റാഫേൽ നദാൽ, ലയണൽ മെസ്സി

‘ലിയോ, നിങ്ങളുടെ വേദന ചിന്തിക്കാൻ പോലും കഴിയുന്നില്ല...’; വൈകാരിക കുറിപ്പുമായി ടെന്നീസ് ഇതിഹാസം നദാൽ

അർജന്‍റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സിയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ.

മെസ്സിക്കും കുടുംബത്തിനും അനുശോചനം അറിയിച്ച് നദാൽ ഹൃദയസ്പർശിയായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘പ്രിയ ലിയോ, നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദന എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഈ വിഷമഘട്ടത്തിൽ മെസ്സിക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ സ്നേഹവും അനുശോചനവും രേഖപ്പെടുത്തുന്നു. ഹോർഹെയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ’ -എക്സിൽ നദാൽ പോസ്റ്റ് ചെയ്തു.

മെസ്സിയുടെ ഫുട്ബാൾ കരിയറിൽ നിർണായക പങ്കുവഹിച്ച ഹോർഹെ കഴിഞ്ഞ ദിവസം രാത്രി 10ഓടെ റൊസാരിയോയിലെ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. ദീർഘകാലം മെസ്സിയുടെ ഏജന്റായിരുന്നു. അർബുദബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. കുഞ്ഞുനാളിൽ റൊസാരിയോയിലെ പ്രാദേശിക ക്ലബായ ഗ്രാൻഡോളിയിൽ കളിക്കുമ്പോൾ മെസ്സിയുടെ ആദ്യകാല പരിശീലകരിലൊരാളായി ഹോർഹെ. പിൽക്കാലത്ത് താരത്തിന്റെ മുഴുവൻ പ്രഫഷനൽ കരിയറിന്റെയും മേൽനോട്ടം വഹിച്ചു.

ആരോഗ്യ പ്രശ്നങ്ങളാൽ വലഞ്ഞിരുന്ന ഹോർഹെയുടെ അഭാവം ഇക്കുറി യു.എസിലെ ലോകകപ്പ് വേദികളിൽ പ്രകടമായിരുന്നു. ഭാര്യ ആന്റോണല്ല റൊക്കൂസോയും മക്കളായ തിയാഗോ, മാറ്റിയോ, സിറോ എന്നിവരും മെസ്സിയെ പ്രോത്സാഹിപ്പിക്കാൻ എത്തിയപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഹോർഹെക്ക് മത്സരങ്ങൾ നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല. കുഞ്ഞുനാളിൽ റൊസാരിയോയിലെ പ്രാദേശിക ക്ലബായ ഗ്രാൻഡോളിയിൽ കളിക്കുമ്പോൾ മെസ്സിയുടെ ആദ്യകാല പരിശീലകരിലൊരാളായി ഹോർഹെ. പിൽക്കാലത്ത് താരത്തിന്റെ മുഴുവൻ പ്രഫഷനൽ കരിയറിന്റെയും മേൽനോട്ടം വഹിച്ചു.

മെസ്സിയുടെ ബാല്യകാല ക്ലബായ ന്യൂവെൽസ് ഓൾഡ് ബോയ്സും സ്പാനിഷ് ക്ലബ് ബാഴ്സലോണയും അനുശോചിച്ചു. മെസ്സിയുടെ പിതാവിനോടുള്ള ആദരസൂചകമായി ന്യൂവെൽസ് ക്ലബ് പതാക പകുതി താഴ്ത്തിക്കെട്ടിയതിന്റെ ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു.

ചരിത്രമെഴുതിയ നാപ്കിൻ കരാർ

ഫുട്ബാളറെന്ന നിലയിൽ മെസ്സിയുടെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കരുത്തായിരുന്നു ഹോർഹെ. ചെറുപ്പത്തിൽ വളർച്ച ഹോർമോൺ കുറവുകളാൽ പ്രയാസപ്പെട്ട ലിയോയെ ന്യൂവൽസ് ഓൾഡ് ബോയ്സ് യൂത്ത് ടീമിൽ കളിക്കുന്ന കാലത്ത് ശരിയായ ചികിത്സ ലഭ്യമാക്കാൻ മുൻകൈ എടുത്തത് പിതാവായിരുന്നു. മെസ്സിയുടെ 13ം വയസ്സിൽ ബാഴ്സലോണയിലേക്ക് പോയപ്പോൾ അനുഗമിച്ചു. മകന്റെ ചികിത്സക്കായി നാപ്കിൻ പേപ്പറിൽ എഫ്.സി ബാഴ്സലോണയുമായി ചരിത്രപ്രസിദ്ധമായ ആദ്യ കരാറുണ്ടാക്കിയത് അദ്ദേഹമാണ്. ഭാര്യ സെലിയ കുച്ചിറ്റിനിയും മറ്റു മക്കളായ റോഡ്രിഗോ, മത്യാസ്, മരിയ സോൾ എന്നിവരും അന്ന് റൊസാരിയോയിൽ തുടർന്നപ്പോഴും മെസ്സിയുടെ തണലായി ഹോർഹെ സ്പെയിനിൽ കൂടെനിന്നു.

താരത്തിന്റെ ഔദ്യോഗിക ഏജന്റായി പ്രവർത്തിച്ച അദ്ദേഹം ബാഴ്സലോണ, പി.എസ്.ജി, ഇന്റർ മയാമി ക്ലബുകളുമായുള്ള കരാറുകൾക്ക് നേതൃത്വം നൽകി. വാണിജ്യ-പരസ്യ കരാറുകളിലും ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലും മുന്നിൽ നിന്നു. കളിക്കളത്തിന് പുറത്തെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ച് മെസ്സിക്ക് കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരമൊരുക്കി.

Tags:    
News Summary - Rafael Nadal Shares Heartfelt Condolences To Lionel Messi Following Father Jorge's Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.