എ.എഫ്.സി കപ്പിൽ കിരീടം നേടിയ സീബ് ക്ലബ് അംഗങ്ങളുടെ ആഹ്ലാദം
മസ്കത്ത്: സുൽത്താനേറ്റിന്റെ കായിക മേഖലയിൽ പുതുചരിതം രചിച്ച് എ.എഫ്.സി കപ്പിൽ സീബ് ക്ലബിന്റെ മുത്തം. ബുകിത് ജലീല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരിൽ ക്വാലാലംപുര്‍ എഫ്.സിയെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്താണ് രാജ്യത്തിന്റെ അഭിമാനമായി കിരീടം ചൂടിയത്. സ്കോർനില സൂചിപ്പിക്കുവിധം കളിയുടെ സർവമേഖലയിലും സീബ് ക്ലബിനായിരുന്നു ആധിപത്യം.
തുടക്കം മുതലേ മികച്ച പന്തടക്കവുമായി ക്വാലാലംപുര്‍ എഫ്.സിയുടെ ഗോൾമുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിടുകയായിരുന്നു. 22ാം മിനിറ്റിലായിരുന്നു സീബിന്റെ ആദ്യ ഗോൾ. പ്രതിരോധ താരം അലി അല്‍ ബുസൈദിയാണ് സീബിനുവേണ്ടി വലകുലുക്കിയത്. ഒരു ഗോൾ നേടിയ ഉന്മേഷത്തിൽ ഉണർന്നുകളിച്ച സീബിന്റെ ആക്രമണങ്ങൾക്ക് പിന്നീട് കൂടുതൽ മൂർച്ച വരുന്നതിനാണ് ബുകിത് ജലീല്‍ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്.
ഇടതു വലത് വിങ്ങുകളിലൂടെയുള്ള മുന്നേറ്റത്താൽ ക്വാലാലംപുര്‍ എഫ്.സിക്ക് രണ്ടാം ഗോൾ ഏത് നിമിഷവും വീഴുമെന്ന സ്ഥിതിയായി. 37ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. അല്‍ യഹ്യയുടെ അസിസ്റ്റില്‍ അബ്ദുല്‍ അസീസ് അല്‍ മുഖ്ബലിയാണ് പന്ത് വലയിലെത്തിച്ചത്. രണ്ടു ഗോളിന്റെ ലീഡുമായാണ് ആദ്യ പകുതി അവസാനിച്ചത്. എന്നാൽ, രണ്ടാം പകുതിയിൽ ക്വാലാലംപുര്‍ എഫ്.സി തിരിച്ചടിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും സീബ് ക്ലബിന്റെ പ്രതിരോധത്തിൽ തട്ടി പലതും ലക്ഷ്യം കാണാതെ പോകുകയായിരുന്നു. ഇതിനിടെ, മൂന്നാമത്തെ ഗോൾ നേടി സീബ് തങ്ങളുടെ വിജയം ഉറപ്പിക്കുകയും ചെയ്തു. 69ാം മിനിറ്റില്‍ മുന്നേറ്റ താരം മുഹ്സിന് അല്‍ ഗസ്സാനിയുടേതായിരുന്നു ഗോള്‍. ഫുട്ബാൾ മൈതാനത്ത് ഒമാന്‍ ക്ലബ് നേടുന്ന ഏറ്റവും വലിയ കിരീടം കൂടിയാണിത്.
ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ ഏഷ്യയിലെ വലിയ രണ്ടാമത്തെ ക്ലബ് ടൂര്‍ണമെന്റാണ് എ.എഫ്.സി കപ്പ്. ഒമാന്‍ ടെല്‍ ലീഗ് കപ്പ്, ഹിസ് മജസ്റ്റ് കപ്പ്, ഒ എഫ്.എ സൂപ്പര്‍ കപ്പ് എന്നിവയെല്ലാം സ്വന്തമാക്കിയ സീബ് ക്ലബിന്റെ എഫ്.എഫ്.സി കപ്പ് കിരീടനേട്ടം മറ്റൊരു പൊൻതൂവലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.