മിലാനിലെ ഇസ്രായേൽ വിരുദ്ധ പ്രതിഷേധം
ഓസ്ലോ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ രണ്ടു വർഷം തികയുമ്പോൾ പ്രതിഷേധ ജ്വാലയിൽ യൂറോപ്പിലെ തെരുവുകൾ കത്തുകയാണ്. കഴിഞ്ഞ കാലങ്ങളിൽ നിശബ്ദമായിരുന്ന ലണ്ടൻ മുതൽ മഡ്രിഡ്, ബാഴ്സലോണ, മിലൻ, പാരീസ് തുടങ്ങിയ യൂറോപ്പിലെ വലുതും ചെറുതുമായ നഗരങ്ങൾ കേന്ദ്രീകരിച്ച് ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തി പ്രാപിക്കുമ്പോൾ വെട്ടിലാവുന്നത് ഫിഫയും യൂറോപ്യൻ ഫുട്ബാൾ ഫെഡറേഷനായ യുവേഫയുമാണ്.
ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങൾ വരും ദിവസങ്ങളിൽ വീണ്ടും സജീവമാകുമ്പോൾ, ഇസ്രായേലും കളിക്കാനിറങ്ങുന്നത് സംഘാടകരെ വെട്ടിലാക്കുന്നു. ഗ്രൂപ്പ് ‘ഐ’യിലാണ് ഇസ്രായേൽ മത്സരിക്കുന്നത്. ഒക്ടോബർ 11ന് ഇസ്രായേൽ ഒസ്ലോയിൽ നോർവെയെ നേരിടും. 14ന് ഉദിനെയിൽ ഇറ്റലിക്കെതിരെയും മത്സരമുണ്ട്.
ഇരു രാജ്യങ്ങളിലെയും തെരുവിൽ ഇസ്രയേൽ വിരുദ്ധ പ്രതിഷേധം പടരുന്നതിനിടെ കളിയെത്തുമ്പോൾ ഗാലറിയിലും മൈതാനത്തും വരെ അലയൊലികളുണ്ടാവുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
ഇറ്റലിയെ ലോക ഫുട്ബാളിൽ നിന്നും വിലക്കണമെന്ന ശക്തമായ ആവശ്യങ്ങൾക്കിടെയാണ് ടീം ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളിക്കാനെത്തുന്നത്.
മത്സരവുമായി ബന്ധപ്പെട്ട് കടുത്ത സുരക്ഷാ ഭീഷണിയാണുള്ളതെന്ന് ഇറ്റലിയിലെ മത്സരത്തിന് ആതിഥ്യം വഹിക്കുന്ന ഉദിനെയുടെ മേയർ മുന്നറിയിപ്പു നൽകി. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഇറ്റാലിയിലെ വിവിധ നഗരങ്ങളിൽ ഇസ്രായേലിനെതിരെ ശക്തമായ പ്രതിഷേധമാണ് തുടരുന്നത്. സുമുദ് േഫ്ലാട്ടില സഹായ ബോട്ടുകൾ തടഞ്ഞതും, ഇറ്റാലിയൻ പൗരന്മാർ ഉൾപ്പെടെ സന്നദ്ധ പ്രവർത്തകരെ അറസ്റ്റ് ചെയ്തതും പ്രക്ഷോഭങ്ങൾക്ക് വീര്യം വർധിപ്പിച്ചു. റോമിലും മിലാനിലും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
പ്രത്യേക സാഹചര്യത്തിൽ മത്സരം മാറ്റിവെക്കാൻ ആവശ്യപ്പെട്ടതായും, ഇപ്പോൾ ഇസ്രായേൽ ദേശീയ ടീമിനെ കളിയോ ആഘോഷമോ നടത്താനാവുന്ന സാഹചര്യമല്ലെന്നും ഉദിനെ മേയർ ആൽബെർടോ ഫെലിസ് ടോണി പറഞ്ഞു. തന്റെ അപേക്ഷ അധികാരികൾ പരിഗണിച്ചില്ലെന്നും, മത്സരം നടത്താനാണ് തീരുമാനമെങ്കിൽ അടച്ചിട്ട ഗാലറിയിൽ നടത്തിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സ്റ്റേഡിയത്തിൽ 6000 പേർക്ക് പ്രവേശനം നൽകാനാണ് തീരുമാനമെങ്കിലും ഗാലറിയിലേതിനേക്കാൾ കൂടുതൽ പേർ പ്രതിഷേധവുമായി സ്റ്റേഡിയത്തിന് പുറത്തെത്തുമെന്നും, സഹചര്യങ്ങൾ കൂടുതൽ സങ്കീർണമാവുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒക്ടോബർ 11ന് നോർവെ തലസ്ഥാനമായ ഓസ്ലോയിലാണ് ആദ്യമത്സരം. സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം 3000 ആയി കുറച്ചാണ് സംഘാടകർ മത്സരം നടത്തുന്നത്. സ്റ്റേഡിയം പരിസരങ്ങളിലെ റോഡുകൾ അടച്ചിടും. ഫാൻ സോണുകളും ഒഴിവാക്കും. അതേസമയം, മത്സര ദിനത്തിൽ ഓസ്ലോയിൽ പ്രതിഷേധത്തിന് നോർവീജിയൻ ഫലസ്തീൻ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ, മത്സരം സുഗമമായി സംഘടിപ്പിക്കാൻ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി നോർവീജയൻ ഫുട്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കാൾ പീറ്റർ ലോകെൻ അറിയിച്ചു.
ഇസ്രായേലിന്റെ മത്സരത്തിനെതിരെ ഉറച്ച നിപാടുമായി നേരത്തെ തന്നെ നോർവെ രംഗം കൈയടക്കിയിരുന്നു. മത്സരത്തിൽ നിന്നുള്ള വരുമാനം ഗസ്സയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് നോർവീജിയൻ ഫുട്ബാൾ അസോസിയേഷൻ നേരത്തെ പ്രഖ്യാപിച്ചു. ഗസ്സയിലെ ദുരിതങ്ങളിൽ നിസ്സംഗത പാലിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു ഫെഡറേഷൻ പ്രസിഡന്റ് ലിസെ ക്ലാവ്നെസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
സുരക്ഷാ വെല്ലുവിളിയുള്ളതിനാൽ മത്സരത്തിന് തലേ ദിനം മാത്രം ഇസ്രായേൽ ടീം നോർവെയിൽ പ്രവേശിച്ചാൽ മതിയെന്നും നിർദേശിച്ചിരുന്നു.
ഗ്രൂപ്പിൽ അഞ്ചിൽ അഞ്ചും ജയിച്ച നോർവെയാണ് (15 പോയന്റ്) ഒന്നാം സ്ഥാനത്ത്. ഇറ്റലി ഒമ്പത് പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഒമ്പത് പോയന്റുമായി ഇസ്രായേൽ മൂന്നാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.