ഓൾഡ് ട്രാഫോർഡിലെ പഴയ ടർഫിന്റെ പുല്ല് വിൽപ്പനയ്ക്ക് വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്, വില അറിയാം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിലെ ചരിത്രപ്രസിദ്ധമായ മൈതാനത്തിന്റെ ഭാഗങ്ങൾ സ്വന്തമാക്കാൻ ആരാധകർക്ക് അവസരം. ക്ലബ്ബിന്റെ സുവർണ നിമിഷങ്ങൾക്കും കയ്പേറിയ തോൽവികൾക്കും സാക്ഷ്യം വഹിച്ച പഴയ ഗ്രൗണ്ടിലെ പുല്ലും മണ്ണും പ്രത്യേകമായി സംരക്ഷിച്ച് ഗ്ലാസ് ക്യൂബുകളിലാക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽപ്പനക്ക് വെച്ചിരിക്കുന്നത്. ഏകദേശം 13,700 രൂപയാണ് (125 പൗണ്ട്) ഒരു ക്യൂബിന്റെ വില.
കഴിഞ്ഞ ജൂണിലാണ് 14 വർഷത്തിന് ശേഷം ആദ്യമായി ഓൾഡ് ട്രാഫോർഡിലെ ടർഫ് പൂർണ്ണമായി മാറ്റിസ്ഥാപിച്ചത്. ക്ലബ്ബിന്റെ ഗ്രൗണ്ട്‌സ്‌പേഴ്‌സൺ ടോണി സിൻക്ലെയറിന്റെ നേതൃത്വത്തിൽ മൈതാനം അടിത്തട്ട് വരെ കുഴിച്ചെടുത്ത് പുതിയ ഉപരിതലം ഒരുക്കുകയായിരുന്നു. കളിക്കാരുടെ സുരക്ഷയും ഡ്രെയിനേജ് സംവിധാനവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു ഈ മാറ്റം. ഇത്തരത്തിൽ നീക്കം ചെയ്ത പഴയ ടർഫിന്റെ ഒരു ഭാഗമാണ് ആരാധകർക്കായി മാറ്റിവെച്ചത്.
സർ അലക്സ് ഫെർഗൂസന്റെ ശിക്ഷണത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് നേടിയ 13 പ്രീമിയർ ലീഗ് കിരീടങ്ങൾ, രണ്ട് ചാമ്പ്യൻസ് ലീഗ് ട്രോഫികൾ, നിരവധി എഫ്.എ കപ്പ് വിജയങ്ങൾ എന്നിവക്കെല്ലാം സാക്ഷ്യം വഹിച്ച മൈതാനമാണിത്. എന്നാൽ, ക്ലബ്ബിന്റെ ചരിത്രത്തിലെ ചില ദാരുണ തോൽവികൾക്കും ഇത് വേദിയായി. ലിവർപൂളിനോട് 5-0നും ടോട്ടനത്തോട് 6-1നും യുനൈറ്റഡ് പരാജയപ്പെട്ടത് ഇവിടെവെച്ചായിരുന്നു.
ഏറ്റവും ഒടുവിൽ ബ്രൈറ്റനെതിരായ ലീഗ് കപ്പ് മത്സരത്തിൽ ആദ്യ പകുതിയിൽ 2-0ന് മുന്നിട്ടുനിന്ന ശേഷം 3-2ന് തോറ്റതും ഇതേ ഗ്രൗണ്ടിൽ വെച്ചാണ്. ആദ്യ പകുതിയിൽ മുന്നിട്ടുനിന്ന ശേഷം സ്വന്തം തട്ടകത്തിൽ യുനൈറ്റഡ് തോൽവി വഴങ്ങുന്നത് 42 വർഷത്തിനിടെ ആദ്യമായിരുന്നു.
പുതിയ ടർഫ് സ്ഥാപിച്ചതോടെ ടീമിന്റെ കളിക്കളത്തിലെ പ്രകടനം മെച്ചപ്പെടുമെന്നും, ഓൾഡ് ട്രാഫോർഡിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ആരാധകരും മാനേജ്‌മെന്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.