ദോഹ: കായിക ലോകത്തിന്റെ ആസ്ഥാനമായി മാറിയ ഖത്തറിൽ ഇനി ലോകകപ്പ് ഫുട്ബാളിന്റെ നാളുകൾ. കൗമാര ഫുട്ബാൾ മേളയായ ഫിഫ അണ്ടർ 17 ലോകകപ്പിന് ഇനി 10 നാളുകൾ മാത്രം. 2026ൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുപിന്നാലെയാണ് കൗമാരമേളക്ക് ഖത്തർ വേദിയാകുന്നത്. ഇതിനു പിന്നാലെ ഫിഫ അറബ് കപ്പ്, ഇന്റർകോണ്ടിനന്റൽ കപ്പിനും ഖത്തർ ആതിഥ്യം വഹിക്കുന്നതോടെ മേഖലയെ വീണ്ടും കാൽപന്തിന്റെ കളിമുറ്റമാക്കി മാറ്റും.
നവംബർ മൂന്നു മുതൽ 27വരെയാണ് ഭാവിയിലെ താരങ്ങളുടെ പ്രതിഭയെ ലോകം അടയാളപ്പെടുത്തുന്ന അണ്ടർ 17 ലോകകപ്പിന് ഖത്തർ വേദിയാകുന്നത്. ഏറെ സവിശേഷതകളോടെയാണ് ഇത്തവണ കൗമാര ലോകകപ്പ് എത്തുന്നത്. ടീമുകളുടെ എണ്ണം 48 ആയതും, രണ്ടു വർഷത്തിൽ ഒരിക്കൽ എന്നനിലയിൽനിന്നും വാർഷിക ടൂർണമെന്റായി മാറിയതുമെല്ലാം പ്രത്യേകതയാണ്.
അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച ആസ്പയറിലെ സ്റ്റേഡിയത്തിൽ എട്ട് പിച്ചുകളിൽ, 25 ദിവസങ്ങളിലായി 104 മത്സരങ്ങളാണ് നടക്കുന്നത്. ലോകകപ്പ് ഫുട്ബാളിന് വേദിയായ സ്റ്റേഡിയങ്ങൾ ഉൾപ്പെടെ എട്ടിടങ്ങളിലായി മത്സരങ്ങൾ നടക്കും. നവംബർ 27ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ഫൈനൽ അരങ്ങേറുക. ഒരു ഫുട്ബാൾ ടൂർണമെന്റ് എന്നതിനപ്പുറം ആരാധകർക്ക് ഒരൊറ്റ ഫാൻസോണിൽ ഉത്സവാന്തരീക്ഷത്തോടെയുള്ള ലോകകപ്പ് മത്സരങ്ങൾക്കാണ് ഖത്തർ വേദിയൊരുക്കുന്നത്.
2022ൽ ലയണൽ മെസ്സിയും അർജന്റീനയും വിശ്വകിരീടമണിഞ്ഞ ലോകകപ്പ് വേദിയിലേക്ക് ആവേശത്തോടെ പറന്നിറങ്ങാൻ ഒരുങ്ങുന്ന നാളെയുടെ താരങ്ങൾക്കായി ആതിഥേയ മണ്ണ് നേരത്തേ ഒരുങ്ങിക്കഴിഞ്ഞു. എക്കാലത്തെയും മികച്ച ലോകകപ്പിനെ വേദിയൊരുക്കി ശ്രദ്ധേയമായ ഖത്തറിൽ കൗമാര ലോകകപ്പ് നടക്കുമ്പോൾ പ്രതീക്ഷയോടെയാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്.
1985ൽ ചൈനയിൽ തുടങ്ങിയ കൗമാര ലോകകപ്പിന് 2017ൽ ഇന്ത്യയും വേദിയൊരുക്കിയിരുന്നു. 2013ൽ യു.എ.ഇ ആതിഥേയത്വം ഒരുക്കി ആദ്യ ഗൾഫ് രാജ്യമായി മാറി. എന്നാൽ, ഖത്തറിനെ തേടി കൗമാര മേളയെത്തുന്നത് ആദ്യമാണ്.
2019ൽ ബ്രസീലിലും, കോവിഡ് ഇടവേള കഴിഞ്ഞ് 2023 നവംബർ -ഡിസംബറിലായി ഇന്തോനേഷ്യയിലായിരുന്നു ഏറ്റവും ഒടുവിലായി അണ്ടർ 17 ലോകകപ്പ് നടന്നത്. കലാശപ്പോരില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി ജര്‍മനിയായിരുന്നു കിരീടം സ്വന്തമാക്കിയത്. അഞ്ചു തവണ കിരീടമണിഞ്ഞ നൈജീരിയയും നാലുതവണ കിരീടമണിഞ്ഞ ബ്രസീലുമാണ് കൗമാര ഫുട്ബാളിലെ സൂപ്പർ ജയന്റ്സ്.
2022 ലോകകപ്പ് ഫുട്ബാളിന് വേദിയായ സ്റ്റേഡിയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും, 45ഓളം പരിശീലന മൈതാനങ്ങൾ, താമസത്തിനുള്ള ഹോട്ടലുകളും മെട്രോ ഉൾപ്പെടെ യാത്രാ സൗകര്യങ്ങളും... അങ്ങനെ സർവസജ്ജമായ അടിസ്ഥാനസംവിധാനങ്ങൾ വീണ്ടും കൗമാര മേളയിലൂടെ ഉപയോഗപ്പെടുത്താം.
ആസ്പയർ സോണിൽ സജ്ജീകരിക്കുന്ന ഫാൻ സോണിൽ നിരവധി സാംസ്കാരിക പരിപാടികളും ഒരുക്കും. വേദിയിലേക്ക് പൊതുഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കുകയും കൂടാതെ, ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കും മത്സരങ്ങളുടെ സമയക്രമത്തിനുമായി സന്ദർശിക്കുക: https://www.fifa.com/en/tournaments/mens/u17worldcup/qatar-2025.
കൗമാര മാമാങ്കത്തിന്റെ ലോഗോ തയാർ
ദോഹ: ഖത്തർ വേദിയൊരുക്കുന്ന ഫിഫ അണ്ടർ 17 കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ നേരത്തേ പുറത്തിറക്കിയിരുന്നു. ടൂർണമെന്റിന്റെ പേര് സൂചിപ്പിക്കുന്ന പോലെ U-17 എന്ന മാതൃകയിൽ ബഹുവർണങ്ങളോടെയാണ് ഭാവിതാരങ്ങൾ മാറ്റുരക്കുന്ന വിശ്വമേളയുടെ ലോഗോ തയാറാക്കിയത്. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27 വരെ ഖത്തർ വേദിയൊരുക്കുന്ന അണ്ടർ 17 ഫിഫ ലോകകപ്പ് ടൂർണമെന്റിലെ മത്സരങ്ങൾക്ക് ആസ്പയർ സോൺ വേദിയാകും.
മത്സരങ്ങൾ നിയന്ത്രിക്കാൻ 27 റഫറിമാർ
ദോഹ: നവംബറിൽ ഖത്തറിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ 27 റഫറിമാരും 54 അസിസ്റ്റന്റ് റഫറിമാരുമടക്കം 81 മാച്ച് ഒഫിഷ്യൽസിനെയാണ് തെരഞ്ഞെടുത്തത്. ഫുട്ബാൾ വിഡിയോ സപ്പോർട്ട് (എഫ്.വി.എസ്) സംവിധാനം പരീക്ഷിക്കാനുള്ള അവസരം ടൂർണമെന്റിൽ ഒരുക്കുന്നുണ്ട്. കഴിഞ്ഞ വർഷം കൊളംബിയയിൽ നടന്ന ഫിഫ വനിത അണ്ടർ 20 ലോകകപ്പിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നടന്ന ഫിഫ വനിതാ അണ്ടർ 17 ലോകകപ്പിലും ഫുട്ബാൾ വിഡിയോ സപ്പോർട്ട് വിജയകരമായി പരീക്ഷിച്ചിരുന്നു.
മാച്ച് ഒഫിഷ്യൽസിനെ പിന്തുണക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ ഒരു മാർഗമെന്ന നിരന്തര ആവശ്യങ്ങളെ തുടർന്നാണ് എഫ്.വി.എസ് വികസിപ്പിച്ചത്. വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) സിസ്റ്റത്തിൽനിന്ന് വ്യത്യസ്തമായി, എഫ്.വി.എസിൽ പ്രത്യേക വിഡിയോ മാച്ച് ഒഫിഷ്യൽസില്ല. അതിനാൽ, മത്സരത്തിന്റെ ഗതി മാറ്റാൻ സാധ്യതയുള്ള എല്ലാ സംഭവങ്ങളും പരിശോധിക്കപ്പെടില്ല. പകരം, മത്സരത്തിൽ പരിമിതമായ എണ്ണം റിവ്യൂ എടുക്കാൻ അവസരം നൽകുന്നു. ഗോൾ, പെനാൽറ്റി, ചെമപ്പ് കാർഡ് എന്നിവ തോന്നിയാൽ റിവ്യൂ ആവശ്യപ്പെടാം. കളിക്കാർക്കും തങ്ങളുടെ കോച്ചിനോട് റിവ്യൂ എടുക്കാൻ എഫ്.വി.എസ് വഴി ശിപാർശ ചെയ്യാവുന്നതാണ്.
ടൂർണമെന്റിലെ ഗ്രൂപ്പുകൾ
നാല് ടീമുകൾ വീതമടങ്ങുന്ന 12 ഗ്രൂപ്പുകളിലായാവും മത്സരങ്ങൾ നടക്കുക. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കും. മികച്ച മൂന്നാം സ്ഥാനക്കാരുടെ നിരയിൽനിന്നും എട്ടുപേരും നോക്കൗട്ടിലെത്തും. ഏഷ്യയിൽനിന്നും ആതിഥേയരായ ഖത്തറിനു പുറമെ, അയൽക്കാരായ സൗദി അറേബ്യ, യു.എ.ഇ ഉൾപ്പെടെ ഒമ്പത് ടീമുകളാണുള്ളത്. അർജന്റീന, ബ്രസീൽ, യൂറോപ്പിൽനിന്നും പോർചുഗൽ, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളും യോഗ്യരായെത്തിയിട്ടുണ്ട്. ലോകഫുട്ബാളിൽ ഏറ്റവും ആരാധകരുള്ള അർജന്റീനക്ക് ഗ്രൂപ് റൗണ്ട് കഠിനമാവുമ്പോൾ ബ്രസീലിനും ഏറക്കുറെ അനായാസമായി മാറും. യൂറോപ്യൻ കരുത്തരായ ബെൽജിയം, ആഫ്രിക്കൻ പവർഹൗസായ തുനീഷ്യയുമാണ് ഗ്രൂപ്പിൽ അർജന്റീനയുടെ എതിരാളികൾ.
അതേസമയം, ഗ്രൂപ് ‘എച്ചിൽ’ ഹോണ്ടുറസ്, ഇന്തോനേഷ്യ, സാംബിയ തുടങ്ങിയവർക്കൊപ്പമാണ് ബ്രസീൽ. നിലവിൽ യൂത്ത് ഫുട്ബാളിൽ കരുത്തരായി മാറുന്ന ഇന്തോനേഷ്യയാവും പ്രധാന വെല്ലുവിളി. ആതിഥേയരായ ഖത്തറിന് ഇറ്റലിയും ദക്ഷിണാഫ്രിക്കയും ബൊളീവിയയും ഉൾപ്പെടുന്ന ഗ്രൂപ് കടുത്തതായി മാറും. മറ്റൊരു ഗൾഫ് സാന്നിധ്യമായ യു.എ.ഇ, സെനഗാൾ, ക്രൊയേഷ്യ ടീമുകൾക്കൊപ്പം ഗ്രൂപ് സിയിലാണുള്ളത്.
ഗ്രൂപ് ‘എ’യിൽ ആതിഥേയരായ ഖത്തറും യൂറോപ്യൻ കരുത്തരായ ഇറ്റലിയും തമ്മിലാവും ഉദ്ഘാടന മത്സരം. ദക്ഷിണാഫ്രിക്ക, ബൊളീവിയ ടീമുകളാണ് ഈ ഗ്രൂപ്പിൽ ശേഷിക്കുന്നവർ. 12 ഗ്രൂപ്പുകളിലായാണ് ആദ്യ ഘട്ട മത്സരങ്ങൾ. 48 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ 104 മത്സരങ്ങൾ അരങ്ങേറും. ആദ്യ ദിനത്തിൽ തന്നെ ജപ്പാൻ-മൊറോക്കോ, ന്യൂകാലിഡോണിയ -പോർചുഗൽ, ദക്ഷിണാഫ്രിക്ക-ബൊളീവിയ മത്സരങ്ങളും നടക്കും.
ഗ്രൂപ് എ: ഖത്തർ, ഇറ്റലി, ദക്ഷിണാഫ്രിക്ക, ബൊളീവിയ
ഗ്രൂപ് ബി: ജപ്പാൻ, മൊറോക്കോ, ന്യൂകാലിഡോണിയ, പോർചുഗൽ
ഗ്രൂപ് സി: സെനഗാൾ, ക്രൊയേഷ്യ, കോസ്റ്ററീക, യു.എ.ഇ
ഗ്രൂപ് ഡി: അർജന്റീന, ബെൽജിയം, തുനീഷ്യ, ഫിജി
ഗ്രൂപ് ഇ: ഇംഗ്ലണ്ട്, വെനിസ്വേല, ഹെയ്തി, ഈജിപ്ത്
ഗ്രൂപ് എഫ്: മെക്സികോ, ദക്ഷിണ കൊറിയ, ഐവറി കോസ്റ്റ്, സ്വിറ്റ്സർലൻഡ്
ഗ്രൂപ് ജി: ജർമനി, കൊളംബിയ, ഉത്തര കൊറിയ, എൽസാൽവഡോർ.
ഗ്രൂപ് എച്ച്: ബ്രസീൽ, ഹോണ്ടുറസ്, ഇന്തോനേഷ്യ, സാംബിയ.
ഗ്രൂപ് ഐ: അമേരിക്ക, ബുർകിന ഫാസോ, തജികിസ്താൻ, ചെക് റിപ്പബ്ലിക്
ഗ്രൂപ് ജെ: പരഗ്വേ, ഉസ്ബകിസ്താൻ, പാനമ, അയർലൻഡ്
ഗ്രൂപ് കെ: ഫ്രാൻസ്, ചിലി, കാനഡ, യുഗാണ്ട
ഗ്രൂപ് എൽ: മാലി, ന്യൂസിലൻഡ്, ഓസ്ട്രിയ, സൗദി അറേബ്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.