ലണ്ടൻ: 'ക്രിസ്റ്റ്യാനോ' പടക്കോപ്പുമായി ഓൾഡ്ട്രഫോഡിലെ തിരുമുറ്റത്ത് പോരിനിറങ്ങിയ സോൾഷ്യെയർ സംഘത്തെ പിടിച്ചുകെട്ടി എവർട്ടൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആവേശപ്പോരിൽ 1-1നാണ് റഫേൽ ബെനിറ്റസിന്‍റെ ചുണക്കുട്ടികൾ മാഞ്ചസ്റ്റർ യുനൈറ്റഡിനെ തളച്ച് നെഞ്ചുവിരിച്ച് തിരിച്ചുകയറിയത്. ഒരു ഗോളിന് പിന്നിട്ടുനിന്നതിനു ശേഷം സുന്ദരമായ കൗണ്ടർ അറ്റാക്കിൽ ഗോൾ നേടിയാണ് എവർട്ടന്‍റെ മറുപടി.
43ാം മിനിറ്റിൽ ആന്‍റണി മാർഷ്യലാണ് പവർഫുൾ ഷോട്ടിൽ എവർട്ടന്‍റെ വലതുളച്ച് മാഞ്ചസ്റ്റർ യുനൈറ്റഡിനെ മുന്നിലെത്തിച്ചത്. എന്നാൽ, രണ്ടാം പകുതി കോർണറിൽ നിന്ന് തുടങ്ങിയ കൗണ്ടർ അറ്റാക്കിലൂടെ 65ാം മിനിറ്റിൽ എവർട്ടൻ തിരിച്ചടിച്ചു. ആൻഡ്രോസ് ടൗൺസെന്‍റാണ് ക്ലാസിക് ഫിനിഷിലൂടെ ഗോൾ നേടിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അടക്കം പലമാറ്റങ്ങളും മാഞ്ചസ്റ്റർ കോച്ച് നടത്തിനോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഒപ്പത്തിനൊപ്പം മുന്നേറുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിനും എവർട്ടനും 14 പോയന്‍റാണ്.
വമ്പൻ അഴിച്ചു പണി നടത്തിയാണ് കോച്ച് ഒലെ ഗണ്ണർ സോൾഷ്യെയർ എവർട്ടനെതിരെ ടീമിൽ ഒരുക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കരക്കിരുത്തി 4-2-3-1ന് ശൈലിയിൽ എഡിൻസൻ കവാനിയെ അക്രമണത്തിന് നിയോഗിച്ചായിരുന്നു ദൗത്യ നിർവഹണം. പോർചുഗീസ് സൂപ്പർ താരം ഇതുവരെ എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിലുണ്ടായിരുന്നു.
It ends level. #MUFC | #MUNEVE
— Manchester United (@ManUtd) October 2, 2021
ഒപ്പം ആന്‍റണി മാർഷ്യൽ, ബ്രൂണോ ഫെർണാണ്ടസ്, മാസൺ ഗ്രീൻവുഡ് എന്നിവരും മുന്നേറ്റത്തിലുണ്ട്. ജാഡൻ സാഞ്ചോയെയും പോൾ പോഗ്ബയെയും കരക്കിരുത്തി. ഫ്രഡിനും സ്കോട്ട് മെക്ടൊമിനേക്കുമാണ് മധ്യനിരയുടെ നിയന്ത്രണം. പ്രതിരോധത്തിൽ വിക്ടർ ലിൻഡലോഫ്, റാഫൽ വരാനെ, വാൻബിസാക്ക, ലൂക്ക് ഷോ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.