ലോകകപ്പ് യോഗ്യത നേടിയ ഖത്തർ ടീമിന്റെ ആഹ്ലാദം
ദോഹ: ലോകകപ്പ് യോഗ്യത കലാശപ്പോരിൽ യു.എ.ഇയെ കീഴടക്കി ഖത്തർ ലോകകപ്പിലേക്ക്. ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ യു.എ.ഇയെ 2-1ന് കീഴടക്കി ലോകകപ്പിലേക്ക് ടിക്കറ്റെടുത്തതിന്റെ അതിരില്ലാത്ത ആവേശത്തിൽ ഖത്തർ. ലോകകപ്പ് യോഗ്യതാ നേട്ടം ആഘോഷപൂർവമാണ് ഖത്തർ വരവേറ്റത്. കാത്തിരുന്ന മുഹൂർത്തം സമാഗതമായതോടെ സൂഖ് വാഖിഫ് ഉൾപ്പെടെ ഖത്തറിന്റെ തെരുവുകൾ കളിക്കമ്പക്കാരുടെ ആവേശപ്രകടനങ്ങൾക്ക് അരങ്ങായി മാറി. 2022ൽ ആതിഥേയരെന്ന നിലയിൽ ആദ്യമായി ലോകകപ്പ് കളിച്ച ഖത്തറിന് അടുത്തവർഷം നടക്കുന്ന ലോകകപ്പ് രണ്ടാം വിശ്വമേളയായി മാറുകയാണ്.
പന്തടക്കത്തിലും ആക്രമണങ്ങളിലും ഒരുപിടി മുന്നിലായിരുന്നു ഖത്തർ. അന്നാബികളുടെ മുന്നേറ്റത്തെ തടയാൻ യു.എ.ഇയുടെ പ്രതിരോധ നിരക്ക് സാധിച്ചില്ല. വളരെ കരുതലോടെയായിരുന്നു ഇരു ടീമുകളും തുടക്കത്തിൽ കളിച്ചത്. ആദ്യ പകുതി ഗോളൊന്നും നേടാതെ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞു. എന്നാൽ, ഇടവേള കഴിഞ്ഞതോടെ കഥയാകെ മാറിമറിഞ്ഞു.
ആതിഥേയരെന്ന നിലയിൽ ലഭിച്ച വലിയ ആരാധക പിന്തുണയെന്ന നേട്ടം മുതലെടുത്ത് ഖത്തർ കളിയിൽ ആധിപത്യം പുലർത്തുന്ന കാഴ്ചയായിരുന്നു പിന്നീട്. കളിക്കാർ മൈതാനത്ത് പൊരുതുമ്പോൾ ഇരിപ്പിടങ്ങളിൽ ആരാധകർ ആർപ്പുവിളികളുമായി ആവേശം പകർന്നു. ഇതോടെ ഇരു വിങ്ങുകളിലുമായി ഖത്തർ ആക്രമണം കനപ്പിക്കുകയായിരുന്നു. 49ാം മിനിറ്റിൽ അക്റം അഫീഫ് എടുത്ത ഫ്രീകിക്കിന് തല വെച്ച് ബൗലം ഖൂഖി ഖത്തറിന്റെ ആദ്യ ഗോൾ നേടി. ഗോൾ തിരിച്ചടിക്കാനായി യു.എ.ഇ ഇരമ്പിക്കയറുന്നതിനിടെ 74ാം മിനിറ്റിൽ ആതിഥേയരുടെ രണ്ടാം ഗോൾ. അക്റം അഫീഫിതന്നെയെടുത്ത സെറ്റ് പീസ് ഗോളിലേക്ക് ചെത്തിയിട്ടത് പ്രതിരോധ താരം പെഡ്രോ മിഗ്വെൽ.
ഖത്തർ -യു.എ.ഇ ആരാധകരുടെ മത്സരം കൂടിയായിരുന്നു ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്നത്. കളിക്കാർ മൈതാനത്ത് പൊരുതുമ്പോൾ ഇരിപ്പിടങ്ങളിൽ ആരാധകർ ആർപ്പുവിളികളുമായി ആവേശം പകർന്നു. പതിനയ്യായിരത്തിൽ അധികം കാണികൾക്കുമുന്നിൽ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാടി
88ാം മിനിറ്റിൽ യു.എ.ഇയുടെ എറിക് മെനെസിസിനെ അപകടകരമായി ഫൗൾ ചെയ്തതിന് താരിഖ് സൽമാൻ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയി. ഇതോടെ ഖത്തർ 10 പേരിലേക്ക് ചുരുങ്ങി. 15 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റിൽ ഗോൾ തിരിച്ചടിച്ച് സുൽത്താൻ അദ്ൽ യു.എ.ഇക്ക് പ്രതീക്ഷ നൽകിയെങ്കിലും ഖത്തർ പ്രതിരോധം ഉലയാതെനിന്നു. ഖത്തറിന്റെ പ്രതിരോധ മികവും ഗോളി മഹ്മൂദ് അബുനാദിന്റെ ജാഗ്രതയും ഖത്തറിന് 2026ലെ ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കി. ലോകകപ്പ് യോഗ്യത ആദ്യ മത്സരത്തിൽ ഒമാനെതിരെ സമനില വഴങ്ങിയും രണ്ടാം മത്സരത്തിൽ യു.എ.ഇയെ പരാജയപ്പെടുത്തിയും ഗ്രൂപ് ജേതാക്കളായ ഖത്തറിന് തുടർച്ചയായ രണ്ടാം ലോകകപ്പിന് ബൂട്ടുകെട്ടാം. തോറ്റെങ്കിലും പ്ലേ ഓഫിലൂടെ ലോകകപ്പ് യോഗ്യത ഉറപ്പാക്കാൻ യു.എ.ഇക്ക് ഇനിയും അവസരമുണ്ട്.
ദോഹ: അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടിയ ഖത്തർ ദേശീയ ഫുട്ബോൾ ടീം അംഗങ്ങളെ ലുസൈൽ കൊട്ടാരത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരിച്ചു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയും അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനിയും സ്വീകരണ പരിപാടിയിൽ സന്നിഹിതരായാരുന്നു.
ലോകകപ്പ് ടൂർണമെന്റിൽ വിജയാശംസകൾ നേർന്ന അമീർ, കളിക്കാരെയും അഡ്മിനിസ്ട്രേറ്റിവ്, ടെക്നിക്കൽ സ്റ്റാഫ് അംഗങ്ങളെയും അഭിനന്ദിച്ചു. മികച്ച പ്രകടനത്തെയും ഫുട്ബാൾ നേട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു. അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, യുവജന -കായിക മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി, ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.
ഫിഫ ലോകകപ്പിന് യോഗ്യത നേടിയ ഖത്തറിന്റെ ടീം അംഗങ്ങൾക്ക് ലുസൈൽ കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിൽനിന്ന്
നേരത്തേ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടിയ ഖത്തർ ദേശീയ ടീമിനെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അഭിനന്ദിച്ചു. ദേശീയ ടീമിന്റെ ശ്രദ്ധേയമായ കായിക നേട്ടത്തിൽ സന്തോഷവും അഭിമാനം പ്രകടിപ്പിക്കുന്നതായി എക്സ് പോസ്റ്റിൽ അമീർ അറിയിച്ചു, വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു. ചൊവ്വാഴ്ച നടന്ന ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ അവസാന റൗണ്ടിൽ യു.എ.ഇക്കെതിരെ 2-1ന് നേടിയ വിജയിച്ച ഖത്തർ അടുത്ത വർഷം അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിൽ സ്ഥാനം ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.