ജെയിംസ് റോഡ്രിഗസ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു; 15 വർഷത്തെ കരിയറിന് വിരാമമിട്ട് പടിയിറക്കം

ബഗോട്ട: കൊളംബിയൻ ഇതിഹാസം ജെയിംസ് റോഡ്രിഗസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 15 വർഷത്തെ കരിയർ അവസാനിപ്പിച്ചാണ് കൊളംബിയൻ ഫുട്ബാൾ ചരിത്രത്തിലെ മികച്ച മിഡ്‌ഫീൽഡർ ബൂട്ടഴിക്കുന്നത്. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ വികാരാധീനമായ ഒരു വീഡിയോ പങ്കുവെച്ചാണ് 35കാരൻ തന്റെ പടിയിറക്കം അറിയിച്ചത്.

കൊളംബിയൻ ജേഴ്സിയിൽ നടത്തിയ സംഭാവനകളിൽ ഏറെ അഭിമാനമുണ്ടെന്നും പൂർണ സംതൃപ്തിയോടെയാണ് തന്റെ കരിയറിന് വിരാമമിടുന്നതും റോഡ്രിഗസ് വ്യക്തമാക്കി. "വർഷങ്ങളുടെ കഠിനാധ്വാനത്തിനും സന്തോഷത്തിനും ശേഷം എന്റെ ജീവിതത്തിലെ ഒരു സുപ്രധാന അധ്യായത്തിന് വിരാമമിടാൻ സമയമായി. കൊളംബിയൻ ജേഴ്സി ധരിക്കുകയെന്നത് ഒരു സ്വപ്നത്തിനൊപ്പം ഭാരിച്ച ഉത്തരവാദിത്തവുമായിരുന്നു. കളത്തിലിറങ്ങിയപ്പോയെല്ലാം എനിക്ക് വേണ്ടി മാത്രമല്ല, എന്റെ കുടുംബത്തിനും സഹതാരങ്ങൾക്കും ലക്ഷക്കണക്കിന് കൊളംബിയൻ ജനതക്കും വേണ്ടിയാണ് ഞാൻ കളിച്ചത്" റോഡ്രിഗസ് പറഞ്ഞു.

2011 ഒക്ടോബറിൽ ബൊളീവിയക്കെതിരെയുള്ള മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച റോഡ്രിഗസ് കഴിഞ്ഞ ലോകകപ്പിൽ സ്വിറ്റ്സർലാൻഡിനെതിരെയുള്ള പ്രീക്വാർട്ടർ മത്സരത്തിലാണ് അവസാനമായി കൊളംബിയക്കായി കളത്തിലിറങ്ങിയത്. അന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് കൊളംബിയ പുറത്താവുകയായിരുന്നു.

രാജ്യത്തിനായി 131 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ റോഡ്രിഗസ് 31 ഗോളുകളും 43 അസിസ്റ്റുകളും നേടി. കൂടാതെ, 2014, 2018, 2025 ലോകകപ്പുകളിൽ ടീമിനായി ബൂട്ടുകെട്ടി. ബ്രസീൽ ലോകകപ്പിൽ ആറ് ഗോളുകൾ അടിച്ച് ഗോൾഡൻ ബൂട്ടും താരം സ്വന്തമാക്കി. 2023ൽ ടീമിന്റെ ക്യാപ്റ്റനായ താരം തൊട്ടടുത്ത വർഷം തന്നെ ടീമിനെ കോപ്പ അമേരിക്ക ഫൈനലിൽ എത്തിച്ചിരുന്നു.

റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്, ഒളിംപ്യകോസ്, സാവോ പോള, റയോ വല്ലകാന, ലിയോൺ എന്നീ നിരവധി ടീമുകൾക്കായി റോഡ്രിഗസ് കളത്തിലിറങ്ങിയിട്ടുണ്ട്. നിലവിൽ 35കാരൻ കൊളംബിയൻ ക്ലബ്ബായ അത്‌ലറ്റികോ നാഷണൽ താരമാണ്.

Tags:    
News Summary - James Rodríguez Calls Time On Colombia Career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.