ഇസ്രായേൽ ഫുട്ബാൾ ടീമിന്‍റെ ജഴ്സിയിൽനിന്ന് ലോഗോ പിൻവലിച്ച് റീബോക്ക്

ഗസ്സയിൽ ഫലസ്തീനികളെ കൊന്നൊടുക്കി വംശഹത്യ തുടരുന്ന ഇസ്രായേലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇസ്രായേൽ ദേശീയ ഫുട്ബാൾ ടീമിന്‍റെ ജഴ്സിയിൽനിന്ന് ലോഗോ പിൻവലിച്ച് പ്രശസ്ത സ്പോർട്സ് ബ്രാൻഡായ റീബോക്ക്. അന്താരാഷ്ട്ര മര്യാദകൾ ലംഘിച്ചും ലോകത്തിന്റെ അഭ്യർഥന തള്ളിയും വംശഹത്യ തുടരുന്ന ഇസ്രായേലിനെ ലോക കായിക വേദികളിൽ വിലക്കണമെന്ന ആവശ്യം ശക്തമാണ്.

യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽനിന്ന് ഇസ്രായേലിനെ വിലക്കുന്നത് യുവേഫയും പരിഗണിക്കുന്നുണ്ട്. ഫിഫ ലോകകപ്പിലും വിലക്ക് ഏർപ്പെടുത്തണമെന്ന് സ്പെയിൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ദേശീയ ടീമിന്‍റെ ജഴ്സി സ്പോൺസർഷിപ്പ് റീബോക്ക് റദ്ദാക്കിയത്. കഴിഞ്ഞ സമ്മറിലാണ് കമ്പനി ഇസ്രായേൽ ഫുട്ബാൾ ടീമിന്‍റെ ജഴ്സി സ്പോൺസർഷിപ്പ് കരാർ സ്വന്തമാക്കുന്നത്. 2026 ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളുടെ ഭാഗമായി ഒക്ടോബർ 11ന് ഓസ്ലോയിൽ നോർവക്കെതിരെയും നവംബർ 14ന് ഇദിനിയിൽ ഇറ്റലിക്കെതിരെയും ഇസ്രായേലിന് മത്സരങ്ങളുണ്ട്. ഈ മത്സരങ്ങളിലെല്ലാം റീബോക്കിന്‍റെ ലോഗോ ഒഴിവാക്കിയുള്ള ജഴ്സി ധരിച്ചാകും ടീം കളിക്കാനിറങ്ങുക.

എം.എസ്.ജി ഗ്രൂപ്പാണ് ഇസ്രായേലിൽ റീബോക്കിന്‍റെ ഉൽപന്നങ്ങളുടെ ഔദ്യോഗിക വിതരണക്കാർ. ഇസ്രായേൽ ഫുട്ബാൾ ടീമിന്‍റെ കിറ്റുകളിൽനിന്നും ജഴ്സിയിൽനിന്നും ലോഗോ പിൻവലിക്കാൻ എം.എസ്.ജി ഗ്രൂപ്പിന് കമ്പനി നിർദേശം നൽകി. അപ്രസക്തമായ ബഹിഷ്‌കരണ ഭീഷണികൾക്ക് മുമ്പിൽ റീബോക്ക് കീഴടങ്ങിയതിൽ അതിയായ ദുഖമുണ്ടെന്ന് ഇസ്രായേൽ ഫുട്ബാൾ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. വിഷയത്തിൽ സാധ്യമായ നിയമനടപടി ആലോചിക്കുന്നുണ്ട്. ദേശീയ ടീമിന്‍റെ ജഴ്സിയിൽ അസോസിയേഷൻ ചിഹ്നവും ഇസ്രായേലിന്‍റെ പതാകയും പ്രദർശിപ്പിക്കുന്നത് തുടരും. സമീപ ഭാവിയിൽ തന്നെ പുതിയ സ്പോൺസറെ കണ്ടെത്തുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്ബാൾ വേദിയിൽ വിലക്കാൻ ഫിഫയും യുവേഫയും നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിദഗ്ധർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസമാണ് യു.എന്നിലെ എട്ട് സ്വതന്ത്ര വിദഗ്ധസംഘം സംയുക്ത പ്രസ്താവനയിലൂടെ ഈ ആവശ്യം ഉന്നയിച്ചത്. സാംസ്കാരിക അവകാശ വിഭാഗം പ്രതിനിധി അലക്സാണ്ട്ര ഷൻതാകി, ഫലസ്തീൻ മേഖലയിലെ മനുഷ്യാവകാശ പ്രതിനിധി ഫ്രാൻസിസ്ക അൽബനീസ് എന്നിവരടങ്ങിയ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും ഇസ്രായേലിനെ അടിയന്തിരമായി വിലക്കണമെന്ന് ആഗോള ഫുട്ബാൾ ഭരണസമിതിയായ ഫിഫ, യൂറോപ്യൻ ഫുട്ബാൾ ഭരണ സമിതിയായ യുവേഫ എന്നിവ മുമ്പാകെ ആവശ്യമുന്നയിച്ചത്.

യൂറോപ്പിലെ വിവിധ ലീഗ് മത്സര വേദികളും ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളും ഫലസ്തീൻ ഐക്യദാർഢ്യവുമായി സജീവമാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇസ്രായേൽ-ഇറ്റലി മത്സരവും പ്രതിഷേധങ്ങളുടെ വേദിയായി മാറിയിരുന്നു. 2022 ഫെബ്രുവരിയിൽ യുക്രെയ്നെ ആക്രമിച്ച റഷ്യക്കെതിരെ നാലു ദിവസത്തിനുള്ളിൽ വിലക്ക് പ്രഖ്യാപിച്ച ഫിഫയും യുവേഫയും രണ്ടു വർഷമാവുന്ന ഗസ്സ ആക്രമണത്തിനിടയിലും ഇസ്രായേലിനെ സംരക്ഷിക്കുകയാണെന്ന് വ്യാപക വിമർശനമുണ്ട്.

Tags:    
News Summary - Reebok pulls logo from Israel’s national soccer team jerseys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.