1 ഗോൾ നേട്ടം ആഘോഷിക്കുന്ന ലൂയി ഡയസ്, 2 ചുവപ്പുകാർഡ് കണ്ട് പുറത്താകുന്നു

രണ്ട് ഗോളും റെഡ്കാർഡും; ഹീറോയിൽ നിന്ന് വില്ലനായി ലൂയി ഡയസ്; ചാമ്പ്യൻ പി.എസ്.ജിയെ വീഴ്ത്തി ബയേൺ

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളുടെ പകിട്ടുമായിറങ്ങിയ പി.എസ്.ജിയെ വീഴ്ത്തി ബയേൺ മ്യുണികിന്റെ വിജയ നൃത്തം. പാരീസ് പടയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 2-1നായിരുന്നു ബയേൺ മ്യുണിക് വിജയം നേടിയത്.

കളിയുടെ നാലും, 32ഉം മിനിറ്റുകളിൽ ലൂയിസ് ഡയസ് നേടിയ ഇരട്ട ഗോളുകൾ ബയേണിന്റെ ത്രസിപ്പിക്കുന്ന ജയത്തിന് അടിത്തറയിട്ടു. കളിയുടെ 74ാം മിനിറ്റിൽ ജോ നെവസി​ന്റെ വകയായിരുന്നു പി.എസ്.ജിയുടെ ആശ്വാസ ഗോൾ. ബയേണിന് വിജയം സമ്മാനിച്ച രണ്ട് ഗോളുകൾ നേടി മുന്നിൽ നിന്ന് നയിച്ച ശേഷം, മാരകമായ ഫൗളിലൂടെ ലൂയി ഡയസ് നായകനും വില്ലനുമായി മാറി. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ റെഡ് കാർഡുമായി പുറത്തായതോടെ 10 പേരുമായാണ് ബയേൺ കളി പൂർത്തിയാക്കിയത്. 

പന്തുരുണ്ട് തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ പിറന്ന ഗോൾ കളിയുടെ ഗതിമാറ്റുകയായിരുന്നു. പി.എസ്.ജിയുടെ മിസ് പാസിൽ നിന്നുമെത്തിയ അവസരം മൈകൽ ഒലിസെ പോസ്റ്റിലേക്ക് പറത്തിയപ്പോൾ ​പി.എസ്.ജി ഗോളി ലൂകാസ് ഷെവലിയറിൽ തട്ടി റീബൗണ്ട് ചെയ്തപ്പോഴാണ് ലൂയി ഡയസ് ഗോൾ കീപ്പർ സ്ഥാനംതെറ്റി നിന്ന പോസ്റ്റിലേക്ക് പന്ത് അടിച്ചു കയറ്റിയത്. അപ്രതീക്ഷിതമായി വഴങ്ങിയ ഗോൾ പി.എസ്.ജിയുടെ പ്രതിരോധം ഉലച്ചു.

22ാം മിനിറ്റിൽ തിരിച്ചുവരവിന് ഊർജം നൽകി പി.എസ്.ജി വലകുലുക്കിയെങ്കിലും അത് ഓഫ്സൈഡിൽ കുരുങ്ങി നിഷേധിക്കപ്പെട്ടു. അധികം വൈകും മുമ്പേ പി.എസ്.ജി നായകൻ മാർക്വിനോസി​ന്റെ വീഴ്ചയിൽ ഡയസ് രണ്ടാം ഗോളും നേടി. ബോക്സിനുമുന്നിൽ അപകടകരമായ രീതിയിൽ പന്ത് കൈകാര്യം ചെയ്ത മാർക്വിനോസിൽ നിന്നും റാഞ്ചിയെടുത്ത പന്തിനെ ഡയസ് അനായാസം വലയിലാക്കുകയായിരുന്നു.

രണ്ട് ഗോൾ നേടിയതിനു പിന്നാലെ, ആദ്യ പകുതി പിരിയും മുമ്പേ ലൂയി ഡയസ് ചുവപ്പുകാർഡ് കണ്ട് കളം വിട്ടു. അഷ്റഫ് ഹകിമിയെ വീഴ്ത്തിയ ഫൗളിന് ആദ്യം മഞ്ഞയും, പിന്നാലെ റിവ്യൂവിലൂടെ റെഡും നൽകി പുറത്താക്കി. കണങ്കാലിലെ വേദനയിൽ കണ്ണീരണിഞ്ഞായിരുന്നു ഹകിമി കളം വിട്ടത്.

അഷ്റഫ് ഹകിമിക്ക് പരിക്കേൽക്കുന്നു

രണ്ടാം പകുതിയിൽ പത്തിലേക്ക് ചുരുങ്ങിയ ബയേൺ, പ്രതിരോധത്തിലൂടെ കളി പൂർത്തിയാക്കി. 74ാം മിനിറ്റിൽ ലീ കാങ് നൽകിയ ​ക്രോസിലായിരുന്നു ജോ നെവസ് തിരിച്ചുവരവിന് ഊർജം നൽകിയ ഗോൾ നേടിയത്. പക്ഷേ, ഒപ്പമെത്താനോ, വിജയത്തിലേക്ക് മുന്നേറാനോ കഴിഞ്ഞില്ല. ചാമ്പ്യൻസ് ലീഗ് സീസണിൽ പി.എസ്.ജിയുടെ ആദ്യതോൽവിയാണിത്. നാലിൽ നാലും ജയിച്ച ബയേൺ ഒന്നാം സ്ഥാനത്തേക്ക് മു​ന്നേറി.

മറ്റു മത്സരങ്ങളിൽ ലിവർപൂൾ റയൽ മഡ്രിഡിനെ 1-0ത്തിന് തോൽപിച്ചു.

ടോട്ടൻഹാം ഹോട്സ്പർ ഡെന്മാർക് ക്ലബ് കോബൻഹാവെനെ 4-0ത്തിനും, എ.എസ് മൊണാകോ -നോർവെയുടെ ബോഡോ ഗ്ലിംറ്റിനെ 1-0ത്തിനും തോൽപിച്ചു.

Tags:    
News Summary - Paris St-Germain 1-2 Bayern Munich: Luis Diaz scores twice but is sent off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.