കൊച്ചിയിൽ നടന്ന ഇന്ത്യൻ ഓൾസ്റ്റാർ-ബ്രസീൽ ലെജൻഡ്സ് മത്സരത്തിൽ റൊണാൾഡീന്യോയുടെ മുന്നേറ്റം
റൊണാൾഡീന്യോയും ഫെർണാണ്ടീന്യോയും മിന്നി; ഇന്ത്യൻ ഓൾ സ്റ്റാർസിനെ തോൽപിച്ച് ബ്രസീൽ ലെജൻഡ്സ്
കൊച്ചി: പിടിച്ചുനിൽക്കാൻ ഇന്ത്യൻ ടീം പരമാവധി നോക്കി, എന്നാൽ മുൻ ലോക ചാമ്പ്യന്മാരായ ബ്രസീലിനു മുന്നിൽ അതത്ര എളുപ്പമായിരുന്നില്ല. മൂന്നിനു പകരം നാലായി തിരിച്ചടിച്ച്, എതിരാളികൾ കലൂർ സ്റ്റേഡിയത്തിലെ പച്ചപ്പുൽ മൈതാനത്ത് സ്വന്തം സാംബാ നൃത്തമാടി. ഇതിഹാസം റൊണാൾഡീന്യോയുടെ പെനാൽറ്റി ഗോളും ഡിഫൻസിവ് മിഡ്ഫീൽഡറായി ഒരുകാലത്ത് കാൽനിറഞ്ഞ ഫെർണാണ്ടീന്യോയുടെ ഹാട്രിക്കും ബ്രസീലിനെ വിജയത്തിലേക്ക് നയിച്ചു. മലയാളികളുടെ അഭിമാനം സി.കെ. വിനീതിന്റെ ഇരട്ട ഗോൾ ഇന്ത്യക്ക് ആവേശമായി.
പതിഞ്ഞ താളത്തിലാണ് കളി തുടങ്ങിയതെങ്കിലും 14ാം മിനിറ്റിൽ എതിരാളികളുടെ നെഞ്ചുതുളച്ച് വിനീതിന്റെ ഗംഭീരമായൊരു ഗോൾ. ലോക ഫുട്ബാളിലെ ഒരുകാലത്തെ കിരീടം വെച്ച രാജാക്കന്മാർക്ക് അന്നേരം നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. സ്വന്തം തട്ടകത്തിൽ കളിതുടങ്ങി മിനിറ്റികൾക്കകംതന്നെ തൊടുത്തുവിട്ട ‘നമ്മ പയ്യൻ’ വിനീതിന്റെ ഗോൾ ഗാലറിയെ ഒന്നാകെ ആവേശത്തിലാഴ്ത്തി. എന്നാൽ, ഇന്ത്യൻ ആരാധകരുടെ ആവേശത്തിന് റൊണാൾഡീന്യോ പെനാൽറ്റിയിലൂടെ നൽകിയ തിരിച്ചടി ഗോളു വരെയെ ആയുസ്സുണ്ടായിരുന്നുള്ളൂ. എതിരാളികൾ ഒന്നിൽ തുടങ്ങി ഗോളടി മൂന്നിലാണ് കൊണ്ടു നിർത്തിയത്. അതും അഞ്ചു മിനിറ്റിൽ മൂന്ന് ഗോളുകൾ. തുടർച്ചയായി ഇന്ത്യൻ വല കുലുക്കിയപ്പോൾ ഗാലറിയിലെ ബ്രസീൽ ആരാധകരുടെ ആവേശവും ഉച്ചസ്ഥായിയിലായി.
21ാം മിനിറ്റിലാണ് പെനാൽറ്റി ഗോളിലൂടെ റൊണാൾഡീന്യോ തിരിച്ചടിച്ചത്. പിന്നാലെ 24, 28 മിനിറ്റുകളിൽ ഫെർണാണ്ടീന്യോയും ഇന്ത്യൻ വലകുലുക്കി.
ഇടവേള കഴിഞ്ഞ് രണ്ടാം മിനിറ്റിൽ (32) വീണ്ടും ഫെർണാണ്ടീന്യോയുടെ ഗോൾ വീണ്ടുമെത്തി. ഇതോടെ ബ്രസീൽ ആരാധകർക്ക് ആഘോഷരാവായി. എന്നാൽ, വിട്ടുകൊടുക്കാതിരിക്കാൻ അവസാന ശ്വാസം വരെ ഇന്ത്യ പൊരുതി. 54ാം മിനിറ്റിൽ വീണ്ടും വിനീതിന്റെ മാജിക് ഗോൾ. 60ാം മിനിറ്റിൽ ഫൈനൽ വിസിലിന് തൊട്ടുമുമ്പായി ഇന്ത്യയുടെ അഷിം ബിശ്വാസും എതിരാളികളുടെ വല കുലുക്കിയെങ്കിലും വിധി ആതിഥേയർക്കായി കാത്തുവെച്ചത് തോൽവിയായിരുന്നു. പൊരുതിത്തോറ്റ ഇന്ത്യക്കുവേണ്ടിയും ലോക ചാമ്പ്യന്മാർക്കുവേണ്ടിയും ഗാലറിയിൽ ഒരുപോലെ ആഘോഷാരവങ്ങൾ മുഴങ്ങിക്കേട്ട രാത്രിയാണ് കലൂരിൽ കടന്നുപോയത്. പ്രായം തളർത്താത്ത പോരാട്ടവീര്യവുമായാണ് ഇരുടീമിലെയും പഴയ പടക്കുതിരകൾ കളിക്കളത്തിൽ നിറഞ്ഞാടിയത്. ഗാലറിയിലും നീല, മഞ്ഞ നിറത്തിലുള്ള ജഴ്സികളണിഞ്ഞവർ ആവേശത്തിന്റെ കടൽ തീർത്തു. റൊണാൾഡീന്യോയുടെയും ഐ.എം. വിജയന്റെയും പേരുവിളിച്ചായിരുന്നു മുദ്രാവാക്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.