മയാമി: ഹാർഡ്റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ക്വാർട്ടർ ഫൈനലിൽ കടുപ്പമേറിയ അങ്കം. 28 വർഷത്തിനുശേഷം സാന്നിധ്യമറിയിച്ച നോർവേയും 60 വർഷത്തിനുശേഷം കിരീടത്തിനായി പൊരുതുന്ന ഇംഗ്ലണ്ടുമാണ് കളത്തിൽ. ഒന്നാന്തരം സ്ട്രൈക്കർമാരായ ഹാരി കെയ്ൻ ഇംഗ്ലണ്ട് നിരയിലും എർലിങ് ഹാലൻഡ് നോർവേയുടെ ഭാഗത്തും. ബ്രസീലിനെ തോൽപിച്ചെത്തുന്ന നോർവേ ഇൗ ലോകകപ്പിലെ ശ്രദ്ധേയ ടീമായാണ് ക്വാർട്ടറിൽ പോരിനിറങ്ങുന്നത്. മെക്സികോയുമായി വീറോടെ പൊരുതിയാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടർ പിന്നിട്ടത്. ഈ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട പ്രതിരോധഭടൻ യാരൽ ക്വൻസക്ക് കളിക്കാനാകില്ല. ഞായർ പുലർച്ച ഇന്ത്യൻ സമയം 2.30നാണ് മത്സരം.
ഹാലൻഡ് Vs കെയ്ൻ
ഏഴ് ഗോളുകളുമായി വല തകർത്ത് മുന്നേറുകയാണ് ഹാലൻഡ്. ആകെ ടച്ചുകൾ കുറവാണെങ്കിലും പന്ത് കാലിൽ കിട്ടിയാൽ വലകുലുക്കുന്ന മാന്ത്രികൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ മുന്നേറ്റക്കാരന്റെ എതിരാളികളും സഹതാരങ്ങളുമെല്ലാം അടങ്ങുന്നതാണ് ഇന്നതെ എതിരാളികൾ. ഇംഗ്ലണ്ട് കോച്ച് തോമസ് ടുഷേലിന്റെ മുഖ്യതന്ത്രം ഹാലൻഡിനെ പൂട്ടുന്നതായിരിക്കും. ബ്രസീലിനെതിരെ അവസാന 11 മിനിറ്റിനിടെ നേടിയ ഗോളുകൾ ഹാലൻഡിന്റെ പ്രതിഭയുടെ ഔന്നത്യം വെളിപ്പെടുത്തുന്നതായിരുന്നു.
മധ്യനിരയിൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡിന്റെ ചടുലമായ നീക്കങ്ങൾ മുൻനിരയിൽ ഹാലൻഡിന് തുണയാകും. മനോഹരമായി കളംഭരിക്കുന്ന ഒഡേഗാർഡിന്റെ പ്രകടനം ഹാലൻഡിന്റെ ഗോളടിമികവിന് മുന്നിൽ മുങ്ങിപ്പോകുകയായിരുന്നു. വിങ്ങുകളിലൂടെ അന്റോണിയോ നുസയുടെ അതിവേഗതയും നോർവേക്ക് പ്രതീക്ഷയാണ്. യൂലിയൻ റയേഴ്സൻ തിരിച്ചുവന്നത് പ്രതിരോധത്തിനും ഉറപ്പ് കൂട്ടും.
മറുഭാഗത്ത് ഹാരി കെയ്ൻ എന്ന സൂപ്പർ സ്ട്രൈക്കറുണ്ട് ഇംഗ്ലണ്ടിന്. ആറ് ഗോളുകൾ നേടി കുതിപ്പിലാണ്. ടീം പിന്നിലായാലും ആത്മവിശ്വാസത്തിന്റെ ഊർജമേകുന്നത് കെയ്നാണ്. ബുകായോ സാക്കയും ജൂഡ് ബെല്ലിങ്ഹാമും ലക്ഷ്യം കാണുന്നതിൽ മിടുക്കരാണ്. ആന്റണി ഗോർഡൻ റാഷ്ഫോർഡിന് പകരം വന്ന് ഇടത് വിങ്ങിൽ സ്ഥിരം സ്ഥാനമുറപ്പിച്ചു. ഗോർഡന്റെ ക്രോസുകൾ ഇംഗ്ലണ്ടിന്റെ പ്ലസ്പോയന്റാണ്. യാരൽ ക്വൻസക്ക് പകരം ജേഡ് സെപ്ൻസാകും ഇറങ്ങുക. റീസ് ജെയിംസിനും മാർക് ഗ്യൂഹിക്കും പരിക്കുണ്ട്. വിജയാഘോഷത്തിനിടെ കൈ ഒടിഞ്ഞ ജോർദാൻ ഹെൻഡേഴ്സന് ശസ്ത്രക്രിയ കഴിഞ്ഞു, ഇനി ലോകകപ്പിൽ കളിക്കാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.