‘ആ മൂന്നു കളിക്കാരില്ലെങ്കിൽ ഇംഗ്ലണ്ടിന് ലോകകപ്പ് നേടാനാവില്ല’; തുറന്നടിച്ച് പോൾ സ്കോൾസ്

ലണ്ടൻ: അടുത്ത വർഷം നടക്കുന്ന ഫിഫ ഫുട്ബാൾ ലോകകപ്പിൽ ഇംഗ്ലണ്ടിന് കിരീടം നേടണമെങ്കിൽ മൂന്നു താരങ്ങൾ നിർബന്ധമായും ടീമുലുണ്ടാകണമെന്ന് മുൻ ഇംഗ്ലീഷ് താരം പോൾ സ്കോൾസ്. അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങൾ സംയുക്തായി വേദിയൊരുക്കുന്ന ലോകകപ്പിന് യൂറോപ്പിൽനിന്ന് ആദ്യം യോഗ്യത ഉറപ്പിച്ച ടീമാണ് ത്രീ ലയൺസ്.

കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് ലാറ്റ്‍വിയയെ തരിപ്പണമാക്കിയാണ് ഇംഗ്ലീഷുകാർ ലോകകപ്പിന് ടിക്കറ്റെടുത്തത്. ഗ്രൂപ്പിൽ ഇംഗ്ലണ്ടിന് ഇനിയും രണ്ടു മത്സരങ്ങൾ ബാക്കിയുണ്ട്. ക്യാപ്റ്റൻ ഹാരി കെയിൻ രണ്ടുവട്ടം വല കുലുക്കി ഒരിക്കലൂടെ ഹീറോയായപ്പോൾ ആന്റണി ഗോർഡൻ, എബറെച്ചി എസെ എന്നിവരും ലാറ്റ്‍വിയക്കെതിരെ ഗോൾ നേടി. ഒരു ഗോൾ ലാറ്റ്‍വിയ താരം മാക്സിംസ് ടോണിസെവ്സ് വക സെൽഫ് ഗോളായിരുന്നു.

ഗ്രൂപ് കെയിൽ ആറു കളികളിൽ 18 പോയിന്റുമായാണ് ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യത നേടുന്നത്. ഗ്രൂപ്പിൽ രണ്ടാമതുള്ള അൽബേനിയക്ക് 11 പോയിന്റാണ് സമ്പാദ്യം. 2009മുതൽ 37 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അപരാജിതരായി കുതിക്കുന്ന ഇംഗ്ലണ്ടിന് പക്ഷേ, അകന്നുനിൽക്കുന്ന കിരീടം ഇത്തവണ അമേരിക്കൻ മണ്ണിൽ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷ ശക്തമാണ്. 1966ലോകകപ്പിനു ശേഷം ടീം മുൻനിര കിരീടങ്ങളൊന്നും നേടിയിട്ടില്ല.

അതേസമയം, ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടങ്ങൾക്കുള്ള ഇംഗ്ലീഷ് ടീമിൽനിന്ന് ജൂഡ് ബെല്ലിങ്ഹാമിനെയും ജാക് ഗ്രീലിഷിനെയും ഫിൽ ഫോഡനെയും ഒഴിവാക്കിയത് വലിയ വാർത്തയായി. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ തന്നെ ജർമൻ പരിശീലകൻ തോമസ് തുഷേൽ ടീമിൽ നിലനിർത്തുകയായിരുന്നു. എന്നാൽ, മികച്ച താരങ്ങളായ ബെല്ലിങ്ഹാമിനെയും ഗ്രീലിഷിനെയും ഫോഡനെയും സ്ക്വാഡിൽനിന്ന് ഒഴിവാക്കിയ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സ്കോൾസ് അഭിപ്രായപ്പെട്ടു. ‘എനിക്ക് അത്ഭുതം തോന്നി. ആ മൂന്ന് കളിക്കാരും അദ്ദേഹത്തിന്റെ ടീമിൽ ഉണ്ടായിരിക്കണം, ലോകകപ്പിനുള്ള ടീമിലും അവർ ഉണ്ടായിരിക്കണം’ -സ്കോൾസ് വ്യക്തമാക്കി.

ഇംഗ്ലണ്ടിന്‍റെ സ്ക്വാഡ് നോക്കുകയാണെങ്കിൽ ലോകകപ്പ് ജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഈ മൂന്നു താരങ്ങൾ സ്ക്വാഡിൽ ഉണ്ടെങ്കിൽ ലോകകപ്പ് ജയിക്കാനുള്ള സാധ്യത കൂടുതലാണ്. ബെല്ലിങ്ഹാമിന് കുറച്ചു മത്സരങ്ങൾ നഷ്ടമായിട്ടുണ്ട്. ഇപ്പോൾ താരം കായികക്ഷമത വീണ്ടെടുത്തെന്നും ടീമിലേക്ക് തിരിച്ചുവിളിക്കണമെന്നും സ്കോൾസ് ആവശ്യപ്പെട്ടു. തോളിലെ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്കു വിധേയനായ ബെല്ലിങ്ഹാം അടുത്തിടെ റയൽ മഡ്രിഡിനൊപ്പം ചേർന്നിട്ടുണ്ട്. 2024ൽ ഗരെത് സൗത്ഗേറ്റിനു കീഴിലുള്ള ഇംഗ്ലണ്ടിനെ യൂറോ കപ്പ് ഫൈനലിൽ എത്തിക്കുന്നതിൽ ബെല്ലിങ്ഹാം നിർണായക പങ്കുവഹിച്ചിരുന്നു.

കഴിഞ്ഞ സീസണെ അപേക്ഷിച്ച് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഫോഡനും എവർട്ടണിൽ ഗ്രീലിഷും മികച്ച ഫോമിലാണ്. നവംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ സെർബിയ, അൽബേനിയ ടീമുകളെ നേരിടുന്ന ഇംഗ്ലണ്ട് ടീമിൽ ബെല്ലിങ്ഹാമും ഗ്രീലിഷും ഫോഡനും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Tags:    
News Summary - Paul Scholes -no chance of winning the World Cup' without them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.