വാർത്തകൾ വ്യാജം, കേരള ബ്ലാസ്റ്റേഴ്സ് ഏറ്റെടുക്കാൻ ചർച്ച നടന്നിട്ടില്ല; സമൂഹമാധ്യമങ്ങളിലെ പ്രചാരണം തള്ളി വി.പി.എസ് ഹെൽത്ത് ഗ്രൂപ്പ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രമുഖ ഫുട്ബാൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി വി.പി.എസ് ഹെൽത്ത് ഗ്രൂപ്പ്. ക്ലബ്ബ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വി.പി.എസ് ഹെൽത്തോ സ്ഥാപകൻ ഡോ. ഷംഷീർ വയലിലോ യാതൊരുവിധ ചർച്ചകളുടെയും നടപടികളുടെയും ഭാഗമായിട്ടില്ലെന്നും, സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്നും അധികൃതർ അറിയിച്ചു. ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമ വരുന്നതായും ഷംഷീർ വയലിൽ ക്ലബ്ബ് സ്വന്തമാക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നത്.

തുടർച്ചയായുള്ള സാമ്പത്തിക നഷ്ടവും ബ്രോഡ്കാസ്റ്റ് പരസ്യ വരുമാനത്തിലെ വൻ ഇടിവും കാരണം ബ്ലാസ്റ്റേഴ്സിന്റെ മാതൃകമ്പനിയായ മാഗ്നം സ്പോർട്സ് പ്രതിസന്ധിയിലാണ്. കഴിഞ്ഞ സീസണിൽ മാത്രം 30 കോടി രൂപയുടെ നഷ്ടമാണ് ക്ലബ്ബിനുണ്ടായത്. ഈ സാഹചര്യത്തിൽ ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും വിൽക്കാൻ ഉടമകൾ തീരുമാനിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വിൽപന നടപടികൾ പൂർത്തിയാകുമെന്നാണ് വിവരം. ഒരു വിദേശ മലയാളി സംരംഭകൻ ഉൾപ്പെട്ട കൺസോർഷ്യമാകും ഏകദേശം 120 കോടി രൂപയ്ക്ക് ബ്ലാസ്റ്റേഴ്സിനെ സ്വന്തമാക്കുകയെന്നാണ് സൂചന.

നേരത്തെ ഐ.ബി.എസ് ഗ്രൂപ്പ് ക്ലബ്ബ് ഏറ്റെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഉടമകൾ ആവശ്യപ്പെട്ട 150 കോടി രൂപ കൂടുതലാണെന്ന വിലയിരുത്തലിൽ അവർ പിന്മാറുകയായിരുന്നു. നിലവിൽ വൻകിട ഗ്രൂപ്പുകളൊന്നും ഉയർന്ന തുക നൽകി ക്ലബ്ബ് ഏറ്റെടുക്കാൻ ഔദ്യോഗികമായി രംഗത്തില്ലെന്നത് ആരാധകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഭാഗികമായി ഓഹരികൾ വിൽക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും പ്രസാദ് പൊട്ട്ലൂരിയുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യകാല ഉടമകൾ.

കടുത്ത സാമ്പത്തിക പ്രതിസന്ധി ടീമിന്റെ ഒരുക്കങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ടീമിൽ നിലവിൽ അഡ്രിയാൻ ലൂണ മാത്രമാണ് വിദേശ താരമായുള്ളത്. പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്ന ഓഗസ്റ്റ് 31-നകം പൂർത്തിയാക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടന്ന് പുതിയ മാനേജ്മെന്റ് എത്രയും വേഗം എത്തുകയും, മികച്ച താരങ്ങളെ കളത്തിലിറക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പടയുടെ ആരാധകർ.

Tags:    
News Summary - VPS Health Denies Rumours of Buying Kerala Blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.