ലയണൽ സ്കലോണിയും ലയണൽ മെസ്സിയും

ലോകകപ്പിൽ മെസ്സിയുടെ പങ്കാളിത്തത്തെക്കുറിച്ച് ആരാധകർക്ക് ആവേശം നൽകി സ്കലോണിയുടെ പ്രഖ്യാപനം!

ബ്യൂണസ് ഐറിസ്: ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ ഉറ്റുനോക്കുന്ന ലയണൽ മെസ്സിയുടെ ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ച് നിർണായക സൂചന നൽകി അർജന്റീനൻ പരിശീലകൻ ലയണൽ സ്കലോണി. ചൊവ്വാഴ്ച സാംബിയക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിൽ മെസ്സി ആദ്യ ഇലവനിൽ തന്നെ കളത്തിലിറങ്ങുമെന്ന് സ്കലോണി സ്ഥിരീകരിച്ചു. കിരീടം നിലനിർത്താൻ ഇറങ്ങുന്ന അർജന്റീനയുടെ സ്വന്തം മണ്ണിലെ അവസാന മത്സരമാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

കഴിഞ്ഞ കളിയിൽ പുറത്തിരുന്ന മെസ്സി ഇത്തവണ സാംബിയക്കെതിരെ പടനയിക്കാൻ ആദ്യമേ കളത്തിലിറങ്ങും. ലോകകപ്പിന് മുമ്പുള്ള ടീമിന്റെ കരുത്ത് അളക്കാനുള്ള അവസാന ടെസ്റ്റ് എന്നാണ് സ്കലോണി ഈ മത്സരത്തെ വിശേഷിപ്പിച്ചത്. 38കാരനായ മെസ്സി തന്റെ ആറാം ലോകകപ്പിന് തയാറെടുക്കുകയാണെന്ന സൂചനയാണ് പരിശീലകന്റെ വാക്കുകൾ നൽകുന്നത്. മെസ്സി വരണമെന്നും ലോകകപ്പ് ആസ്വദിക്കണമെന്നുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പായിരിക്കും -സ്കലോണി പറഞ്ഞു.

ലോകകപ്പിനുള്ള അന്തിമ ടീമിനെ മേയ് അവസാനത്തോടെ പ്രഖ്യാപിക്കാനിരിക്കെ, സാംബിയക്കെതിരെ അർജന്റീന തങ്ങളുടെ ഏറ്റവും മികച്ച നിരയെത്തന്നെയാകും കളത്തിലിറക്കുക. മൗറിത്താനിയക്കെതിരായ മോശം പ്രകടനം ആവർത്തിക്കരുതെന്ന് താരങ്ങൾക്ക് സ്കലോണി കർശന നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ 55 അംഗ പ്രാഥമിക പട്ടിക സമർപ്പിച്ചു കഴിഞ്ഞു. ഇതിൽനിന്ന് ഏറ്റവും മികച്ച 26 പേരെയാകും ലോകകപ്പിനായി തിരഞ്ഞെടുക്കുക. പ്രകടനത്തിൽ പിന്നോട്ട് പോകുന്നവർക്ക് ടീമിൽ സ്ഥാനമുണ്ടാകില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

ലോകകപ്പിൽ കളിക്കുന്നതിനെക്കുറിച്ച് മെസ്സി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, യോഗ്യത മത്സരങ്ങളിലുടനീളം അദ്ദേഹം സജീവമായിരുന്നു. മെസ്സിയുടെ സാന്നിധ്യം ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. നിലവിലെ ലോക ചാമ്പ്യന്മാർ എന്ന നിലയിൽ കിരീടം നിലനിർത്താൻ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് അർജന്റീന. മെസ്സിയുടെ മാന്ത്രികത ഒരിക്കൽ കൂടി ലോകകപ്പ് വേദികളിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Tags:    
News Summary - Scaloni's announcement excited fans about Messi's participation in the World Cup!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.