പാരിസ്/ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ബുധനാഴ്ച നിലവിലെ ജേതാക്കളും മുൻ ചാമ്പ്യന്മാരുമടക്കം വമ്പന്മാർ കളത്തിൽ. ക്വാർട്ടർ ഫൈനൽ ഒന്നാം പാദത്തിൽ പാരിസ് സെന്റ് ജെർമെയ്നെ ലിവർപൂളും ബാഴ്സലോണയെ അത്ലറ്റികോ മഡ്രിഡും നേരിടും. പാരിസിലെ പാർക് ഡെസ് പ്രിൻസസിലാണ് കിരീടം നിലനിർത്താൻ ശ്രമിക്കുന്ന പി.എസ്.ജിക്കെതിരെ ചെമ്പട പട നയിക്കുക. നൂകാമ്പിൽ ആതിഥേയരായ ബാഴ്സക്കെതിരെ സ്പാനിഷ് ലാലിഗയിലെത്തന്നെ അത്ലറ്റികോ പോരിനിറങ്ങും.
മികച്ച ഫോമിൽ കളിക്കുന്ന പി.എസ്.ജി ഫ്രഞ്ച് ലിഗ് വണിൽ ടേബ്ൾ ടോപ്പർമാരാണ്. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ചെൽസിക്കെതിരെ കൂറ്റൻ ജയങ്ങൾ നേടിയാണ് വരുന്നത്. ആർനെ സ്ലോട്ടിന്റെ ലിവർപൂൾ പക്ഷേ, ഫോം കണ്ടെത്താൻ പ്രയാസപ്പെടുകയാണ്. ഈയിടെ എഫ്.എ കപ്പ് ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയോട് 4-0ത്തിന് പരാജയപ്പെട്ടിരുന്നു. പരിക്ക് മാറി ബ്രാഡ്ലി ബാർക്കോള പരിശീലനത്തിന് തിരിച്ചെത്തിയത് പി.എസ്.ജിക്ക് വലിയ ആശ്വാസമാണ്. എന്നാൽ, ഫാബിയൻ റൂയിസ് പരിക്കിന്റെ പിടിയിൽ തുടരുന്നു. വാരാന്ത്യത്തിൽ വിശ്രമം അനുവദിച്ച നൂനോ മെൻഡെസ്, വിറ്റിഞ്ഞ, ജോവോ നെവസ് തുടങ്ങിയ പ്രമുഖർ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. ലിവർപൂൾ ഗോൾ കീപ്പർ അലിസൺ ബെക്കർക്ക് കളിക്കാനാവില്ല, പകരം മമർദാഷ്വിലി വല കാക്കും. അലക്സാണ്ടർ ഇസാക് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
അത്ലറ്റികോക്കെതിരെ ഇറങ്ങുന്ന ബാഴ്സ സംഘത്തിൽ റാഫിഞ്ഞ, ആൻഡ്രിയാസ് ക്രിസ്റ്റൻസൺ തുടങ്ങിയവർ പരിക്കേറ്റ് പുറത്താണ്. ഫ്രാങ്കി ഡി ജോങ്ങും റൊണാൾഡ് അരാഹോയും കളിക്കുമെന്നാണ് പ്രതീക്ഷ. റോബർട്ടോ ലെവൻഡോവ്സ്കി, മാർകസ് റാഷ്ഫോഡ്, ലമീൻ യമാൽ ഉൾപ്പെടെയുള്ളവരുടെ ചിറകിലേറി വിജയം കൈവരിക്കാമെന്നാണ് ആതിഥേയർ കരുതുന്നത്. കഴിഞ്ഞ ലീഗ് മത്സരത്തിൽ വിശ്രമം അനുവദിച്ച ജൂലിയൻ അൽവാരസും അഡെമോള ലുക്ക്മാനും അത്ലറ്റികോ നിരയിൽ തിരിച്ചെത്തും. ഗോൾകീപ്പർ ജാൻ ഒബ്ലാക്കും കളിച്ചേക്കും. രണ്ടാം പാദ മത്സരങ്ങൾ അടുത്തയാഴ്ച എതിർ ടീമുകളുടെ മൈതാനങ്ങളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.