ന്യൂയോർക്: ലോകകപ്പ് ഫുട്ബാളിലെ വിഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആർ) തീരുമാനങ്ങൾ തുടർച്ചയായി വിവാദത്തിൽ പെടുന്ന സാഹചര്യത്തിൽ പുതിയ മാറ്റങ്ങൾ നടപ്പാക്കി ഫിഫ. സ്റ്റേഡിയങ്ങളിൽ നിന്നും അകലെ ഏകീകൃത സെന്ററിൽ ഇരുന്ന് പ്രവർത്തിച്ച വി.എ.ആർ സംവിധാനത്തെ സ്റ്റേഡിയത്തിലേക്ക് എത്തിച്ചാണ് പരിഷ്കാരം നടപ്പാക്കിയത്. വെള്ളിയാഴ്ച പുലർച്ചെ നടന്ന ഫ്രാൻസ്-മൊറോക്കോ മത്സരത്തോടെ ഇത് നടപ്പായി. ഡാള്ളസിലെ ഇന്റർനാഷനൽ ബ്രോഡ്കാസ്റ്റ് സെന്ററിൽ (ഐ.ബി.സി) പ്രവർത്തിച്ചിരുന്ന വി.എ.ആർ ഇനി ഓരോ മത്സരങ്ങൾക്കും വേദിയാകുന്ന സ്റ്റേഡിയത്തിൽ തന്നെ പ്രവർത്തിക്കും. വി.എ.ആർ ഒഫീഷ്യലുകളും റഫറിമാരും തമ്മിലെ ആശയ വിനിമയത്തിൽ കാലതാമസം ഒഴിവാക്കുക, തീരുമാനം വേഗത്തിൽ എടുക്കുക എന്നിവയുടെ ഭാഗമായാണ് ക്വാർട്ടർ മുതൽ സ്റ്റേഡിയത്തിൽ വി.എ.ആർ റൂം സജ്ജമാക്കാൻ നിർദേശം നൽകിയത്. പ്രൈമറി വി.എ.ആർ ഒഫീഷ്യലുകളും, റിസർവ് ഒഫീഷ്യലുകളും ഓരോ സ്റ്റേഡിയത്തിലും സേവനത്തിലുണ്ടാവും. അതേസമയം, ഡാള്ളസിലെ കേന്ദ്രം പ്രധാന ഒാപറേഷൻ സെന്ററായി പ്രവർത്തനം തുടരും. കളിനടക്കുന്ന സ്റ്റേഡിയത്തിനും ഓപറേഷൻ സെന്ററിനുമിടയിൽ പ്രവർത്തിക്കുകയാവും പുതിയ സംഘത്തിന്റെ ദൗത്യം. ഏതെങ്കിലും സാഹചര്യത്തിൽ ഡാള്ളസിലെ കേന്ദ്രവുമായി ബന്ധപ്പെടാൻ കഴിയാതെ വരുമ്പോൾ മത്സരത്തിന് തടസ്സമില്ലാതെ സ്റ്റേഡിയം വി.എ.ആർ ഒഫീഷ്യലുകൾ പ്രവർത്തനം ഏറ്റെടുക്കും. പ്രീക്വാർട്ടറിലെ മത്സരങ്ങളിൽ ഉൾപ്പെടെ വി.എ.ആർ ഇടപെടൽ വിവാദമായതോടെയാണ് ഫിഫ ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.