സിറിയൻ ബാലൻ റബീഅ്​ ശാഹീൻ ക്രിസ്​റ്റ്യാനോ റൊണാൾഡോയെ കണ്ടപ്പോൾ

ഭൂകമ്പം പിതാവിനെ കവർന്നെടുത്തു: ദുഃഖം മറക്കാൻ റൊണാൾഡോയെ കാണാനാഗ്രഹിച്ച ബാലന്​ സാഫല്യം

ജിദ്ദ: ഭൂകമ്പം അനാഥനാക്കിയ സിറിയൻ ബാലൻ​ ദുഃഖം മറക്കാൻ ഇഷ്​ട ഫുട്​ബാൾ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോയെ കാണാൻ കൊതിച്ചു. മാധ്യമവാർത്തകളിൽനിന്ന്​ ഇക്കാര്യമറിഞ്ഞ സൗദി അധികൃതർ ആഗ്രഹസാഫല്യത്തിന്​ വഴിയൊരുക്കി. തെക്കൻ തുർക്കിയയിലും വടക്കൻ സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ പിതാവ്​ നഷ്​ടപ്പെട്ട​ റബീഅ്​ ശാഹീൻ എന്ന സിറിയൻ ബാലനാണ്​​ സൗദിയിലെത്തി ഇഷ്​ടതാരം ക്രിസ്​റ്റ്യാനോ റൊണാൾഡോയെ നേരിട്ട്​ കാണാൻ അവസരം ലഭിച്ചത്​.

പിതാവ്​ നഷ്​ടപ്പെട്ട ദുഃഖം അടക്കിപ്പിടച്ച്​​ കഴിയുന്നതിനിടയിലാണ്​ റൊണാൾഡോയെ കാണാനുള്ള ആഗ്രഹം ഒരു മാധ്യമ പ്രവർത്തകനോട്​ റബീഅ്​ പ്രകടിപ്പിച്ചത്​. ആ ആഗ്രഹം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇത്​ ശ്രദ്ധയിൽപ്പെട്ട സൗദി പൊതുവിനോദ അതോറിറ്റി ചെയർമാൻ അമീർ തുർക്കി ആലുശൈഖാണ്​​ സിറിയൻ ബാലനെ​ അൽനസ്​ർ ക്ലബിലെത്തിച്ച്​ പ്രിയപ്പെട്ട കളിക്കാരനായ റൊണാൾഡോയെ നേരിട്ട്​ കാണാൻ അവസരമൊരുക്കുകയായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ റബീഅ്​ മാതാവിനോടൊപ്പം സൗദിയിലെത്തിയത്​. സൗദി പ്രീമിയർ ലീഗിലെ അൽനസ്​റും അൽബാത്വിനും തമ്മിലുള്ള മത്സരത്തിന് മുമ്പാണ്​ റബീഅ്​ തന്റെ ഇഷ്​ടതാരം റൊണാൾഡോയെ കണ്ടു. അൽനസ്​ർ ക്ലബിൽ വെച്ച്​ റബീഅ്​നെ ക്രിസ്​റ്റ്യാനോ സ്വീകരിച്ചു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെയാണ്​ റബീഅ് അൽനസ്​ർ ക്ലബിലെത്തിയത്​. പ്രിയതാരം ക്രിസ്​റ്റ്യാനോയെ കണ്ട്​ മുന്നിലേക്ക് അവൻ​ ഓടിയെത്തി​. പ്രിയപ്പെട്ട താരത്തെ കണ്ടുമുട്ടിയതിൽ റബീഅ്​ തന്റെ വലിയ സ്‌നേഹവും സന്തോഷവും പ്രകടിപ്പിച്ചു. ക്രിസ്​റ്റ്യാനോ അവനെ ആലിംഗനം ചെയ്തു. എന്റെ സ്വപ്​നം സാക്ഷാത്​കരിച്ചിക്കുന്നുവെന്ന്​ റൊണാൾഡോയെ കണ്ട ശേഷം റബീഅ്​ പറഞ്ഞു.

യു.എ.ഇ മാധ്യമപ്രവർത്തകനായി മുൻദിർ അൽമസ്​കി ചിത്രീകരിച്ച വീഡിയോയിലൂടെയാണ്​ റൊണാൾഡോയെ കാണാനുള്ള റബീഅയുടെ ആഗ്രഹം ലോകം അറിയിയുന്നത്​. സിറിയയിലും തുർക്കിയയിലും ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് യു.എ.ഇ ദുരിതാശ്വാസ കാമ്പയിനിന്റെ ഭാഗമായാണ്​ മുൻദിർ അൽമസ്​കി സിറിയയിലെത്തിയത്​. ഇതിനിടയിലാണ്​ റബീഅയുമായുള്ള വീഡിയോ പകർത്തിയത്​. ആ സമയത്ത് സൗദി അറേബ്യ സന്ദർശിക്കാനും തന്റെ പ്രിയപ്പെട്ട കളിക്കാരൻ ക്രിസ്​റ്റ്യാനോ റൊണാൾഡോയെ കാണാനുമുള്ള ആഗ്രഹം റബീഅ്​ പ്രകടിപ്പിച്ചു.

അവൻ പറഞ്ഞു: ‘എനിക്ക് സ്​റ്റേഡിയത്തിൽ പോകണം. എന്റെ മാതാവിനെയും പിതാവിനെയും കൂടെ കൊണ്ടുപോകണം. പക്ഷേ എന്റെ പിതാവ്​ മരിച്ചു. എനിക്ക് ക്രിസ്​റ്റ്യാനോയെ കാണണം.’ റബീഅ്​ന്റെ ആ വാക്കുകളുടെ ക്ലിപ്പ്​ ‘എന്റെ പിതാവ്​ മരിച്ചു, ​പക്ഷേ...’ എന്ന തലക്കെട്ടിലാണ്​ അൽമസ്​കി പോസ്​റ്റ്​ ചെയ്​തത്​. സമൂഹ മാധ്യമങ്ങളിലൂടെ അത്​ അതിവേഗം പ്രചരിച്ചു. തന്റെ ആഗ്രഹം സഫലമാക്കാൻ കഴിയുന്നവരുടെ ദൃഷ്​ടിയിലത്​ പതിയാൻ അധിക സമയം വേണ്ടി വന്നില്ല. വീഡിയോ കണ്ട പൊതുവിനോദ അതോറിറ്റി ചെയർമാൻ സിറിയൻ ബാലന്റെ സ്വപ്​നം ഏറ്റെടുക്കുന്നുവെന്നും അത്​ ഉടൻ സാക്ഷാത്​കരിക്കുമെന്നും വാഗ്​ദാനം ചെയ്യുകയായിരുന്നു.

Tags:    
News Summary - Ronaldo fulfills dream of Syrian boy who lost his father in earthquake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.