കൻസാസ് സിറ്റി: ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരായ മത്സരത്തിലെ റഫറിയിങ് വിവാദങ്ങൾ തള്ളി അർജന്റീനൻ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസ്. മത്സരം നിയന്ത്രിച്ച ഒഫീഷ്യലുകൾ മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്നും, വിവാദങ്ങൾ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ നേരിടാനൊരുങ്ങുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം.
രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അവസാന 11 മിനിറ്റുകളിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന ഈജിപ്തിനെ (3-2) തകർത്ത് ക്വാർട്ടറിലെത്തിയത്. എന്നാൽ മത്സരത്തിന്റെ 62-ാം മിനിറ്റിൽ ഈജിപ്ത് താരം മൊസ്തഫ സിക്കോ നേടിയ ഗോൾ വി.എ.ആർ പരിശോധനയിലൂടെ റഫറി റദ്ദാക്കിയിരുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. എന്നാൽ ഫിഫ ഒഫീഷ്യലുകൾക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് മാർട്ടിനെസ് വ്യക്തമാക്കി.
"അവർ മികച്ച രീതിയിലാണ് അവരുടെ ജോലി ചെയ്യുന്നത്. ചിലപ്പോഴൊക്കെ മാധ്യമങ്ങളാണ് ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നത്. മൈതാനത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതിൽ മാത്രമാണ് ഞങ്ങളുടെ പൂർണ്ണ ശ്രദ്ധ," റഫറിയിങ്ങിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെ മാർട്ടിനെസ് വ്യക്തമാക്കി.
ക്വാർട്ടർ ഫൈനലിൽ നേരിടാനൊരുങ്ങുന്ന സ്വിറ്റ്സർലൻഡിനെ കുറച്ചുകാണാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. "സ്വിറ്റ്സർലൻഡ് ഈ ഘട്ടം വരെ എത്തിയെങ്കിൽ അവർ അതിന് അർഹരായതുകൊണ്ടാണ്. കൊളംബിയക്കെതിരായ അവരുടെ മത്സരം ഞങ്ങൾ കണ്ടിരുന്നു. ശാരീരികക്ഷമതയിലും സെറ്റ് പീസുകളിലും അവർ വളരെ ശക്തരാണ്. ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുന്നതിനാൽ ഇതൊരു മികച്ച പോരാട്ടമായിരിക്കുമെന്ന് ഉറപ്പാണ്," മാർട്ടിനെസ് കൂട്ടിച്ചേർത്തു.
എതിരാളികൾ ആരാണെങ്കിലും, അവർ എവിടെ നിന്നുള്ളവരാണെങ്കിലും തങ്ങളുടെ സ്വന്തം തെറ്റുകൾ തിരുത്തി മുന്നേറുന്നതിലാണ് ടീം എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഈജിപ്തിനെതിരെ അർജന്റീനയ്ക്കായി ആദ്യ ഗോൾ നേടിയ ക്രിസ്റ്റ്യൻ റൊമേറോയും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.