നെയ്മറിനെ വിടാതെ പിന്തുടർന്ന് വിവാദം; നിശാക്ലബിൽ താരത്തിന്‍റെ കൈയാങ്കളി; ഇടപെട്ട് സുരക്ഷ ജീവനക്കാർ

റിയോ ഡി ജനീറോ: ബ്രസീൽ സൂപ്പർതാരം നെയ്മറിന്‍റെ ജീവിതത്തിൽ വിവാദങ്ങൾ പുതുമയുള്ള കാര്യമല്ല. ആഡംബര ഭവനത്തിൽ നിയമം ലംഘിച്ച് കൃത്രിമ തടാകം നിർമിച്ച താരത്തിന് വൻതുക പിഴ ചുമത്തിയത് കഴിഞ്ഞദിവസമാണ്.

മംഗറാരാത്തിബ ടൗൺ കൗൺസിലാണ് 3.3 ദശലക്ഷം ഡോളർ (ഏകദേശം 27 കോടി രൂപ) പിഴയിട്ടത്. റിയോ ഡി ജനീറോയിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള വീട്ടിലാണ് തടാകം ഒരുക്കിയത്. പാരിസ്ഥിതിക നിയമം ലംഘിച്ച് നിർമാണ പ്രവൃത്തികൾ നടത്തൽ, അനുമതിയില്ലാതെ നദിയിലെ വെള്ളം വഴിതിരിച്ചുവിടൽ, അനുമതി കൂടാതെ മണ്ണ് നീക്കൽ, സസ്യങ്ങൾ നശിപ്പിക്കൽ തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്.

ഇതിനിടെയാണ് നിശാക്ലബിൽ താരം കൈയാങ്കളിയിൽ ഏർപ്പെട്ട പുതിയ വിവരം പുറത്തുവരുന്നത്. റിയോ ഡി ജനീറോയിലെ ഒരു നിശാക്ലബിൽ സംഗീത പരിപാടിക്കിടെ താരവും മറ്റൊരാളും തമ്മിൽ ഉന്തും തള്ളും ഉണ്ടായതായും ഒടുവിൽ സുരക്ഷ ജീവനക്കാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതെന്നും ഒരു സ്പാനിഷ് പത്രം റിപ്പോർട്ട് ചെയ്തു. മോഡലും സോഷ്യൽ മിഡിയ ഇൻഫ്ലുവൻസറുമായ കാമുകി ബ്രൂണ ബിയാൻകാർഡിയക്കൊപ്പമാണ് താരം നൈറ്റ് ക്ലബിലെത്തിയത്.

നെയ്മറും ഈ സമയം ക്ലബിലുണ്ടായിരുന്ന മറ്റൊരാളും തമ്മിൽ തർക്കത്തിലേർപ്പെടുകയും പിന്നാലെ കൈയാങ്കളിൽ എത്തിയതായും റിപ്പോർട്ട് പറയുന്നു. എന്നാൽ, തർക്കത്തിനു പിന്നിലെ കാരണം വ്യക്തമല്ല. പ്രണയിച്ച് വഞ്ചിച്ചെന്ന പരാതികൾക്കു പിന്നാലെ ബ്രൂണ ബിയാൻകാർഡിയോട് ഇൻസ്റ്റഗ്രാമിലൂടെ താരം ക്ഷമാപണം നടത്തിയത് അടുത്തിടെയാണ്. തനിക്ക് തെറ്റുപറ്റിയെന്നും നീയില്ലാത്തൊരു ജീവിതം ആലോചിക്കാനാകുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

ബ്രൂണക്കൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത് കുറിപ്പിലാണ് താരം മാപ്പപേക്ഷ നടത്തിയത്. 2020 കോവിഡ് കാലത്താണ് ബ്രൂണ ബിയാൻകാർഡിയും നെയ്മറും തമ്മിൽ പ്രണയത്തിലാകുന്നത്. 2022ലാണ് ബന്ധം പുറത്തറിയുന്നത്. അതേ വർഷം തന്നെ ഇരുവരും പിരിഞ്ഞു. പിന്നാലെ കഴിഞ്ഞ ജനുവരിയിൽ പ്രശ്‌നങ്ങൾ പറഞ്ഞുപരിഹരിച്ചിരുന്നു. പരിക്കിനെ തുടർന്ന് ഏറെ നാളായി പുറത്തിരിക്കുന്ന നെയ്മർ ഉടൻ കളത്തിലേക്ക് മടങ്ങിയെത്തും.

അതേസമയം, താരത്തിന്‍റെ പി.എസ്.ജിയിലെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഫ്രഞ്ച് ക്ലബിൽനിന്ന് താരം പോകുമെന്ന് ഏറെ നാളായി അഭ്യൂഹമുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറുമെന്നാണ് സൂചന.

Tags:    
News Summary - Neymar involved in another scandal: Brazilian has fight inside night club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT