ദോഹ: ഖത്തർ ലോകകപ്പിൽ ഓരോ ഗ്രൂപ്പിലെയും ടീമുകളുടെ നറുക്കെടുപ്പ് അവസാനിച്ചു. എട്ട് ഗ്രൂപ്പുകളിലായി 29 ടീമുകളെയാണ് തെരഞ്ഞെടുത്തത്.
ഗ്രൂപ്പ് എ: ഖത്തർ, നെതർലൻഡ്സ്, സെനഗൽ, ഇക്വഡോർ.
ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, യു.എസ്.എ, ഇറാൻ, യൂറോപ്യൻ പ്ലേ ഓഫ് വിജയികൾ (സ്കോട്‍ലൻഡ്/വെയ്ൽസ്/യുക്രെയ്ൻ).
ഗ്രൂപ്പ് സി: അർജന്റീന, മെക്സികോ, പോളണ്ട്, സൗദി അറേബ്യ.
ഗ്രൂപ്പ് ഡി: ഫ്രാൻസ്, ഡെൻമാർക്ക്, തുനീഷ്യ, ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫ് 1 വിജയികൾ (യു.എ.ഇ/ആസ്ട്രേലിയ/പെറു).
ഗ്രൂപ്പ് ഇ: സ്‍പെയ്ൻ, ജർമനി, ജപ്പാൻ, ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫ് 2 വിജയികൾ (കോസ്റ്ററിക്ക/ന്യൂസിലൻഡ്).
ഗ്രൂപ്പ് എഫ്: ബെൽജിയം, ക്രൊയേഷ്യ, മൊറോക്കോ, കാനഡ.
ഗ്രൂപ്പ് ജി: ബ്രസീൽ, സ്വിറ്റ്സർലൻഡ്, സെർബിയ, കാമറൂൺ.
ഗ്രൂപ്പ് എച്ച്: പോർചുഗൽ, ഉറുഗ്വേ, ദക്ഷിണ കൊറിയ, ഘാന.
നവംബർ 21ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഖത്തറിന് ഇക്വഡോർ ആണ് എതിരാളികൾ. നവംബർ 22ന് സൗദി അറേബ്യക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം. നവംബർ 24ന് ബ്രസീൽ കളത്തിലിറങ്ങും. സെർബിയയാണ് എതിരാളികൾ. നവംബർ 27നാണ് സ്‍പെയ്ൻ-ജർമനി മത്സരം.
പ്രതിഭയുള്ള കളിക്കാരൻ എന്ന അർത്ഥം വരുന്ന 'ലഈബ്' ആണ് ഖത്തർ ലോകകപ്പിൻെറ ഭാഗ്യമുദ്ര. നറുക്കെടുപ്പ് വേദിയിലാണ് ഭാഗ്യമുദ്ര പുറത്തിറക്കിയത്.
72-ാമത് ഫിഫ കോൺഗ്രസിന്റെ വേദിയായ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഖത്തർ സമയം രാത്രി ഏഴിനാണ് (ഇന്ത്യൻ സമയം രാത്രി 9.30ന്) നറുക്കെടുപ്പ് ആരംഭിച്ചത്. ലോകകപ്പിന്റെ വിളംബരമായി മാറുന്ന നറുക്കെടുപ്പ് ചടങ്ങിന് സാക്ഷിയാവാൻ കാൽപന്തുകളിയിലെ ഇതിഹാസ താരങ്ങൾ ഖത്തറിന്റെ മണ്ണിലെത്തിയിരുന്നു. ഇവർക്കു പുറമെ, യോഗ്യത നേടി ടീമുകളെയും ഫെഡറേഷനുകളെയും പ്രതിനിധീകരിച്ച് മുൻകാല ഫുട്ബാൾ താരങ്ങളും, മേധാവികളും കഴിഞ്ഞ ദിവസം തന്നെ ദോഹയിലെത്തി.
നവംബർ 21ന് കിക്കോഫ് കുറിച്ച് ഡിസംബർ 31ന് സമാപിക്കുന്ന ലോകകപ്പിനുള്ള യോഗ്യത പോരാട്ടങ്ങൾ കഴിഞ്ഞ രാത്രിയിലാണ് അവസാനിച്ചത്. ഏറ്റവും ഒടുവിലായി കോൺകകാഫിൽ നിന്നും മെക്സികോയും അമേരിക്കയും കൂടി യോഗ്യത നേടിയതോടെ 29 ടീമുകളുടെയും ചിത്രം തെളിഞ്ഞിരുന്നു. ആകെ മത്സരിക്കുന്ന 32ൽ ശേഷിക്കുന്ന മൂന്ന് ടീമുകൾ പിന്നീട് തീരുമാനിക്കപ്പെടും.
ജൂണിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫ് കളിച്ചാണ് രണ്ടു ടീമുകൾ യോഗ്യത നേടുക. കോൺകകാഫ് -ഓഷ്യാനിയ പ്ലേ ഓഫിൽ കോസ്റ്ററീക - ന്യൂസിലൻഡിനെ നേരിടും. രണ്ടാം പ്ലേ ഓഫിൽ പെറുവിന് ഏഷ്യൻ മേഖല നാലാം റൗണ്ടിലെ വിജയികളാവും എതിരാളികൾ.
ശേഷിക്കുന്ന ഒരു ടിക്കറ്റ് യുക്രെയ്ൻ - റഷ്യ യുദ്ധം കാരണം താൽകാലികമായി മുടങ്ങിയിരിക്കുകയാണ്. യുക്രെയ്ൻ - സ്കോട്‍ലൻഡ് മത്സരത്തിൽ വിജയികൾ ഫൈനലിൽ വെയിൽസിനെയാവും നേരിടുക. നിലവിലെ സാഹചര്യത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
ആതിഥേയർ: ഖത്തർ
യൂറോപ് (12):
ബെൽജിയം, ക്രൊയേഷ്യ, ഡെന്മാർക്, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, സെർബിയ, സ്പെയിൻ, സ്വിറ്റ്സർലൻഡ്, പോളണ്ട്, പോർചുഗൽ.
സൗത്ത് അമേരിക്ക (4):
അർജന്റീന, ബ്രസീൽ, എക്വഡോർ, ഉറുഗ്വായ്.
ഏഷ്യ (4):
ഇറാൻ, ജപ്പാൻ, സൗദി അറേബ്യ, ദക്ഷിണ കൊറിയ.
ആഫ്രിക്ക (5):
സെനഗാൾ, കാമറൂൺ, ഘാന, മൊറോക്കോ, തുനീഷ്യ.
കോൺകകാഫ് (3):
കാനഡ, അമേരിക്ക, മെക്സികോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.