മഡ്ഗാവ്: സന്തോഷ് ട്രോഫി ഗ്രൂപ് എയിൽ കേരളത്തിന്റെ വിജയക്കുതിപ്പിന് അന്ത്യമിട്ട ഗോവ ഒറ്റ ഗോൾ ജയവുമായി ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു. വാസ്കോ ഡ ഗാമയിലെ തിലക് മൈതാനത്ത് ചൊവ്വാഴ്ച വൈകുന്നേരം നടന്ന കളിയുടെ 57ാം മിനിറ്റിൽ ത്രിജോയ് സാവിയോ ഡയസ് നേടിയ ഗോളിലാണ് ആതിഥേയർ ടിക്കറ്റെടുത്തത്.
നാല് മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയം നേടി പത്ത് പോയന്റോടെ ഗോവ ഗ്രൂപ് ജേതാക്കളായി. ആദ്യ മൂന്ന് കളിയും ജയിച്ച് ഒന്നാമതായിരുന്ന കേരളം ഇതോടെ ഒമ്പത് പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് വീണു. ഫൈനൽ റൗണ്ട് യോഗ്യതക്ക് ഇനി മറ്റു ഗ്രൂപ്പുകളിലെ മത്സരങ്ങൾ പൂർത്തിയാവാൻ കാത്തിരിക്കണം. ആറ് ഗ്രൂപ് ജേതാക്കൾക്കും ഏറ്റവും മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാർക്കുമാണ് ബെർത്ത്.
ഗുജറാത്തിനെ 3-0ത്തിനും ജമ്മു-കശ്മീരിനെ 6-1നും ഛത്തിസ്ഗഢിനെ 3-0ത്തിനും തകർത്ത നിജോ ഗിൽബർട്ടും സംഘവും മൂന്ന് മത്സരങ്ങളിൽ സ്കോർ ചെയ്തത് 12 ഗോളുകളാണ്. വഴങ്ങിയത് ഒന്നു മാത്രം. ഗോൾ ശരാശരിയിൽ ബഹുദൂരം മുന്നിലായിരുന്നു കേരളം. അവസാന കളിയിൽ സമനില പോലും ടീമിന് ധാരാളമായിരുന്നു. എന്നാൽ, ജയം അനിവാര്യമായിരുന്ന ഗോവ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. ആറ് ഗ്രൂപ്പുകളിൽനിന്നായെത്തുന്ന ഒമ്പതും നിലവിലെ ജേതാക്കളായ കർണാടക, റണ്ണറപ്പായ മേഘാലയ, ഫൈനൽ റൗണ്ട് ആതിഥേയരായ അരുണാചൽ പ്രദേശ് ടീമുകളുമാണ് അടുത്ത ഘട്ടത്തിൽ കളിക്കുക.
കഴിഞ്ഞ തവണ കേരളം ഫൈനൽ റൗണ്ടിലെത്തിയെങ്കിലും സെമി ഫൈനൽ കാണാതെ പുറത്തായി. 2021-22ൽ ജേതാക്കളായിരുന്നു കേരളം.
ഗ്രൂപ് എയിൽ ഒമ്പത് പോയന്റുമായി രണ്ടാം സ്ഥാനത്താണ് കേരളം. മറ്റു ഗ്രൂപ്പുകളിലെ ടീമുകളെക്കാൾ ഗോൾ ശരാശരിയിൽ ബഹുദൂരം മുന്നിലുണ്ട്. ആറ് ഗ്രൂപ് ജേതാക്കൾക്ക് പുറമെ ഏറ്റവും മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാർക്ക് ഫൈനൽ റൗണ്ട് യോഗ്യത ലഭിക്കുമെന്നതിനാൽ കേരളത്തിന് പ്രവേശനം ഏറെക്കുറെ ഉറപ്പാണ്. കേരളം ഉൾപ്പെടുന്ന എയിൽ അഞ്ചും മറ്റു ഗ്രൂപ്പുകളിൽ ആറും ടീമുകളാണുള്ളത്. എ ഗ്രൂപ് ഒഴികെയുള്ളവയിൽ ഏറ്റവും അവസാനം നിൽക്കുന്ന ടീമിനോട് കളിച്ച ഫലം ഒഴിവാക്കിയാണ് രണ്ടാം സ്ഥാനക്കാരെ പരിഗണിക്കുക. പോയന്റ് മാത്രം നോക്കുമ്പോൾ ആറ് ടീമുകളുള്ള ഗ്രൂപ്പുകളിലെ രണ്ടാം സ്ഥാനക്കാർ കേരളത്തിന് മുന്നിൽകയറാനുള്ള സാധ്യത ഇതോടെ ഇല്ലാതാവും. ഒക്ടോബർ 24നാണ് ഗ്രൂപ് റൗണ്ട് മത്സരങ്ങൾ പൂർത്തിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.