ഒമാനെ തകര്‍ത്ത് യു.എ.ഇ ലോകകപ്പിനരികെ...

ദുബൈ: ലോകകപ്പ് ഫുട്‌ബാള്‍ ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കെ യു.എ.ഇ പ്രതീക്ഷയോടെ മുന്നേറുന്നു. കഴിഞ്ഞദിവസം ഒമാനെ 2-1 തകര്‍ത്ത യു.എ.ഇ ലോകപ്പ്​ സാധ്യത വർധിപ്പിച്ചിരിക്കുകയാണ്​. ചൊവ്വാഴ്ച ഖത്തറുമായി നടക്കുന്ന അവസാന മത്സരത്തില്‍ സമനില നേടിയാല്‍ യു.എ.ഇ യോഗ്യത നേടും. അതേസമയം പരാജയപ്പെട്ടാല്‍ പുറത്താവും.

യു.എ.ഇക്ക് വേണ്ടി 76 ാം മിനിറ്റില്‍ മര്‍ക്കസ് മെലോണിയും 83ാം മിനിറ്റില്‍ കെയ്ഓ ലൂക്കാസുമാണ് ഗോളുകള്‍ നേടിയത്. യു.എ.ഇ പ്രതിരോധ താരം കൗമേ ഓട്ടന്റെ ദാന ഗോളാണ് ഒമാന്റെ പരാജയ ഭാരം കുറച്ചത്. ദോഹ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഒമാന്റെ മുന്നേറ്റത്തിനാണ് തിങ്ങിനിറഞ്ഞ കാണികള്‍ തുടക്കത്തില്‍ സാക്ഷികളായത്. ഒമാന്‍ ലീഡ് നേടുകയും ചെയ്തു. 12ാം മിനിറ്റില്‍ ഒമാന്റെ മുന്നേറ്റം തടയുന്നതിനിടെ കൗമേ ഓട്ടന്റെ കാലില്‍ തട്ടി സ്വന്തം വലയില്‍ കയറി(1-0). ഈ ഞെട്ടലില്‍ നിന്നും കരകയറാന്‍ യു.എ.ഇക്ക് രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു.

രണ്ടാം പകുതിയില്‍ മധ്യനിരയില്‍ നിന്നും ഫാബിയോ ലിമ, മാജിദ് ഹസന്‍, റമദാന്‍ എന്നിവരെ കോച്ച്​ കോസ്മിന്‍ ഒലറോയ് മാറ്റി. പകരം കെയ്ഓ കനേഡോ-ഹാരിബ് അബ്ദുല്ല-യഹ്‌യാ നദീന്‍ എന്നിവരെ ഇറക്കിയതോടെ കളിയുടെ ഗതി മാറുകയായിരുന്നു. തുടര്‍ന്ന് ആക്രമണം ശക്തമാക്കിയപ്പോള്‍ ഹാരിബ് അബ്ദുല്ലയുടെ സുപ്പര്‍ ഷോട്ട് വളരെ പണിപ്പെട്ട് ഒമാന്‍ കീപ്പര്‍ മുഖൈനി ഇബ്രാഹിം തട്ടിത്തെറിപ്പിച്ചു. പരിക്കേറ്റ സ്റ്റാര്‍ സ്‌ട്രൈക്കര്‍ യഹ്‌യാ അൽ ഗസ്സാനിക്ക് പകരം അലി സാലിഹിനെയും ഇറക്കിയതോടെ യു.എ.ഇ മത്സരത്തിലേക്ക് തിരിച്ചു വന്നു. 76ാം മിനിറ്റില്‍ അലി സാലിഹിന്റെ കൃത്യതയാര്‍ന്ന ക്രോസ് ബോളില്‍ മര്‍ക്കസ് മേലോണി കിടിലന്‍ ഹെഡറിലൂടെ സമനില പിടിച്ചു. 83ാം മിനിറ്റില്‍ കെയ്ഓ ലൂക്കാസിന്റെ ക്രോസ് പ്രതിരോധിക്കാന്‍ ഒമാന്റെ ഥാനി അല്‍ റുഷൈദി പരാജയപ്പെട്ടതോടെ വിജയ ഗോളും പിറന്നു.

ഇതിനിടെ അല്‍ മുശൈരിഫിയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് യു.എ.ഇ ഗോള്‍കീപ്പര്‍ ഖാലിദ് ഈസ തകര്‍ത്തു. യോഗ്യതാ മൽസരത്തിൽ യു.എ.ഇ മൂന്നു പോയിന്റ് നേടിയപ്പോള്‍ ഒരു പോയിന്റ് മാത്രം നേടിയ ഒമാന്‍ പുറത്തായി. ഖത്തറിനും ഒരു പോയിന്റാണുള്ളത്. അതിനിടെ സൗദിയില്‍ നടന്ന ഗ്രൂപ്പ് -ബി പോരാട്ടത്തില്‍ ഇറാഖ് മറുപടിയില്ലാത്ത ഒരു ഗോളിന് ഇന്‍ഡോനേഷ്യയെ തോല്‍പിച്ചു. സിനദിന്‍ ഇഖ്ബാലാണ് ഗോള്‍ നേടിയത്. ഇന്‍ഡോനേഷ്യയുടെ പോറ്റിനാമയും ജോനാദനും ഇറാഖിന്റെ സെയ്ദ് ഹസീനും ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായി. ചൊവ്വാഴ്ച നടക്കുന്ന ഇറാഖ്-സൗദി മത്സര വിജയികളും ലോകകപ്പ്​ യോഗ്യത നേടും. സമനിലയിലായാല്‍ ഗോള്‍ ശരാശരി വിധി നിർണയിക്കും. ഇരു ടീമുകള്‍ക്കും മൂന്നു പോയിന്റ് വീതമാണുള്ളത്. ഇന്‍ഡോനേഷ്യ രണ്ടു മത്സരങ്ങളും തോറ്റു പുറത്തായി.

Tags:    
News Summary - UAE thrash Oman to advance to World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.