ജിയാനി ഇൻഫാന്റിനോ
ലണ്ടൻ : ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ മത്സരങ്ങളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ വ്യക്തികൾക്ക് വിൽക്കാനുള്ള വിവാദ നീക്കത്തിന് പിന്നാലെയുണ്ടായ കടുത്ത പ്രതിസന്ധിയിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്‌ക്കെതിരെ അടിയന്തര അവിശ്വാസ പ്രമേയത്തിന് ഒരുങ്ങി യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനുകളുടെ കൂട്ടായ്മയായ യുവേഫ . ഇൻഫാന്റിനോ ഉടൻ രാജിവെച്ചില്ലെങ്കിൽ അടിയന്തരമായി അവിശ്വാസ വോട്ടെടുപ്പ് കൊണ്ടുവരുമെന്നാണ് പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ 'ദ ടെലിഗ്രാഫ്' റിപ്പോർട്ട് ചെയ്യുന്നത്. യുവേഫയുടെ കീഴിലുള്ള മുഴുവൻ അംഗ രാജ്യങ്ങളും അദ്ദേഹത്തെ പുറത്താക്കുന്നതിനെ പിന്തുണയ്ക്കാൻ സന്നദ്ധമാണെന്നതാണ് നിലവിലെ സാഹചര്യം.
ഫിഫയുടെ പുതിയ വാണിജ്യ പദ്ധതിയായ 'ഫിഫ ഫോർവേഡ് എന്റർപ്രൈസ്' (FFE) നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ ലോകമെമ്പാടുമുള്ള ഫുട്ബോൾ സംഘടനകളിൽ നിന്നും കടുത്ത എതിർപ്പാണ് ഉയർന്നിരുന്നത്. മേജർ ഫിഫ ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യാനും പുറത്തുനിന്നുള്ള നിക്ഷേപകർക്ക് സ്വന്തമാക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു ഈ പുതിയ വാണിജ്യ പദ്ധതി. ഇത് സംഘടനയിൽ വലിയ ഭിന്നതയ്ക്ക് കാരണമാവുകയും ചെയ്തു. തുടർന്നുള്ള കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിലാണ് ഫിഫ ഈ പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കാൻ തയ്യാറായത്.
യുവേഫയ്ക്ക് പുറമെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC), കോൺകാഫ് (CONCACAF) തുടങ്ങിയ പ്രമുഖ കോൺഫെഡറേഷനുകളും ഈ പദ്ധതിക്കെതിരെ രംഗത്തു വന്നിരുന്നു. എതിർപ്പ് ശക്തമായതോടെ ഫിഫയുടെ മുൻ സീനിയർ അഡൈ്വസർ കാർലോസ് കോർഡെയ്‌റോ ഉൾപ്പെടെയുള്ളവർ പ്രതിഷേധ സൂചകമായി സ്ഥാനം ഒഴിഞ്ഞിരുന്നു. പദ്ധതി പിൻവലിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച ഇൻഫാന്റിനോ, ഫുട്ബോളിന്റെ മികച്ച താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഭിന്നതകൾ ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് വ്യക്തമാക്കിയെങ്കിലും, ഫുട്ബോൾ ലോകത്ത് അദ്ദേഹത്തിനെതിരെയുള്ള അതൃപ്തി ശമിച്ചിട്ടില്ല.
പദ്ധതി പിൻവലിച്ചതിനെ 'മുഴുവൻ ഫുട്ബോളിനുമുള്ള വിജയം' എന്ന് വിശേഷിപ്പിച്ച യുവേഫ, "ഫുട്ബോൾ വിൽപ്പനയ്ക്കുള്ളതല്ല" എന്ന് തുറന്നടിച്ചു. ഫിഫയുടെ നിലവിലെ നേതൃത്വത്തിന് യുവേഫയുടെ മാത്രമല്ല, ലോക ഫുട്ബോൾ കുടുംബത്തിലെ പലരുടെയും വിശ്വാസ്യത പൂർണ്ണമായി നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തി. 2016-ൽ ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വേളയിൽ ഇൻഫാന്റിനോ നൽകിയ സുതാര്യതയെന്ന വാഗ്ദ്ധാനം പാലിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും യുവേഫ പുറത്തിറക്കിയ ശക്തമായ പ്രസ്താവനയിൽ ആരോപിക്കുന്നു.
ഫിഫയുടെ ചട്ടപ്രകാരം 43 അംഗ രാജ്യങ്ങളുടെ പിന്തുണയുണ്ടെങ്കിൽ യുവേഫയ്ക്ക് അവിശ്വാസ പ്രമേയ നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കും. നിലവിൽ യുവേഫയുടെ കീഴിലുള്ള 55 അംഗ രാജ്യങ്ങളും ഇൻഫാന്റിനോയെ പുറത്താക്കുന്നതിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ നേതൃമാറ്റത്തിലേക്കാണ് ഈ സംഭവവികാസങ്ങൾ വഴിമാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.