പൊന്നാണ് ലോറന്‍റെ! മഡ്രിഡ് ഡർബിയിൽ ക്ലാസിക് സമനില; റയലിനെതിരെ ഇൻജുറി ഗോളിൽ സമനില പിടിച്ച് അത്ലറ്റികോ

സ്പാനിഷ് ലാ ലിഗയിലെ മഡ്രിഡ് ഡർബിയിൽ ആവേശ സമനില. ഇൻജുറി സമയത്ത് നേടിയ ഗോളിലാണ് കരുത്തരായ റയൽ മഡ്രിഡിനെ സാന്‍റിയാഗോ ബെർണബ്യൂവിൽ അത്ലറ്റികോ മഡ്രിഡ് സമനിലയിൽ തളച്ചത്. മാർകോസ് ലോറന്‍റെയാണ് (90+3) അത്ലറ്റികോക്കായി സമനില ഗോൾ നേടിയത്.

റയലിനായി 20ാം മിനിറ്റിൽ ബ്രാഹിം ഡയസ് വലകുലുക്കി. സമനിലയിൽ പിരിഞ്ഞെങ്കിലും ലീഗിൽ റയൽ തന്നെയാണ് ഒന്നാമത്. ക്ലോസ് റേഞ്ചിൽനിന്നുള്ള ഡയസിന്‍റെ ഗോളിലൂടെയാണ് റയൽ മത്സരത്തിൽ ലീഡെടുത്തത്. പരിശീലനത്തിനിടെ ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയറിന് പരിക്കേറ്റതിനെ തുടർന്നാണ് ഡയസ് പ്ലെയിങ് ഇലവനിലെത്തുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ അന്‍റോണിയോ ഗ്രീസ്മാന്‍റെ കോർണറിൽ മോണ്ടിനെഗ്രൻ താരം സ്റ്റെഫാൻ സാവിചി അത്ലറ്റികോക്കായി ഹെഡറിലൂടെ ഗോൾ മടക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡ് ട്രാപ്പിൽ കുടുങ്ങി.

മെംഫിസ് ഡിപായ് തലകൊണ്ട് ഫ്ലിക് ചെയ്ത് നൽകിയ പന്താണ് ഒരു മനോഹര ഹെഡറിലൂടെ ലോറന്‍റെ ഇൻജുറി ടൈമിൽ വലയിലാക്കിയത്. പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകളിലും റയലിനായിരുന്നു നേരിയ മുൻതൂക്കം. ഈ വർഷം ഇരുവരും മൂന്നാം തവണയാണ് ഏറ്റുമുട്ടുന്നത്. സ്പാനിഷ് സൂപ്പർ കപ്പിൽ 5-3 എന്ന സ്കോറിന് റയലിനായിരുന്നു ജയം. എന്നാൽ, കോപ ഡെൽ റേയിൽ 4-2ന് അത്ലറ്റികോ തിരിച്ചടിച്ചു.

23 മത്സരങ്ങളിൽനിന്ന് 58 പോയന്‍റാണ് റയലിന്. രണ്ടാമതുള്ള ജിറോണക്ക് ഇത്രയും മത്സരങ്ങളിൽ 56 പോയന്‍റും. 50 പോയന്‍റുമായി ബാഴ്സലോണ മൂന്നാമതും 48 പോയന്‍റുമായി അത്ലറ്റികോ നാലാമതുമാണ്.

Tags:    
News Summary - Spanish La Liga: Real Madrid 1-1 Atlético Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.