സീനിയര്‍ ഫുട്‌ബാള്‍: മലപ്പുറത്തെ കീഴടക്കി തൃശൂര്‍ സെമിയിൽ

കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തെ തോല്‍പിച്ച് തൃശൂര്‍ സെമിഫൈനലില്‍. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വൈകീട്ട് നടന്ന രണ്ടാം ക്വാര്‍ട്ടറില്‍ 4-3നായിരുന്നു തൃശൂരിന്റെ ജയം. 11ാം മിനിറ്റില്‍ ഹാഷിര്‍ നേടിയ ഗോളിലൂടെ മലപ്പുറം ലീഡ് നേടിയെങ്കിലും പത്തുമിനിറ്റിനിടെ രണ്ടു ഗോളുകള്‍ എതിര്‍വലയിലെത്തിച്ച് തൃശൂര്‍ തിരിച്ചടിച്ചു. അജിത് കെ.എസ്. (17), നാസര്‍ പി.എ. (21) എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. മലപ്പുറം 27ാം മിനിറ്റില്‍ നന്ദുകൃഷ്ണയിലൂടെ സമനില പിടിച്ചു. എന്നാല്‍, ആദ്യ പകുതിക്ക് തൊട്ടുമുമ്പ് സന്തോഷിന്റെ ഗോളില്‍ തൃശൂര്‍ ലീഡ് വീണ്ടെടുത്തു.

രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റില്‍ തന്നെ മുഹമ്മദ് മുസമ്മില്‍ എതിര്‍വലയിലേക്ക് നിറയൊഴിച്ചതോടെ തൃശൂര്‍ കൂടുതല്‍ കരുത്തരായി. 67ാം മിനിറ്റില്‍ നന്ദുകൃഷ്ണ രണ്ടാം ഗോള്‍ നേടി ലീഡ് കുറച്ചെങ്കിലും തൃശൂരിനെ തളക്കാന്‍ അതുമതിയായില്ല. 19ന് വൈകീട്ട് 3.45ന് നടക്കുന്ന ആദ്യ സെമിഫൈനലില്‍ കോട്ടയമാണ് തൃശൂരിന്റെ എതിരാളികള്‍.

കോഴിക്കോടിനെ 2-0ന് കീഴടക്കി ഇടുക്കി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി. മൂന്നാം മിനിറ്റില്‍തന്നെ അജ്മല്‍ കാജയിലൂടെ അക്കൗണ്ട് തുറന്ന ഇടുക്കിക്ക് വേണ്ടി, 75ാം മിനിറ്റില്‍ അക്ഷയ് കുമാര്‍ സുബേദി വിജയഗോള്‍ നേടി. അവസാന മിനിറ്റ് വരെ പൊരുതിയെങ്കിലും കോഴിക്കോടിന് മറുപടി ഗോള്‍ നേടാനായില്ല. നിലവിലെ റണ്ണേഴ്‌സ്അപ്പായ തിരുവനന്തപുരമാണ് ക്വാര്‍ട്ടറില്‍ ഇടുക്കിയുടെ എതിരാളികള്‍.

Tags:    
News Summary - Senior Football: Thrissur defeats Malappuram to reach semi-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.