ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യ ലീഡെടുത്ത് ഒഡിഷ എഫ്.സി
കൊച്ചി: ഇവാൻ വുകോമനോവിച്ചിന്റെ സാന്നിധ്യമോ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യമോ ഗോളാക്കി മാറ്റാൻ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിനായില്ല. ആദ്യ പകുതി അവസാനിച്ചപ്പോൾ ഒഡിഷ എഫ്.സിക്കെതിരെ ഏകപക്ഷീയമായ ഒരുഗോളിന് പിന്നിലാണ് ബ്ലാസ്റ്റേഴ്സ്.
15ാം മിനിറ്റിൽ സ്ട്രൈക്കർ ഡീഗോ മൗറീഷ്യോ ആണ് ഒഡിഷക്കായി ഏക ഗോൾ നേടിയത്. 20 ാം മിനിറ്റിൽ ഒഡിഷക്കനുകൂലമായി ലഭിച്ച പെനാൽറ്റി ഗോൾ കീപ്പർ സചിൻ സുരേഷ് തടഞ്ഞിട്ടത് ബ്ലാസ്റ്റേഴ്സിന്റെ ആഘാതം കുറച്ചു. ഇരു ടീമുകളും അറ്റാക്കിങ് ഫുട്ബാളുമായി കളം നിറഞ്ഞു കളിച്ചെങ്കിലും ഗോളുകൾ വലയൊഴിഞ്ഞ് പോകുകയായിരുന്നു.
ഐ.എസ്.എല്ലിലെ പത്തു മത്സരത്തിൽ വിലക്കിനെ തുടർന്ന് പുറത്തിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചും ആരാധകരുടെ സ്വന്തം ആശാനുമായ ഇവാൻ വുകോമനോവിച്ച് വീണ്ടും ടീമിനൊപ്പം ചേർന്നതിന്റെ ആവേശത്തിലായിരുന്നു ടീമും ആരാധകരും. ദിമിത്രയോസിന് പകരം രാഹുൽ കെ.പിയാണ് ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങിയത്. ഐമനും ഇഷൻ പണ്ടിതയും ബെഞ്ചിലാണ്.
നിലവിൽ ഏഴ് പോയന്റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഒഡിഷ നാല് പോയന്റുമായി ഏഴാം സ്ഥാനത്തും. ഹോം ഗ്രൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ശനിയാഴ്ചത്തെ മത്സരത്തിൽ സമനില വഴങ്ങിയിരുന്നു. എവേ ഗ്രൗണ്ടിൽ മുംബൈ സിറ്റി എഫ്.സിയോടും തോറ്റു. എന്നാൽ, തോൽവിയും സമനിലയുമെല്ലാം മറന്ന് ഇന്നത്തെ ജയം സ്വപ്നംകണ്ടാണ് ടീം ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.