പരിക്ക് ഗുരുതരം, നെയ്മറിന് ശസ്ത്രക്രിയ വേണ്ടിവരും; ഇന്ത്യൻ ആരാധകരുടെ കാത്തിരിപ്പ് വിഫലം

സാവോപോളോ: അൽ ഹിലാലിന്റെ ബ്രസീൽ സൂപ്പർതാരം നെയ്മറിന്റെ പരിക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയക്ക് വിധേയനാകുമെന്നും ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ഇടത് കാൽമുട്ടിലെ എ.സി.എൽ ലിഗ്മെന്റിനും മെനിസ്കസിനും പൊട്ടലുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ചുരുങ്ങിയത് എട്ടുമാസമെങ്കിലും താരത്തിന് കളിയിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും.

അടുത്തവര്‍ഷത്തെ കോപ അമേരിക്കക്ക് മുമ്പ്  ഗ്രൗണ്ടില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ വാർത്തകുറിപ്പിൽ അറിയിച്ചു.

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഉറുഗ്വക്കെതിരായ മത്സരത്തിലാണ് നെയ്മറിന് പരിക്കേറ്റത്. ആദ്യപകുതിയുടെ അവസാന മിനിറ്റിൽ ഓടുന്നതിനിടെ കാലിടറിവീഴുകയായിരുന്നു. കാൽ നിലത്തുറപ്പിക്കാൻ പോലുമാകാത്ത താരത്തെ സ്ട്രെച്ചറിലാണ് ഗ്രൗണ്ടിന് പുറത്തെത്തിച്ചത്. മത്സരത്തിൽ രണ്ടുഗോളിന് ടീം ഉറുഗ്വയോട് തോൽക്കുകയും ചെയ്തു. 

അതേസമയം, നെയ്മറിന്റെ പരിക്ക് ഇന്ത്യൻ ആരാധകർക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്. എഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിലെ മുംബൈ സിറ്റി എഫ്‌സി-അല്‍ ഹിലാല്‍ മത്സരം അടുത്ത മാസം ആറിന് നവി മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. നെയ്മറിനെ നേരിൽ കാണാനുള്ള ആരാധകരുടെ കാത്തിരിപ്പാണ് ഇതോടെ വിഫലമായത്.

ലോക റെക്കോർഡ് തുകക്ക് രണ്ടുവർഷത്തെ കരാറിൽ സൗദി ക്ലബായ അൽഹിലാലിലെത്തിയ നെയ്മറിന് ഈ സീസൺ പൂർണമായും നഷ്ടപ്പെടും. 

Tags:    
News Summary - Neymar to undergo surgery after sustaining ACL injury with Brazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.