കോഴിക്കോട്: ഗോൾഡൻ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. ദക്ഷിണാഫ്രിക്കന്‍ വനിതതാരം കിര്‍സ്റ്റൻ ന്യൂഷാഫറാണ് ഒന്നാം സ്ഥാനത്ത്. 16 പേരുമായി ഫ്രാൻസിൽ നിന്നാരംഭിച്ച ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ഉൾപ്പെടെ മൂന്ന് പേരാണ് അവശേഷിക്കുന്നത്.
അഭിലാഷിന്‍റെ ബയാനത്ത് എന്ന പായ് വഞ്ചി ശനിയാഴ്ച ഫിനിഷിങ് പോയന്‍റായ ലെ സാബ്ലെ ദൊലാന്‍ തുറമുഖത്ത് അടുക്കുമ്പോൾ പിറക്കുന്നത് ഒരു പുതിയ ചരിത്രം കൂടിയായിരിക്കും. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഗോൾഡന്‍ ഗ്ലോബ് റേസിന്‍റെ പോഡിയത്തില്‍ ഇടം പിടിക്കുന്നത്. അഭിലാഷ് ടോമിയേക്കാൾ നൂറ് നോട്ടിക്കല്‍ മൈലില്‍ അധികം മുന്നിലുള്ള കിര്‍സ്റ്റൻ കിരീടം ഉറപ്പിച്ചു കഴിഞ്ഞു.
മത്സരം പൂർത്തിയാക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും രണ്ട് തവണ വഞ്ചി മറിഞ്ഞതായും അഭിലാഷ് പറഞ്ഞു. ലോകത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ കായിക വിനോദങ്ങളിലൊന്നാണ് ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരം. കഴിഞ്ഞ വർഷം സെപ്റ്റബർ നാലിന് ഫ്രാൻസിലെ ലെ സാബ്ലെ ദൊലാന്‍ തുറമുഖത്ത് നിന്നാണ് അഭിലാഷ് ടോമി പായ്‌വഞ്ചിൽ യാത്ര ആരംഭിച്ചത്. ഒറ്റയാൾ യാത്ര 233 ദിവസം പിന്നിടുകയാണ്.
ആരുടേയും സഹായമില്ലാതെ ഒരിക്കൽപ്പോലും വഞ്ചി കരക്കടുപ്പിക്കാതെ അഭിലാഷും അദ്ദേഹത്തിന്റെ വഞ്ചിയായ ബയാനതും കടൽ കീഴടക്കി ഫിനിഷിങ് പോയന്‍റിലേക്ക് കുതിക്കുകയാണ്. 2018ൽ ആദ്യയാത്ര അപകടം മൂലം പൂർത്തിയാക്കാൻ സാധിക്കാതിരുന്നത് മുതൽ തിരികെ കടലിൽ പോയി യാത്ര പൂർത്തിയാക്കണെമെന്ന ആഗ്രഹം ഉണ്ടായിരുന്നതായും സാഹസികത നിറഞ്ഞ യാത്രയാണ് ഇതെന്നും അഭിലാഷ് പറഞ്ഞു. 28,000 നോട്ടിക്കൽ മൈൽ പിന്നിട്ടാണ് യാത്ര അവസാനിക്കാൻ പോകുന്നത്. ബോട്ടിൽ 1968ലെ സാകേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. കരയിൽ എത്തിയാൽ മാത്രമേ കുടുംബവുമായി സംസാരിക്കാൻ സാധിക്കുവെന്നും അഭിലാഷ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.