"ഒബ്രിഗഡോ കൊൽക്കത്ത, മാന്ത്രിക നിമിഷം, അവിശ്വസനീയമായ ഊർജ്ജം"; കൊൽക്കത്തക്ക് നന്ദി പറഞ്ഞ് റൊണാൾഡീഞ്ഞോ മടങ്ങി

കൊൽക്കത്ത: റൊണാൾഡീഞ്ഞോ എന്ന ബ്രസീൽ ഫുട്ബാൾ മാന്ത്രികൻ വിരമിച്ചിട്ട് ഒരു ദശാബ്ദത്തിലേറെയായി. പക്ഷേ അദ്ദേഹത്തിന്റെ താരമൂല്യത്തിന്റെ പകിട്ട് ഒട്ടും കുറഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു രണ്ടു ദിവസമായി കൊൽക്കത്തയുടെ തെരുവുകൾ.

നൃത്തവും ഡ്രിബിളിങ്ങും ദുർഗ്ഗാ പൂജയും ഹിൽസ പാചകവുമായി ആഘോഷതിമിർപ്പിലായിരുന്നു ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസവും കൊൽക്കത്ത നഗരവും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ താരം രാജ്യത്തോടും കൊൽക്കത്തയോടും നന്ദി പറഞ്ഞാണ് മടങ്ങിയത്.

"(ഒബ്രിഗഡോ കൊൽക്കത്ത) നന്ദി കൊൽക്കത്ത, ഇന്ത്യ !!! എന്തൊരു അവിശ്വസനീയമായ ഊർജ്ജം, എന്തൊരു മാന്ത്രിക നിമിഷം... ഒത്തിരി സ്നേഹം !!! വളരെ സന്തോഷത്തോടെയും വാത്സല്യത്തോടെയും സ്വീകരിച്ചതിൽ വളരെ സന്തോഷം!!! വീണ്ടും കാണാം"- എന്നാണ് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചത്. 

കൊൽക്കത്തയിൽ വിമാനമിറങ്ങിയപ്പോൾ തന്നെ താരത്തെ സ്വീകരിക്കാൻ വൻ ആരാധകകൂട്ടമാണെത്തിയത്. പശ്ചിമ ബംഗാൾ മന്ത്രി സുജിത് ബോസിന്റെ നേതൃത്വത്തിലാണ് റൊണാൾഡീഞ്ഞോയെ സ്വീകരിച്ചത്.

കൊൽക്കത്തക്ക് സമീപം രാജർഹട്ടിൽ ഒരു ഫുട്ബാൾ അക്കാദമി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. നൂറുകണക്കിന് കുട്ടികൾ അക്കാദമിയിൽ ഒത്തുകൂടിയിരുന്നു. ടിവി സ്ക്രീനുകളിൽ മാത്രം കണ്ടിരുന്ന തന്റെ മാന്ത്രിക ഡ്രിബ്ലിങ് അവർക്ക് മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ ആവേശഭരിതരായി.  


അവിടെ നിന്ന് നേരെ കൊൽക്കത്തയിലെ ലേക്ക് ടൗണിലെ ശ്രീഭൂമി സ്‌പോർട്ടിംഗ് ക്ലബ് പൂജ പന്തലിലേക്കായിരുന്നു. ഉദ്ഘാടനം നിർവഹിച്ച റൊണാൾഡീഞ്ഞോ ബ്രസീലിന്റെ പതാക വീശി ആരാധകർക്കൊപ്പം നൃത്തം ചെയ്തു.

തുടർന്ന് നഗരത്തിലെ മറഡോണയുടെ പ്രതിമയിൽ ഫുട്ബാൾ ഇതിഹാസം ആദരാഞ്ജലി അർപ്പിച്ചു.

മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാളിഘട്ടിലെ വീടായിരുന്നു അടുത്ത ലക്ഷ്യം. മുഖ്യമന്ത്രി അദ്ദേഹത്തെ ഷാൾ അണിയിച്ച് ഫുട്ബാൾ സമ്മാനിച്ചു. നഗരത്തിലെ പ്രശസ്ത ഫുട്ബാൾ ക്ലബുകളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്പോർട്ടിംഗ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉണ്ടായിരുന്നു. ക്ലബുകൾ റൊണാൾഡീഞ്ഞോയ്ക്ക് അവരുടെ ജഴ്‌സി സമ്മാനിച്ചു. ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ ട്രോഫി അനാച്ഛാദന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. 


തുടർന്ന് കൊൽക്കത്തയുടെ പ്രാന്തപ്രദേശങ്ങളായ നരേന്ദ്രപൂരിലും ബരുയിപൂരിലും രണ്ട് ദുർഗാപൂജ പന്തലുകൾ കൂടി ഫുട്ബാൾ സെൻസേഷൻ ഉദ്ഘാടനം ചെയ്തു.

മറ്റൊരു പരിപാടിയിൽ പങ്കെടുത്ത് അവിടെ അദ്ദേഹം പാചകം ചെയ്യാൻ ശ്രമിച്ചു. ഒരു കൈയിൽ കടുകെണ്ണ കുപ്പിയും മറുകയ്യിൽ ഹിൽസ മീനുമായി പോസ് ചെയ്യുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.  

Tags:    
News Summary - "Obrigado Kolkata" - Ronaldinho sends message after visiting India for Durga Puja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.