അമേരിക്ക വേദിയാകുന്ന 2026 ഫുട്ബാൾ ലോകകപ്പിൽ ഇറാൻ കളിക്കുമോ?

ന്യൂയോർക്ക്: ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ പശ്ചിമേഷ്യയിൽ സംഘർഷത്തിനും അയവുവന്നു. അമേരിക്കകൂടി സംഘർഷത്തിൽ പങ്കാളിയായതോടെ കൈവിട്ടു പോകുമെന്ന് കരുതിയ സംഘർഷത്തിനാണ് താൽക്കാലികമായെങ്കിലും അവസാനമായത്.

അമേരിക്ക ഇറാന്‍റെ ആണവ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതിന്, ഖത്തറിലെ യു.എസ് സൈനിക താവളത്തിലേക്ക് മിസൈൽ തൊടുത്തായിരുന്നു ഇറാൻ മറുപടി നൽകിയത്. പിന്നാലെയാണ് ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തിൽ ഖത്തറിന്‍റെ സഹായത്തോടെ വെടിനിർത്തൽ നടപ്പാക്കിയത്. ഇനി ഏവരും ഉറ്റുനോക്കുന്നത് അടുത്ത വർഷം അമേരിക്ക വേദിയാകുന്ന ഫിഫ ഫുട്ബാൾ ലോകകപ്പിലേക്കാണ്. കാനഡ, മെക്സികോ രാജ്യങ്ങൾക്കൊപ്പമാണ് അമേരിക്കയും ലോകകപ്പിന് സംയുക്ത വേദിയാകുന്നത്. കഴിഞ്ഞ മാർച്ചിൽ തന്നെ ഏഷ്യയിലെ കരുത്തരായി ഇറാൻ ലോകകപ്പിന് യോഗ്യത നേടിയിരുന്നു.

തുടർച്ചയായ നാലാം തവണയാണ് ഇറാൻ ലോകകപ്പ് കളിക്കാനെത്തുന്നത്. നിലവിൽ ഇറാന് ലോകകപ്പിൽ പങ്കെടുക്കുന്നതിന് തടസ്സങ്ങളൊന്നുമില്ല. അതേസമയം, ഇറാനിലെ ജനങ്ങൾക്ക് ഡോണൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യാത്ര നിരോധനം വലിയ തിരിച്ചടിയാകും. ഇറാൻ ടീമിലെ താരങ്ങൾക്കും സ്റ്റാഫിനും പരിശീലക സംഘത്തിനും ലോകകപ്പ് സമയത്ത് ഇതിൽ ഇളവ് ലഭിക്കുമെങ്കിലും ടീമിന്‍റെ ആരാധകർക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാനാകില്ല. നിലവിൽ യു.എസിൽ സ്ഥിരതാമസമുള്ള ഇറാനികൾക്കും ഗ്രീൻ കാർഡുള്ളവർക്കും മാത്രമാണ് അമേരിക്കയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

അതുകൊണ്ടു തന്നെ ഈ പ്രശ്നം എങ്ങനെ പരിഹരിക്കാനാകുമെന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് ഫിഫ അധികൃതർ. സ്വഭാവികമായും ഗ്രൂപ്പ് എയിലാണ് ആതിഥേയ രാജ്യങ്ങളിലൊന്നായ മെക്സിക്കോ വരുക. ഈ ഗ്രൂപ്പിൽ ഇറാൻ ഉൾപ്പെടുകയാണെങ്കിൽ ടീമിന്‍റെ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളെല്ലാം മെക്സിക്കോയിലാണ് നടക്കുക. അതേസമയം, ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ നടക്കുന്നത് അമേരിക്കയിലാണ്.

2022 ഖത്തർ ലോകകപ്പിൽ ഇറാനും അമേരിക്കയും ഗ്രൂപ്പ് റൗണ്ടിൽ ഏറ്റുമുട്ടിയിരുന്നു. ന്യൂട്രൽ വേദികളിൽ നേർക്കുനേർ വരുന്നത് പോലെയാകില്ല, അമേരിക്കൻ മണ്ണിൽ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. വൈര്യവും ആവേശവും അതിന്‍റെ മൂർധന്യത്തിലെത്തും.

Tags:    
News Summary - What will happen with Iran in the next World Cup to be held in the United States in 2026?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.