ബർത്ത് ഡേ ഉമ്മീ...ഐ ലവ് യൂ..അല്ലാഹു നിങ്ങളെ എപ്പോഴും സന്തോഷത്തിലാക്ക​ട്ടെ..'

തെലങ്കാനക്കാരിയായ നിഖാത്ത് സരീൻ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ലൈറ്റ് ​ൈഫ്ല​വെയ്റ്റ് (50 കിലോഗ്രാം) വിഭാഗത്തിലാണ് സ്വർണം നേടിയത്. വടക്കൻ അയർലൻഡിന്റെ കാർലി മക്നോളിനെയാണ് നിഖാത്ത് ഫൈനലിൽ 5-0ത്തിന് അനായാസം ഇടിച്ചിട്ടത്.


'വാഗ്ദാനം ചെയ്തതുപോലെ, എന്റെ ഉമ്മിക്കും (മാതാവിനും) മാതൃരാജ്യത്തിനും ഇതാ എന്റെ സമ്മാനം. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടാൻ കഴിഞ്ഞതിൽ അതിരറ്റ ആവേശത്തിലാണു ഞാൻ. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്റെ മുന്നോട്ട് നടത്തിച്ചത്' -മത്സരശേഷം നിഖാത്ത് ട്വീറ്റ് ചെയ്തു.

തെലങ്കാനയിലെ നിസാമാബാദ് സ്വദേശിനിയായ ഈ 26കാരി പിതാവ് മുഹമ്മദ് ജമീൽ അഹ്മദിന്റെ ശിക്ഷണത്തിലാണ് ബോക്സിങ്ങിൽ പരിശീലനം തുടങ്ങിയത്. ഒരു വർഷത്തിനുശേഷം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ പ്രശസ്ത കോച്ചും ദ്രോണാചാര്യ അവാർഡ് ജേതാവുമായ ഐ.വി. റാവുവിന് കീഴിൽ പരിശീലനം.


ഒരു വർഷം കഴിയുംമുമ്പേ 2010​ലെ ഈറോഡ് നാഷനൽ ചാമ്പ്യൻഷിപ്പിൽ 'ഗോൾഡൻ ബെസ്റ്റ് ബോക്സർ' ആയി അംഗീകാരം നേടിയശേഷം കരിയറിൽ ഉയരങ്ങൾ താണ്ടുകയായിരുന്നു. പിന്നീട് തുർക്കിയിലും സെർബിയയിലും ബൾഗേറിയയിലും നടന്ന രാജ്യാന്തര ചാമ്പ്യൻഷിപ്പുകളിൽ ജേത്രിയായി ഇന്റർനാഷനൽ തലത്തിലും മികവുകാട്ടി. 2022ൽ ഇസ്തംബൂളിൽ നടന്ന ലോക വനിതാ ബോക്സിങ്ങിൽ സ്വർണം നേടിയ നിഖാത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി. ഇതിനു പിന്നാലെയാണ് കോമൺവെൽത്ത് ഗെയിംസിലെ സുവർണ നേട്ടം.


'കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻ എന്നത് മഹത്തരമായി തോന്നുന്നു. ഈ വർഷം ആദ്യം ലോക ചാമ്പ്യൻപട്ടം നേടിയതിനുപിന്നാലെ അതു സംഭവിക്കുമ്പോൾ പ്രത്യേകിച്ചും. നല്ല ​പോരാട്ടമായിരുന്നു ഫൈനലിൽ. പരിചയ സമ്പന്നയായ ഫൈറ്ററായിരുന്നു എതിരാളി. എന്നാൽ, ഈ പോരാട്ടം ജയിക്കണമെന്ന് ഞാൻ നിശ്ചയിച്ചുറപ്പിച്ചിരുന്നു' -നിഖാത്ത് പറഞ്ഞു. ജന്മദിനമാഘോഷിക്കുന്ന മാതാവ് പർവീൺ സുൽത്താനക്ക് പിറന്നാൾ സമ്മാനമായി സ്വർണം നേടുമെന്ന വാക്ക് പാലിക്കുകയായിരുന്നു ബർമിങ്ഹാമിലെ ഇടിക്കൂട്ടിൽ മകൾ.  

Tags:    
News Summary - Here Is My Gift To Ammi and Motherland, says Nikhat Zareen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT
access_time 2024-05-05 02:12 GMT