സൂപ്പർ ലീഗ് കേരള; മലപ്പുറത്തിന് വിൻ ‘ഡ്രോ’

മഞ്ചേരി: തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി ഹോം ഗ്രൗണ്ടിൽ രണ്ടാം വിജയം നേടാനുള്ള മലപ്പുറം എഫ്.സിയുടെ മോഹത്തിന് തിരുവനന്തപുരം കൊമ്പന്മാരുടെ കത്രികപ്പൂട്ട്. സൂപ്പർ ലീഗ് കേരളയിൽ പയ്യനാട് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ജോൺ കെന്നഡി (69) മലപ്പുറത്തിനായും ഓട്ടമർ ബിസ്പോ (75) കൊമ്പൻസിനായും ഗോൾ നേടി. വിജയത്തോടെ പോയൻറ് പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരവും ആതിഥേയർക്ക് നഷ്ടമായി.

കഴിഞ്ഞ മത്സരത്തിൽനിന്ന് രണ്ടു മാറ്റങ്ങളുമായാണ് മലപ്പുറം ഇറങ്ങിയത്. നിഥിൻ മധു, അക്ബർ സിദ്ദീഖ് എന്നിവർക്ക് പകരക്കാരായി പ്രതിരോധത്തിൽ സഞ്ജു, മധ്യനിരയിൽ മുഹമ്മദ് ഇർഷാദ് എന്നിവർ ആദ്യ ഇലവനിൽ എത്തി. ബ്രസീലിയൻ താരങ്ങളായ ഓട്ടമർ ബിസ്പോ, റൊണാൾഡ്, ക്യാപ്റ്റൻ പാട്രിക് മോട്ട എന്നിവരെ അണിനിരത്തിയായിരുന്നു സന്ദർശകർ മൈതാനത്തെത്തിയത്.

69ാം മിനിറ്റിലാണ് ഗാലറി പൊട്ടിത്തെറിച്ച നിമിഷമെത്തുന്നത്. വലതു വിങ്ങിൽനിന്ന് അഖിൽ എടുത്ത ഫ്രീകിക്ക് ഉഗ്രൻ ഹെഡറിലൂടെ കെന്നഡി കൊമ്പൻസിന്റെ വലയിലെത്തിച്ചു (സ്കോർ 1-0). എന്നാൽ, ഗോളിന് അധികം ആയുസ്സ് ഉണ്ടായില്ല. 75ാം മിനിറ്റിൽ കൊമ്പൻസ് ഒപ്പമെത്തി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ റൊണാൾഡിനെ റോയ് കൃഷ്ണ വീഴ്ത്തിയതിന് തിരുവനന്തപുരത്തിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. സ്പോട്ട് കിക്കെടുത്ത ഓട്ടമർ ബിസ്പോ വലയുടെ മോന്തായത്തിലേക്ക് പന്ത് അടിച്ചുകയറ്റി (സ്കോർ 1-1).

Tags:    
News Summary - super league kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.