യുവേഫ ചാമ്പ്യൻസ് ലീഗിൽ കരുത്തരായ ലിവർപൂളിന് വീണ്ടും തോൽവി. തുർക്കിയ ക്ലബ്ബായ ഗലാറ്റസറെയാണ് വമ്പൻമാരെ ഞെട്ടിച്ചത്. ഇസ്താംബുളിൽ നടന്ന മത്സരത്തിലെ ആദ്യ പകുതിയിൽ നേടിയ പെനാൽറ്റി ഗോളിനായിരുന്നു ആതിഥേയരുടെ വിജയം. 16-ാം മിനിറ്റിൽ ലഭിച്ച അവസരം വിക്ടർ ഒസിംഹെൻ ഗോളാക്കി മാറ്റുകയായിരുന്നു. ബാരിസ് യിൽമാസിനെ ഡൊമിനിക് സോബോസ്ലായ് ഫൗൾ ചെയ്‌തതാണ് നിർണായക പെനാൽറ്റിയിലേക്ക് നയിച്ചത്. ശേഷിച്ച സമയം പ്രതിരോധത്തിലേക്ക് വലിഞ്ഞ ഗലാറ്റസറെ, ലിവർപൂളിനെ ഗോളടിക്കാൻ അനുവദിക്കാതെ പിടിച്ചുനിർത്തുകയായിരുന്നു.
സമനില ഗോൾ നേടാനുള്ള ലിവർപൂളിന്‍റെ ശ്രമങ്ങൾ പലതവണ പരാജയപ്പെട്ടു. 16 ഷോട്ടുകളുതിർത്തെങ്കിലും ഒന്നുപോലും ലിവർപൂളിന് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. 7 ശതമാനം സമയവും പന്ത് സൂക്ഷിച്ച ലിവർപൂളിന് ഗോൾ നേടാൻ കഴിഞ്ഞില്ല. അവസാന നിമിഷം ലിവർപൂളിന് പെനാൽറ്റി ലഭിച്ചെങ്കിലും വാറിൽ ചെക്ക് ചെയ്തതിന് ശേഷം അത് നിഷേധിച്ചു. സൂപ്പർതാരം മുഹമ്മദ് സലായടക്കം ആദ്യ ഇലവനിൽ ഇറക്കാതെയാണ് ലിവർപൂൾ മത്സരത്തിയത്.
ലിവർപൂളിനെ നേരിടുന്നതിന് മുമ്പ്, എട്ട് മത്സരങ്ങളിൽ ഗലാറ്റസറെ സ്വന്തം മണ്ണിൽ വിജയിച്ചിരുന്നില്ല. 19 മത്സരങ്ങളിൽ ഗലാറ്റസറെയുടെ രണ്ടാം വിജയം കൂടിയാണിത്. നേരത്തെ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനോട് 5-1ന്‍റെ കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. അതേസമയം ചാമ്പ്യൻസ് ലീഗിൽ മൂന്ന് വ്യത്യസ്‌ത ടീമുകൾക്കായി ഗോൾ നേടുന്ന ആദ്യ നൈജീരിയൻ കളിക്കാരനായി വിക്ടർ ഒസിംഹെൻ ചരിത്രം സൃഷ്ടിച്ചു. ലില്ലെ, നാപ്പോളി ടീമുകൾക്ക് ശേഷം ഇപ്പോൾ ഗലാറ്റസറെക്ക് വേണ്ടിയാണ് താരം വലകുലുക്കിയത്. ടൂർണമെന്‍റിന്‍റെ ഗ്രൂപ്പ് മത്സരങ്ങളില്‍ 10 ഗോളുകൾ നേടുന്ന ആദ്യ നൈജീരിയൻ കളിക്കാരനുമായി ഒസിംഹെൻ മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.