റിയോ ഡി ജനീറോ: 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ നോർവെയോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തായതിന് പിന്നാലെ ആരാധകരോട് മാപ്പപേക്ഷിച്ച് സൂപ്പർതാരം വിനീഷ്യസ് ജൂനിയർ. ഈ അപ്രതീക്ഷിത തോൽവിയുണ്ടാക്കിയ നിരാശയും വേദനയും പറഞ്ഞറിയിക്കാനാവാത്തതാണെന്ന് താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 2-1 നായിരുന്നു നോർവെയ്ക്ക് മുന്നിൽ കാനറിപ്പട അടിയറവ് പറഞ്ഞത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കുകയും നാല് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കുകയും ചെയ്തെങ്കിലും നോർവെയ്ക്കെതിരെ ടീമിനെ വിജയത്തിലെത്തിക്കാൻ വിനീഷ്യസിനായില്ല. വലിയൊരു ഇടവേളയ്ക്ക് ശേഷം സമൂഹമാധ്യമങ്ങളിലൂടെയാണ് താരം തന്റെ വേദന പങ്കുവെച്ചത്.
'ഏകദേശം നാല് വർഷങ്ങൾക്ക് ശേഷം, ലോകകപ്പിലെ മറ്റൊരു നിരാശയ്ക്ക് പിന്നാലെ എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലാണ് ഞാൻ. എല്ലാ പ്രായത്തിലുമുള്ള നിരവധി ആളുകൾ എന്നെ പിന്തുണയ്ക്കുന്നതും നമ്മുടെ സ്വപ്നത്തെ നെഞ്ചേറ്റുന്നതും ഞാൻ കണ്ടു. അതിനാൽ ഇനിയും മൗനം പാലിക്കുന്നത് ശരിയല്ല. എങ്കിലും എനിക്കൊന്ന് ചിന്തിക്കാൻ കുറച്ചുദിവസങ്ങൾ ആവശ്യമായിരുന്നു.
'ദേശീയ ടീമിന്റെ ജഴ്സി അണിയുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനമാണ്. എന്നാൽ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ തന്നെ പുറത്താകേണ്ടി വന്നതിലെ വേദന പറഞ്ഞറിയിക്കാനാവാത്തതാണ്. ഇതിനായി ഞാൻ എത്രമാത്രം തയ്യാറെടുത്തിരുന്നെന്നും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെന്നും എനിക്കറിയാം. എന്റെ കുടുംബത്തിനും നിങ്ങൾക്കും വേണ്ടി ഞാൻ ഈ കിരീടം അത്രമേൽ ആഗ്രഹിച്ചിരുന്നു.
നിരാശയുടെ ആഴം വലുതാണ്. ഇതിലും മികച്ചത് ചെയ്യാൻ കെൽപ്പുള്ള ഒരു സംഘം നമുക്കുണ്ടായിരുന്നു, പക്ഷേ അതിന് കഴിഞ്ഞില്ല. ഞാൻ നിങ്ങളോട് മാപ്പപേക്ഷിക്കുന്നു, ലോകത്തിന്റെ നെറുകയിൽ വീണ്ടും തിരിച്ചെത്തുകയെന്ന നമ്മുടെ സ്വപ്നത്തിനായി ഞാൻ ഇനിയും പോരാടും."
1994-ന് ശേഷം ആദ്യമായാണ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ കാണാതെ ബ്രസീൽ പുറത്താകുന്നത്. ലോക ഫുട്ബാളിലെ ഏറ്റവും കരുത്തരായ, അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിന് 2002-ന് ശേഷം ഇതുവരെ കിരീടം നേടാനായിട്ടില്ല. നോർവെയോടേറ്റ തോൽവി ബ്രസീലിയൻ ഫുട്ബാളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തലമുറമാറ്റത്തിലൂടെ ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടെയാണ് വിനീഷ്യസിന്റെ വൈകാരികമായ പ്രതികരണം പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.