ഏ​ഷ്യാ​ക​പ്പ് അ​ണ്ട​ർ 17 യോ​ഗ്യ​ത റൗ​ണ്ടി​ൽ ല​ബ​നാ​നെ​തി​രെ ഗോ​ൾ നേ​ടി​യ ഖ​ത്ത​റി​ന്റെ മ​ല​യാ​ളി താ​രം ത​ഹ്സി​ൻ മു​ഹ​മ്മ​ദി​ന്റെ ആ​ഹ്ലാ​ദം

തഹ്സിൻ ഗോളടിച്ചു; ഖത്തറിന് ഏഷ്യൻ യോഗ്യത

ദോഹ: മലയാളിതാരം തഹ്സിന്റെ തോളിലേറി ഖത്തറിന് അണ്ടർ 17 ഏഷ്യാകപ്പ് ഫൈനൽ റൗണ്ട് പ്രവേശനം. ഒമാനിൽ നടക്കുന്ന യോഗ്യത ചാമ്പ്യൻഷിപ്പിലെ അവസാന മത്സരത്തിൽ ലബനാനെ ഖത്തർ 4-1ന് തരിപ്പണമാക്കിയപ്പോൾ അന്നാബിയുടെ കളിയിലെ ആദ്യ ഗോൾ കണ്ണൂർ വളപട്ടണം സ്വദേശിയും ആസ്പയർ അക്കാദമി താരവുമായ തഹ്സിൻ മുഹമ്മദിന്റെ ബൂട്ടിൽനിന്നായിരുന്നു. മിന്നുംജയത്തോടെ ഖത്തർ ഗ്രൂപ് ജേതാക്കളായിതന്നെ അടുത്തവർഷം നടക്കുന്ന ഏഷ്യാകപ്പിലേക്ക് യോഗ്യത നേടി.

കളിയുടെ ഏഴാം മിനിറ്റിലായിരുന്നു തഹ്സിന്റെ അറ്റാക്ക് ഗോളിൽ അവസാനിച്ചത്. ഇടതുവിങ്ങിലൂടെ മികച്ചനീക്കം നടത്തി ബോക്സിലെത്തിയ താരം എതിരാളിയുടെ പ്രതിരോധ കോട്ട പൊളിച്ച് വീണുകിടന്ന് തൊടുത്ത ഷോട്ട് ഖത്തറിന് വിജയത്തിലേക്കുള്ള ഊർജമായി. പിന്നാലെ, മറ്റു മൂന്നു പേർകൂടി നേടിയ ഗോളിലൂടെ ഖത്തർ ലബനാനെ വീഴ്ത്തി ഗ്രൂപ് ജേതാക്കളായി ഏഷ്യാകപ്പിന് യോഗ്യത നേടി.

ടൂർണമെന്റിൽ ആദ്യ മൂന്നു മത്സരങ്ങളിലും കളത്തിലിറങ്ങിയ തഹ്സിൻ മികച്ച അസിസ്റ്റുകളുമായും കൈയടി നേടിയിരുന്നു. ഖത്തർ ദേശീയ കുപ്പായത്തിൽ ഗോൾ കുറിക്കുന്ന ആദ്യ ഇന്ത്യക്കാരനുമായി തഹ്സിൻ. മുൻ വാഴ്സിറ്റി താരം ജംഷിദിന്റെയും ഷൈമയുടെയും മകനാണ് തഹ്സിൻ. 2023 മേയ് മാസത്തിലാണ് ഏഷ്യാകപ്പ് പോരാട്ടം. ജപ്പാൻ, മലേഷ്യ, യമൻ, വിയറ്റ്നാം, ആസ്ട്രേലിയ, താജികിസ്താൻ, ഇറാൻ, ഉസ്ബകിസ്താൻ, ദക്ഷിണ കൊറിയ, ചൈന, അഫ്ഗാനിസ്താൻ, തായ്‍ലൻഡ് ടീമുകളാണ് ഖത്തറിനൊപ്പം ഇതുവരെ യോഗ്യത നേടിയത്.

Tags:    
News Summary - Tahsin scored; Asian qualification for Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.